പ്രായാതിവേഗം ആരോഗ്യത്തെ കീഴ്പ്പെടുത്തുന്ന ഒരു മഹാമാരിയാണ് പ്രമേഹം. ജീവിതശൈലീരോഗമായ പ്രമേഹത്തിന്റെ മാരകശേഷിക്ക് ആയുധബലം പകർന്നു നൽകുന്ന ‘മച്ചുന’നാണു കൊളസ്ട്രോൾ എന്നു പറയാം. 75 ശതമാനത്തോളം പ്രമേഹരോഗികളും മരണപ്പെടുന്നതു കൊളസ്ട്രോൾ രക്തക്കുഴലിൽ അടിഞ്ഞുകൂടിയുണ്ടാവുന്ന ഹൃദ്രോഗം, പക്ഷാഘാതം, ഗാംഗ്രീൻ മുതലായവ മൂലമാണ്. പ്രമേഹരോഗിക്ക് ഇവയുണ്ടാവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെക്കാൾ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ്. ഇതിൽനിന്നുതന്നെ പ്രമേഹരോഗികൾ കൊളസ്ട്രോളിനും ചികിത്സ എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുമല്ലോ. പ്രമേഹവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള ചില സാധാരണ സംശയങ്ങളും ഉത്തരവുമാണ് ഈ ഫീച്ചർ.

പ്രമേഹവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധമെന്ത്?

ശരീരത്തിലെ ഇൻസുലിൻ കൂടിയാൽ രക്തത്തിലെ കൊളസ്ട്രോൾ കണികകളെ ദോഷകരമായി ബാധിക്കും. നല്ല (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കും. ചീത്ത (എച്ച്ഡിഎൽ) കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും നിരക്ക് ഉയർത്തുകയും ചെയ്യും. കൂടാതെ പ്രമേഹത്തിൽ അധികമുണ്ടാവുന്ന ഗ്ലൂക്കോസ് എൽഡിഎൽ കൊളസ്ട്രോളുമായി ചേർന്ന് (ഗ്ലൈകോസിലേറ്റ് ) കരളിൽ അതു നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് തടസ്സമാവുന്നു.

എന്താണ് ഡയബറ്റിക് ഡിസ്ലിപിഡെമിയ?

പ്രമേഹരോഗികളിലെ നല്ല കൊളസ്ട്രോൾ കുറവും ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കൂടുതലും ആയിരിക്കുമെന്നു പറഞ്ഞല്ലോ? അതായത് പ്രമേഹമുള്ളവരിലെ ലിപിഡ് പ്രൊഫൈൽ തെറ്റായ ദിശയിലാണ് പോകുന്നത്. ഈ പ്രതിഭാസത്തെയാണ് ഡയബറ്റിക് ഡിസ്ലിപിഡെമിയ എന്നു പറയുന്നത്. അകാലത്തിൽ ഹൃദയധമനീരോഗം വരുന്നവരിലും ഈ ലിപിഡ് ക്രമക്കേട് സംഭവിച്ചിട്ടുള്ളതായി കാണാം.

പഠനങ്ങൾ പറയുന്നതു ടൈപ്പ് 2 പ്രമേഹത്തിനു മുന്നോടിയായുള്ള ഇൻസുലിൻ പ്രതിരോധവും ഡയബറ്റിക് ഡിസ്ലിപിഡിമിയയും അതിരോസ്ക്ലീറോസിസും രക്തക്കുഴലുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ്.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ ഹൃദ്രോഗസാധ്യത കൂടുതലോ?

ആണെന്നു പറയേണ്ടിവരും. പ്രമേഹരോഗികളിൽ സാധാരണയായി കാണപ്പെടുന്ന ഓക്സിജൻ ഫ്രീ റാഡിക്കലുകൾ കൊളസ്ട്രോളിനെ ഓക്സീകരിച്ച് രക്തക്കുഴലിന്റെ ഭിത്തികളിൽ അടിഞ്ഞുകൂടാനുള്ള സാധ്യതയും തന്മൂലം ഹൃദ്രോഗസാധ്യതയും വർധിപ്പിക്കുന്നു. പ്രമേഹവും കൊളസ്ട്രോളിന്റെ ആധിക്യവും ഉള്ളവരിൽ രക്താതിസമ്മർദവും അമിത വണ്ണവും കൂടുതലായി കാണപ്പെടുന്നതു കൊണ്ടു വീണ്ടും ഹൃദ്രോഗസാധ്യത പല മടങ്ങായി വർധിക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ പ്രമേഹസൂചനയാകാമെന്നു പറയുന്നതിൽ വാസ്തവമുണ്ടോ?

ഇതിൽ വാസ്തവമുണ്ട്. ടൈപ്പ് 2 ഇൻസുലിൻ പ്രതിരോധമുള്ളവരിൽ പ്രമേഹം പൂർണമായി പ്രകടമാകുന്നതിനു മുമ്പു തന്നെ കൊളസ്ട്രോൾ നിരക്ക് ഉയർന്നു കാണാറുണ്ട്. അതിനാൽ എൽഡിഎൽ നിരക്ക് ഉയർന്നു തുടങ്ങുമ്പോഴേ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചു തുടങ്ങണം.

പ്രത്യേക വ്യായാമ—ഭക്ഷണക്രമീകരണം ഈ ഘട്ടത്തിൽ തുടങ്ങിയാൽ, ആസന്നമായേക്കാവുന്ന ഹൃദ്രോഗത്തെ പ്രതിരോധിക്കാം. പ്രത്യേകിച്ചും പാരമ്പര്യമായി ഹൃദ്രോഗസാധ്യത ഉള്ളവരിൽ.

പ്രമേഹനിയന്ത്രണം കൊളസ്ട്രോൾ കുറയ്ക്കുമോ?

ടൈപ്പ് 1 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നത് കൊളസ്ട്രോളിന്റെ അളവിൽ ഗണ്യമായ വ്യത്യാസം വരുത്തും. ടൈപ്പ് 1 പ്രമേഹക്കാരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചാൽ പ്രമേഹമില്ലാത്തവരുടേതിനു സമാനമായ സാധാരണ നിരക്കിലേക്കു കൊളസ്ട്രോൾ മാറും. ടൈപ്പ് 1 പ്രമേഹം കൃത്യമായി നിയന്ത്രിക്കാഞ്ഞാൽ രക്തത്തിലെ നല്ല കൊളസ്ട്രോൾ താഴും. ട്രൈഗ്ലിസറൈഡുകളുടെ നിരക്കു വർധിക്കും.

ടൈപ്പ് 2 പ്രമേഹക്കാരിലും പ്രമേഹനിയന്ത്രണം കൊണ്ട് എച്ച്ഡിഎൽ കൂടുകയും ട്രൈഗ്ലിസറൈഡ് നിരക്ക് കുറയുകയും ചെയ്യാൻ സാധ്യതയുണ്ട്. ഇവരുടെ രക്തധമനികളിലുണ്ടാകുന്ന പ്ലാക്കുകൾ കൊഴുപ്പു കൂടിയവയും നാരംശം കുറഞ്ഞവയുമായിരിക്കും. ഇത് ഹൃദയധമനീ രോഗങ്ങൾക്കും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നു. അതിനാൽ തന്നെ ഇത്തരക്കാരിലെ രോഗനിയന്ത്രണം പ്രധാനമാണ്.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ, രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാക്കിയ ശേഷം മാത്രം ട്രൈഗ്ലിസറൈഡ് കുറയ്ക്കാനുള്ള മരുന്നു തുടങ്ങുന്നതാണ് അഭികാമ്യം. എങ്കിലേ, യഥാർഥത്തിൽ എത്രമാത്രം കൊളസ്ട്രോൾ കുറയ്ക്കണമെന്നു തീർച്ചപ്പെടുത്താനാകൂ.

പ്രമേഹരോഗികൾ കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യേണ്ടത് എപ്പോഴൊക്കെ?

പ്രമേഹരോഗികൾ തുടക്കത്തിലും പിന്നീട് ആറു മാസത്തിലോ, വർഷത്തിൽ ഒരിക്കലെങ്കിലുമോ ഫാസ്റ്റിംഗ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. എട്ടു മുതൽ പത്തു മണിക്കൂർ ഭക്ഷണം കഴിക്കാതെ വേണം ചെയ്യാൻ. പക്ഷേ, പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവർ വർഷത്തിൽ ഒരിക്കൽ മാത്രം കൊളസ്ട്രോൾ നിരക്കു പരിശോധിച്ചാൽ പോരാ. ഇടയ്ക്കിടെ പരിശോധന ചെയ്യേണ്ടിവരും.

ടെസ്റ്റ് ചെയ്യുന്നതിനു മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം?

ടെസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുമ്പു വ്യായാമം ചെയ്യുന്നത് റിസൽട്ടിൽ മാറ്റങ്ങൾ വരുത്തും എന്നതുകൊണ്ടു ടെസ്റ്റ് ചെയ്യുന്ന ദിവസം രക്തം എടുത്തതിനു ശേഷം മാത്രം വ്യായാമം ചെയ്യുക. അതുപോലെതന്നെ ടെസ്റ്റിന്റെ തലേദിവസം അമിതഭക്ഷണവും കൊഴുപ്പു കൂടുതലടങ്ങിയ ഭക്ഷണപദാർഥങ്ങളും മദ്യപാനവും ഒഴിവാക്കണം.

സ്റ്റാറ്റിൻ മരുന്ന് ടൈപ്പ് 2 പ്രമേഹം കൂട്ടുമെന്ന് ഒരു പഠനം തെളിയിച്ചതായി വായിച്ചു. ഇതു ശരിയാണോ? അങ്ങനെയെങ്കിൽ പ്രമേഹരോഗികൾ ഈ മരുന്നു കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? സ്റ്റാറ്റിൻ മരുന്നു കഴിക്കുന്നവരിൽ നേരിയ തോതിലുള്ള പ്രമേഹസാധ്യത ഉള്ളതായി ഒന്നു രണ്ടു പഠനങ്ങളിൽ കണ്ടിരുന്നു. പക്ഷേ, സ്റ്റാറ്റിൻ മൂലമുള്ള ഗുണഫലങ്ങൾ ഇതിനെക്കാളൊക്കെ എത്രയധികമാണ്. പ്രമേഹരോഗികളിൽ ആസന്നമായേക്കാവുന്ന ഹൃദ്രോഗം, സ്ട്രോക്ക്, പെരിഫറൽ വാസ്കുലർ രോഗം എന്നിവയിൽ നിന്നെല്ലാമുള്ള സംരക്ഷണമാണ് സ്റ്റാറ്റിൻ വാഗ്ദാനം ചെയ്യുന്നത്. തന്നെയുമല്ല, ഇത്തരമൊരു നെഗറ്റീവായ കണ്ടെത്തൽ നടന്നിട്ടുള്ളത് ഒന്നോ രണ്ടോ പഠനങ്ങളിൽ മാത്രമാണ്. അമേരിക്കൻ ഡയബറ്റിക് അസോസിയേഷന്റെ ഇക്കാര്യത്തിലുള്ള നിർദേശം ഇപ്രകാരമാണ്. സ്റ്റാറ്റിന്റെ ഇത്തരമൊരു അയോഗ്യതയെ കണക്കിലെടുത്ത് മരുന്നു നിർത്തുന്നത് അഭികാമ്യമല്ല. മാത്രമല്ല, കഴിവതും പ്രമേഹരോഗികൾ തുടർച്ചയായി സ്റ്റാറ്റിൻ കഴിക്കണം.

പ്രമേഹരോഗികൾക്ക് ഭക്ഷണത്തിലൂടെ പരമാവധി ലഭിക്കാവുന്ന കൊളസ്ട്രോൾ അളവ് എത്രയാണ്?

പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവർക്ക് ദിവസം പരമാവധി 200 മി.ഗ്രാം കൊളസ്ട്രോൾ മതി. പ്രമേഹവും ഹൃദ്രോഗവും പോലെ ഒന്നിലധികം ആപത്ഘടകങ്ങൾ ഉള്ളവർ ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോൾ 200 മി.ഗ്രാമിലും താഴെയായി നിലനിർത്തുന്നതാണ് അഭികാമ്യം. ഇതിനായി ശരീരത്തിലെത്തുന്ന പൂരിത കൊഴുപ്പിന്റെ അളവു കുറയ്ക്കണം. മൃഗങ്ങളുടെ ശരീരാവയവ ഭാഗങ്ങളിലാണ് ഏറ്റവുമധികം കൊളസ്ട്രോൾ ഉള്ളത്. കഴിവതും അത്തരം മാംസം ഒഴിവാക്കണം. പാലും തൈരും കൊഴുപ്പു നീക്കി ഉപയോഗിക്കണം. മുട്ടയുടെ മഞ്ഞക്കരുവിൽ തന്നെ 213 മി.ഗ്രാം കൊളസ്ട്രോളുണ്ട്. അതിനാൽ വെള്ള കഴിക്കുന്നതാണ് സുരക്ഷിതം.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ ഗാംഗ്രീനും സ്ട്രോക്കിനും സാധ്യത കൂടുതലാണോ?

പ്രമേഹരോഗിക്ക് ഇവയുണ്ടാവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെക്കാൾ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ്. അപ്പോൾ, പ്രമേഹത്തോടൊപ്പം കൊളസ്ട്രോളുമുള്ളവരുടെ കാര്യം പറയണ്ടല്ലോ? കാലിലേക്കുള്ള രക്തക്കുഴലുകളുടെ ഉൾഭിത്തികളിലെ ആവരണത്തിൽ കൊഴുപ്പടിഞ്ഞ് രക്തയോട്ടം തടസ്സപ്പെട്ടുണ്ടാകുന്നതാണ് പെരിഫറൽ വാസ്കുലർ രോഗം. അതു വഷളായാൽ ഗാംഗ്രീൻ ആകും.

രക്തത്തിലെ പഞ്ചസാര ഉയർന്നു നിന്നാൽ അതു ശരീരഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കാം. ഇതോടൊപ്പം കൊളസ്ട്രോൾ ഉയരുകയും ചെയ്താൽ ഗാംഗ്രീനുള്ള സാധ്യത ഇരട്ടിയാകും. സ്ട്രോക്കിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ.

പ്രമേഹമുള്ളവരിലെ കൊളസ്ട്രോൾ നിരക്ക് എത്രയാകണം?

അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ നിർദേശമനുസരിച്ച്, പ്രമേഹത്തോടൊപ്പം ഹൃദയധമനീ രോഗവുമുള്ളവരിൽ എൽഡിഎൽ 70 മി.ഗ്രാമിൽ താഴെയാകണം. എൽഡിഎൽ ഇത്രയും കുറയ്ക്കുന്നത് ഹൃദയാഘാതസാധ്യത ഗണ്യമായി കുറയ്ക്കും. പക്ഷേ, ഇതിന് ഉയർന്ന ഡോസ് മരുന്നു വേണ്ടി വന്നേക്കാം. ട്രൈഗ്ലിസറൈഡ് നിരക്ക് 150—മി.ഗ്രാമും എച്ച്ഡിഎൽ നിരക്ക് 40—മി.ഗ്രാമും ആകണം. സ്ത്രീകളിൽ നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) 50 മി.ഗ്രാം വേണം.

മറ്റു ഹൃദയധമനീ രോഗങ്ങളൊന്നുമില്ലാത്ത പ്രമേഹരോഗികളിൽ എൽഡിഎൽ 100—മി.ഗ്രാമും എച്ച്ഡിഎൽ 50—മി.ഗ്രാമിനു മുകളിലും ആയിരിക്കണം. ട്രൈഗ്ലിസറൈഡ് നിരക്ക് 150—മി.ഗ്രാം ആയി നിലനിർത്താം. ഇവരിൽ, എച്ച് ബി എ1സി പരിശോധനയിൽ ഗ്ലൂക്കോസ് നിരക്ക് ഏഴു ശതമാനത്തിലും കുറവായിരിക്കണം.

പ്രമേഹരോഗിയിലെ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നു വേണോ? വ്യായാമവും ഭക്ഷണനിയന്ത്രണവും മാത്രം പോരേ?

പ്രമേഹരോഗിയിൽ നേരിയ തോതിലേ കൊളസ്ട്രോൾ ഉയർന്നിട്ടുള്ളൂ എങ്കിൽ പോലും അത് അങ്ങേയറ്റം അപകടകരമാകാം. അതിനാൽ ഡോക്ടർ മരുന്നു കഴിക്കാൻ നിർദേശിച്ചാൽ മടി വിചാരിക്കരുത്. കൊളസ്ട്രോളിനു മരുന്നു നിർദേശിക്കുന്നത് രോഗിയിലെ ആപത്ഘടകങ്ങളെ കൂടി കണക്കിലെടുത്താണ്. 40 വയസ്സു കഴിഞ്ഞ പ്രമേഹരോഗിയിൽ അമിതവണ്ണം പോലെയുള്ള ആപത്ഘടകങ്ങൾ ഒന്നിലധികമുണ്ടെങ്കിൽ എൽഡിഎൽ കൊളസ്ട്രോൾ അളവ് 70ൽ താഴെ നിലനിർത്തണം. ഈ അളവിലെത്തണമെങ്കിൽ വ്യായാമവും ഭക്ഷണനിയന്ത്രണവും മാത്രം പോരാ. ഉയർന്ന ഡോസിലുള്ള സ്റ്റാറ്റിൻ മരുന്നും കഴിക്കേണ്ടി വരാം.

LEAVE A REPLY

Please enter your comment!
Please enter your name here