യാങ്കൂണ്‍: നാലുദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്‍മറില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍ക്ക് ഇന്ന് തുടക്കം. തലസ്ഥാനമായ നയ്പയ്തായിലെത്തി മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സലര്‍ ഓങ് സാന്‍ സൂ ചിയുമായും സൈനിക മേധാവിയുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. മ്യാന്‍മറില്‍ രോഹിന്‍ഗ്യ മുസ്്‌ലീങ്ങളുടെ പ്രശ്‌നം മാര്‍പാപ്പ ഉന്നയിക്കുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്.

തിങ്കളാഴ്ച യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ ഭരണകൂടവും സഭാപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ചൊവ്വാഴ്ച തലസ്ഥാനമായ നയ്പയ്തായിലെത്തി മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സലര്‍ ഓങ് സാന്‍ സൂ ചിയുമായും സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തും. യാങ്കൂണില്‍ മാര്‍പാപ്പയെ സ്വീകരിക്കാന്‍ പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ഒട്ടേറെപ്പേരാണ് എത്തിയത്. കൊടികള്‍ വീശിയും നൃത്തം ചെയ്തും അവര്‍ ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

രോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തില്‍ ലോകത്തിനുമുന്നില്‍ പ്രതിരോധത്തിലായ മ്യാന്‍മറിനും അഭയാര്‍ഥികളുടെ ഭാരം പേറുന്ന ബംഗ്ലദേശിനും മാര്‍പാപ്പയുടെ സന്ദര്‍ശനം ഏറെ പ്രധാന്യമുള്ളതാണ്. രോഹിന്‍ഗ്യകളുടെ വിഷയം ലോകത്തിനുമുന്നില്‍ ചര്‍ച്ച ചെയ്യാന്‍ മ്യാന്‍മറിലെ ഭരണകൂടവും സൈന്യവും വിമുഖത കാട്ടുമ്പോള്‍ മാര്‍പാപ്പയുടെ നയതന്ത്രം എന്താകുമെന്ന് ലോകത്തിനാകെ ഉത്കണ്ഠയുണ്ട്. അതേസമയം, രോഹിന്‍ഗ്യന്‍ എന്ന വാക്ക് മ്യാന്‍മറില്‍ ഒഴിവാക്കണമെന്നാണു സഭാ പ്രതിനിധികള്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

രോഹിന്‍ഗ്യന്‍ വിഷയം മാര്‍പാപ്പ ഉന്നയിച്ചാല്‍ രാജ്യത്തെ ജനസംഖ്യയില്‍ ഒരു ശതമാനമുള്ള ക്രൈസ്തവരെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്. വിശ്വാസി സമൂഹത്തിന്റെ സുരക്ഷ അവഗണിച്ചു മാര്‍പാപ്പ വിഷയം ഉന്നയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പൗരപ്രമുഖരുമായും നയന്ത്രജ്ഞരുമായും യാങ്കൂണില്‍ മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും മ്യാന്‍മറില്‍ വച്ച് രോഹിന്‍ഗ്യകളെ കാണുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here