ഇടുക്കി: കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ഇടുക്കിയിലെ സിപിഎം സിപിഐ നേതൃത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുറന്ന പോരിലേക്ക് നീങ്ങുന്നു. പരസ്യമായി അധിക്ഷേപിക്കുന്ന സിപിഎമ്മുമായി സഹകരിച്ച് പോകാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഒന്നിച്ചു പോകാന്‍ താത്പര്യമില്ലെങ്കില്‍ സിപിഐ നേരിട്ടു പറയണമെന്നും സി.പി.ഐയ്ക്കതിരായ ആരോപണത്തില്‍ താന്‍ മാപ്പ് പറയില്ലെന്നും മന്ത്രി എം.എം.മണി തിരിച്ചടിച്ചു.

ജോയ്‌സ് ജോര്‍ജ് എം പി യുടെ പട്ടയം റദ്ദാക്കിയതിന്റെ പേരിലാണ് ഇടുക്കിയില്‍ സിപിഎമ്മും സിപിഐയും കൊമ്പുകോര്‍ത്തത്. റവന്യൂ വകുപ്പിന്റെ നടപടി കോണ്‍ഗ്രസുമായുള്ള ധാരണയുടെ ഭാഗമാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞത് വാക്‌പോരിന്റെ മൂര്‍ച്ചകൂട്ടി. പട്ടയം റദ്ദാക്കിയതിന് സിപിഐ നേതാക്കള്‍ക്ക് പ്രതിഫലം കിട്ടിയെന്ന മന്ത്രിയുടെ വാക്കുകള്‍ മുന്നണി വിടാനുള്ള ചിന്തയില്‍ സിപിഐയെ എത്തിച്ചു.

സി പി ഐ യുടെ ഭീഷണിക്ക് അതേ നാണയത്തില്‍ തന്നെ എം.എം.മണി മറുപടി നല്‍കി. നേതാക്കള്‍ തമ്മിലുള്ള പോര് അണികളും ഏറ്റെടുത്തതോടെ ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷമായി. മന്ത്രി എം.എം.മണിക്കെതിരെ ഉടുമ്പന്‍ചോലയില്‍ സി പി ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പോര് തെരുവിലേക്ക് നീളുന്നത് തടയാന്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ വിഷയത്തില്‍ ഇടപ്പെട്ടു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here