ന്യൂഡല്‍ഹി: സുപ്രിം കോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയ. സേലത്ത് വെച്ച് ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ കാണാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹാദിയ ഡല്‍ഹി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കോടതി വിധിക്കു ശേഷം ആദ്യമായാണ് ഹാദിയ പ്രതികരിക്കുന്നത്. തനിക്കിഷ്ടമുള്ളത് ചെയ്യാനും ഇഷ്ടമുള്ളിടത്ത് പോവാനും സ്വാതന്ത്ര്യമുണ്ടെന്നാണ് കോടതി വിധിയെന്ന് വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു.

വീട്ടുതടങ്കലില്‍ നിന്നു സുപ്രിംകോടതി സ്വതന്ത്രയാക്കിയ ഡോ. ഹാദിയ തുടര്‍പഠനത്തിനായി സേലത്തേക്കു മടങ്ങി. രണ്ടുദിവസമായി കേരളാഹൗസില്‍ കഴിഞ്ഞിരുന്ന ഹാദിയ ഇന്നു രാവിലെ 11.15ഓടെ ന്യൂഡല്‍ഹി രാജ്യാന്തരവിമാത്താവളത്തിലേക്കു തിരിച്ചത്. ഇന്നും കനത്ത സുരക്ഷയിലാണ് ഹാദിയയെ ബുള്ളറ്റ്പ്രൂഫ് കാറില്‍ വിമാനത്താവളത്തിലേക്കു കൊണ്ടുപോയത്.

മാധ്യമങ്ങളില്‍ നിന്നു മാറ്റിനിര്‍ത്താനായി കേരളാഹൗസിലെ പിന്‍വാതിലിലൂടെയാണ് ഹാദിയയെ കാറില്‍ കയറ്റിയത്. ഉച്ചയ്ക്ക് 1.30ന് കോയമ്പത്തൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാവും ഹാദിയ സേലത്തേക്കു മടങ്ങുക.

ഉച്ചകഴിഞ്ഞ് ഹാദിയയുടെ അച്ഛനും അമ്മയും കേരളത്തിലേക്കു മടങ്ങും. ഹാദിയയോട് സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ തുടര്‍പഠനം നടത്താനും തമിഴ്‌നാട് സര്‍ക്കാരിനോട് അതിനാവശ്യമായ സുരക്ഷനല്‍കാനും ഇന്നലെ സുപ്രിംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here