KOZHIKODE 7th May 2016 MP Veerendrakumar MP - Janata Dal United ( JDU ) Kerala state president / Photo:T Prasanth Kumar , CLT #

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ജനതാദള്‍ യു സംസ്ഥാനഘടകത്തില്‍ കടുത്ത ഭിന്നത. അടുത്ത മാസം 17ന് കോഴിക്കോട് ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ ഇടത്്അനുകൂല വിഭാഗവും മറുവിഭാഗവും ബലപരീക്ഷണത്തിനൊരുങ്ങുകയാണ്. പാര്‍ട്ടി രണ്ടാവുന്ന രാഷ്ട്രീയസാഹചര്യം ഒഴിവാക്കാന്‍ അണിയറയില്‍ ശ്രമങ്ങളും നടക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി കോഴിക്കോട് നടത്തിയ ചര്‍ച്ചയിലാണ് വീരേന്ദ്രകുമാറിന് സിപിഎം കൃത്യമായ ഉറപ്പുകള്‍ നല്‍കിയത്. അതിവയാണ്. ഒന്ന്. രാജ്യസഭാ സീറ്റ്. അത് വീരേന്ദ്രകുമാറിനോ മകന്‍ ശ്രേയാംസ്‌കുമാറിനോ നല്‍കാം. രണ്ട്. ഏതെങ്കിലും നിയമസഭാ സീറ്റ്. എന്നാല്‍ കല്‍പ്പറ്റ വേണമെന്ന ആവശ്യം അംഗീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടില്ല. പകരം സിപിഎം തിരിച്ചാവശ്യപ്പെട്ടത് ഒറ്റക്കാര്യം. ജെഡിഎസില്‍ ലയിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.പി. മോഹനനും സംസ്ഥാന സെക്രട്ടറി കിഷന്‍ ചന്ദും ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജുമടക്കമുള്ള നേതാക്കള്‍ യുഡിഎഫില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അണികള്‍ എല്‍ഡിഎഫിലേയ്ക്ക് പോകുന്നതിനോട് പൂര്‍ണമായി യോജിച്ചാല്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കും.

എല്‍ഡിഎഫിലേയ്ക്ക് പോകുന്നതിനോട് പൂര്‍ണമായി യോജിക്കുന്ന സംസ്ഥാന ഉപാധ്യക്ഷന് ചാരുപാറ രവിക്കും ഷെയ്ഖ് പി. ഹാരിസിനും ജെഡിഎസില്‍ ലയിക്കാന്‍ താല്‍പ്പര്യമില്ല. ലയനം നടന്നാല്‍ അപ്രസക്തരായി പോകുമോ എന്നാണ് ഇവരുടെ ആശങ്ക. ശ്രേയാംസ്‌കുമാറിനെ നേതൃത്വത്തിലേയ്ക്ക് ഉയര്‍ത്താനുള്ള ശ്രമവും നേതാക്കളെ ചൊടിപ്പിച്ചു. ഇനിയങ്ങോട്ടുള്ള ഓരോ നീക്കവും വീരേന്ദ്രകുമാറിന് കടുത്ത തലവേദനയാകും. പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂര്‍ ഘടകത്തെ ഒപ്പം നിര്‍ത്തുകയെന്നതും ചേരിമാറ്റത്തെക്കുറിച്ച് അണികളെ ബോധ്യപ്പെടുത്തുകയെന്നതുമാകും വലിയ വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here