ജിദ്ദ: നടിയെ ആക്രമിച്ചകേസില്‍ പ്രതിയാക്കപ്പെട്ടശേഷം ആദ്യമായി ദുബൈയിലെത്തിയ നടന്‍ ദിലീപിനെ ആരാധകര്‍ കയ്യടികളോടെ സ്വീകരിച്ചപ്പോള്‍, ഒരു വിഭാഗം ആളുകള്‍ ബഹളം വച്ചു. ദിലീപിന്റെ പങ്കാളിത്തത്തോടെ കരാമയില്‍ ആരംഭിച്ച ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബായിലെത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴിനായിരുന്നു ഉദ്ഘാടനം. ഇതിനായി അമ്മ സരോജത്തോടൊപ്പമാണ് ദിലീപ് ചൊവ്വാഴ്ച ദുബായിലെത്തിയത്.

വൈകിട്ട് ഏഴിനായിരുന്നു ഉദ്ഘാടനം. ദിലീപിന്റെയും നടനും സംവിധായകനുമായ നാദിര്‍ഷ എന്നിവരടുതേടക്കം അഞ്ച് പാര്‍ട്ണര്‍മാരുടെ അമ്മമാരാണ് രാവിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. വൈകിട്ട് ദിലീപ് നാടമുറിച്ചും ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിനായി ദിലീപ് എത്തുമെന്നറിഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ കരാമയിലെ റസ്റ്ററന്റിനടുത്ത് ജനക്കൂട്ടമെത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും വിവാദ നടനെ ഒരു നോക്ക് കാണാനെത്തിയവരായിരുന്നു. ദിലീപ് വന്നെത്തിയതോടെ ആളുകള്‍ താളമേളങ്ങളോടെ ആര്‍പ്പുവിളി തുടങ്ങി.

ഇതിനൊപ്പം കുറേ പേര്‍ കൂക്കുവിളിക്കാനും തുടങ്ങി. സ്ഥലത്ത് പൊലീസിന്റെ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു. ആരാധകരെ കാണാന്‍ വേണ്ടി പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും തീരുമാനം മാറ്റി റസ്റ്ററന്റിന്റെ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ ചെന്ന് താഴേയ്ക്ക് കൈവീശി. ഇതോടെ ആര്‍പ്പുവിളിയും കൂക്കുവിളിയും ശക്തമായി.

85 ദിവസം ജയിലില്‍ കിടന്ന ശേഷമായിരുന്നു ദിലീപ് പുറത്തിറങ്ങിയത്. പിന്നീട് ഹൈക്കോടതി അനുമതി പ്രകാരം ദുബായിലെത്തുകയായിരുന്നു. നേരത്തെ, ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും കൂടെയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും മകള്‍ക്ക് പരീക്ഷയായതിനാല്‍ ഒഴിവാക്കുകയായിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ദിലിപിനെ സുഹൃത്തുക്കള്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു. വെള്ളിയാഴ്ച ദിലീപ് തിരിച്ചുപോകുമെന്നാണ് അറിയുന്നത്.

ഇതിനിടെ, ദിലീപിന് പിന്നാലെ കേരളാ പൊലീസും ദുബായില്‍ എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നടന്‍ സാക്ഷികളെയും മറ്റും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിനാല്‍, ദിലീപിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടിയാണ് പൊലീസെത്തിയതെന്നാണ് വിവരം. വിവാദമായ കേസിലെ പ്രതിയായ ദിലീപിന്റെ വരവ് ദുബായ് പൊലീസും അറിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here