Home / പുതിയ വാർത്തകൾ / ഓഖി: 2400 മത്സ്യത്തൊഴിലാളികള്‍ കടലില്‍, 150 പേരെ രക്ഷപ്പെടുത്തി

ഓഖി: 2400 മത്സ്യത്തൊഴിലാളികള്‍ കടലില്‍, 150 പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റും കനത്ത മഴയും കടല്‍ക്ഷോഭവും കാരണം കടലില്‍പ്പെട്ടത് 2400 ലേറെ മത്സ്യത്തൊഴിലാളികള്‍. രണ്ടു ദിവസം മുമ്പ് കടലില്‍ പോയ 150 പേരെയാണ് ഇതിനകം രക്ഷപ്പെടുത്തിയത്. 250 ലേറെ ബോട്ടുകള്‍ കടലില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ കാണാതായത്. രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്നാരോപിച്ച് ഇവിടെ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിക്കുകയാണ്. തിരുവല്ല ഭാഗത്തേക്കുള്ള ദേശീയപാത സ്തംഭിച്ച അവസ്ഥയിലാണ്.അധികൃതര്‍ വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്നും കലക്ടര്‍ പോലും എത്തിയില്ലെന്നും പറഞ്ഞ് രാവിലെ മുതല്‍ പൂന്തുറക്കാര്‍ പ്രതിഷേധത്തിലാണ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് സ്ഥലത്ത് നേരിട്ടെത്തിയത്.അതേസമയം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കാന്‍ ദൗത്യ സംഘത്തിനൊപ്പം കപ്പലില്‍ കടലിലേക്ക് തിരിച്ചിട്ടുണ്ട്.
ഹെലികോപ്റ്റര്‍ വഴിയാണ് കടലില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ എത്തിക്കുന്നത്. തുടര്‍ന്ന് സജ്ജമാക്കി നിര്‍ത്തിയ ആംബുലന്‍സുകളില്‍ ആശുപത്രിയിലെത്തിക്കുന്നു. രാവിലെ മുതല്‍ മൂന്ന് ഹെലികോപ്റ്ററുകൡലായി നൂറിലധികം പേരെ ഇങ്ങനെ എത്തിച്ചു.കേരളാ കപ്പല്‍പാതയിലൂടെ പോവുകയായിരുന്നു ജപ്പാനീസ് ചരക്കുകപ്പലില്‍ 60 മത്സ്യത്തൊഴിലാളികളെ കൊണ്ടുവരുന്നുണ്ട്. പുറം കടലില്‍ തകര്‍ന്നുകിടക്കുന്ന ബോട്ടിലുള്ളവരെയാണ് ജപ്പാനീസ് കപ്പലില്‍ രക്ഷപ്പെടുത്തി കൊണ്ടുവരുന്നത്. ഇവരെ വിഴിഞ്ഞം തുറമുഖത്തെത്തിക്കും.

കടലാക്രമണ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ തീരങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനകം 281 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 18 ക്യാംപുകളിലേക്കാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്.


എയര്‍ഫോഴ്‌സിന്റെ രണ്ടു വിമാനം, നേവിയുടെ രണ്ടു ഹോലികോപ്റ്റര്‍, കോയമ്പത്തൂരില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടു ഹോലികോപ്റ്റര്‍ എന്നീ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. പക്ഷെ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകള്‍ക്ക് പറക്കാനാവുന്നില്ല. ഏഴു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇതേ നില ഇനിയും തുടരുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. കടല്‍ത്തീരങ്ങളിലും ആശുപത്രികളിലും ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശവും പുറപ്പെടുവിച്ചു.

കേരളാ തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് ഭാഗത്തേക്ക് അടുത്തു. ദ്വീപ് തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായതോടെ, കല്‍പേനി, മിനിക്കോയ് തീരങ്ങളില്‍ നിന്ന് 160 പേരെ മാറ്റിപാര്‍പ്പിച്ചു. കവരത്തിയില്‍ അഞ്ചു ബോട്ടുകള്‍ മുങ്ങി. ഇവിടെ ഹെലിപാഡില്‍ വെള്ളം കയറിയത് രക്ഷാപ്രവര്‍ത്തനത്തിന് ആശങ്കയുണ്ടാക്കുന്നു. ബോട്ടുകള്‍ കാണാതായതായി വിവരമില്ല.തിരുവനന്തപുരത്ത് നിന്ന് 250 കിലോ മീറ്റര്‍ മാറിയാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ പോക്ക്. മിനിക്കോയ് ദ്വീപിന്റെ 100 കിലോ മീറ്റര്‍ അടുത്തെത്തി. ദ്വീപ് ഭാഗത്തേക്കു തന്നെയാണ് ചുഴലിക്കാറ്റിന്റെ ദിശ. 70 കിലോ മീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നത്.

Check Also

ഫോമാ – ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റി കൂട്ടുകെട്ടിൽ ഇനി ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കും ഇളവുകൾ.

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ എഴുപതോളം അംഗ സംഘടനകളുള്ള ഫോമായിലൂടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഇനി നോർത്ത് …

Leave a Reply

Your email address will not be published. Required fields are marked *