ഈയുള്ളോന്‍:
ശ്വസിച്ച വാതകമത്രയും
കരുതിവച്ചിരുന്നേല്‍
അതൊരു തീക്കാറ്റാകുമായിരുന്നു.
ഉച്ചരിച്ച വാക്കുകളത്രയും
ചേര്‍ത്തുവച്ചിരുന്നേല്‍
ഇടിവെട്ടാകുമായിരുന്നു.
താണ്ടിയ പദനിസ്വനം
ഒന്നായാലതു
രണഭേരിയാകുമായിരുന്നു.
പൊഴിച്ച മിഴിനീരത്രയും
ഒരുമിച്ചൊഴുക്കിയാലതു
പേമാരിയാകുമായിരുന്നു.

ഭുജിച്ചതൊക്കെയും
കൂട്ടി വച്ചലൊരു
സഹ്യപര്‍വതമാകുമായിരുന്നു.
കുടിച്ച ദ്രാവകങ്ങളാകെ
ചൊരിഞ്ഞാലതു
പെരിയാറാകുമായിരുന്നു.
നിത്യമൊരു
കടമാം കഥയായ്;
കടങ്കഥയായ്
ജീവിത പ്രയാണ നെറുകയില്‍
നിറകൊള്ളുമ്പോളമ്മേ,
വിശ്വമഹാദേവീ,
നന്ദിയെന്നല്ലാതെന്തു
നിനപ്പാനമ്മേ?
സര്‍വം സഹേ,
ഈ കടമെങ്ങനെ
തീര്‍ക്കുവനാകുമമ്മേ?
ഈ കടം ഞാന്‍ കൊണ്ടിരുന്നില്ലേല്‍
വിശ്വം വിശ്വമാകയില്ലായിരുന്നെന്ന്
നിനക്കറിയുമല്ലോ അമ്മേ!
എങ്കിലും,
ഈ കടമെങ്ങനെ തീര്‍ക്കുവനാകുമമ്മേ?

LEAVE A REPLY

Please enter your comment!
Please enter your name here