വാഷിംഗ്ടണ്‍:അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ഷെറിന്റെ കൈകാലുകളിലെ അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടര്‍ കോടതിയെ അറിയിച്ചു. ശിശുരോഗ വിദഗ്ധ ഡോ. സൂസന്‍ ദകിലാണ് കോടതിയില്‍ മൊഴി നല്‍കിയത്. അതേ സമയം കുഞ്ഞ് ഉപദ്രവിക്കപ്പെടുന്നതായി ഷെറിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസില്‍ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ നിരവധി എക്‌സറെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുള്ളത്. സംഭവത്തില്‍ വിശദമായ പരിശോധന നടന്നുവരികയാണ്. ഷെറിന്‍ മാത്യൂസിന്റെ തുടയെല്ല്, കാല്‍മുട്ട് എന്നിവയ്ക്ക് പൊട്ടലുകളുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവകൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുന്‍പ് പരുക്കേറ്റതിന്റെ പാടുകളുമുണ്ടായിരുന്നുവെന്നും ഡോകടര്‍ പറയുന്നു. ഷെറിനെ ഇന്ത്യയില്‍നിന്നു ദത്തെടുത്തതിനു ശേഷം പല തവണയായാണു മുറിവുകളും പൊട്ടലുകളും ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ ഏഴിനാണ് വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. 22ന് ഒരു കിലോമീറ്റര്‍ ദൂരെ കലുങ്കിനടയില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെറിന്‍ മാത്യൂസ് മരിച്ചത് നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണെന്ന് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് മൊഴി നല്‍കിയിരുന്നത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെസ്‌ലിയെ അറസ്റ്റ് ചെയ്തത്. പാലു കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി.

അന്ന് വെസ്!ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വെസ്!ലി മാത്യൂസ് മൊഴി മാറ്റിയത്. ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. വീട്ടില്‍ വച്ചുതന്നെ മരണം നടന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here