മലപ്പുറം: മലപ്പുറം നഗരകേന്ദ്രമായ കുന്നുമ്മലില്‍ മൂന്ന് മൊഞ്ചത്തിക്കുട്ടികളുടെ ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ വലിയ കൊടുങ്കാറ്റുണ്ടാക്കിയിരിക്കുന്നത്. ചെയ്തത് ഡാന്‍സും മുസ്ലിം പെണ്‍കുട്ടികളുമായതിനാല്‍ തന്നെ മതമൗലിക വാദികള്‍ക്ക് കുരുപൊട്ടിയെന്നാണ് സോഷ്യല്‍ മീഡിയയിലുള്ള സംസാരം. ഡിസംബര്‍ ഒന്നിന് ലോക എയ്ഡസ് ദിനത്തോടനുബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായിട്ട് നടത്തിയ ഫ്‌ളാഷ്‌മോബിലാണ് മക്കനയിട്ട മൊഞ്ചത്തിക്കുട്ടികള്‍ നഗര മധ്യത്തില്‍ ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ചത്.
വീഡിയോ പ്രത്യക്ഷപ്പെട്ടത് മുതല്‍ ശരം കണക്കെ വൈറലായി. ഇത് ഇസ്ലാമികമല്ലെന്നും മുസ്ലിമിന് അംഗീകരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് പല ഗ്രൂപ്പുകളിലും പലപേരുകളിലും ആളുകള്‍ രംഗത്തുവന്നതോടെയാണ് പുതിയ വിവാദം കത്താന്‍ തുടങ്ങിയത്. ഹാദിയ വിഷയത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ അനുകൂലിച്ച മുസ്ലിം മൗലിക വാദികള്‍ ഇക്കാര്യത്തില്‍ എന്തുപറയുന്നു എന്നുവരെ പല ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും ചര്‍ച്ചയുണ്ടായി. കൂടുതലും സംഘ് പരിവാര്‍, യുക്തിവാദി വ്യാജ അക്കൗണ്ടുകളിലൂടെ ‘കോയമാര്‍ക്ക്’ കുരുപൊട്ടിയെന്നുള്ള തരത്തിലാണ് ഈ വീഡിയോ പങ്കുവെക്കപ്പെടുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടരുടെ വാദം.
എയ്ഡ്‌സ് പോലുള്ള മഹാവ്യാധിക്കെതിരേയുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെ അഭിന്ദിക്കുന്നതിന് പകരം സോഷ്യല്‍ മീഡിയ വഴി ഇതൊരു വിവാദമാക്കാനുള്ള ശ്രമമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയിയല്‍ സൂപ്പര്‍ ഹിറ്റായി.
ഇതിനെ നബിദിനവും സുനാമിയുമായി ചേര്‍ത്ത് കെട്ടി വിശദീകരിച്ച് വഷളാക്കുകയാണ് ചിലര്‍. വ്യക്തി സ്വാതന്ത്ര്യമെന്നത് ഹാദിയക്ക് മാത്രമല്ല ഇവര്‍ക്കും വകവെച്ച് കൊടുക്കാം. നടുറോഡില്‍ നഗ്‌നരായി മലര്‍ന്നു കിടന്നല്ലല്ലോ കുട്ടികള്‍ മഹാവിപത്തിനെ തുരത്താന്‍ മുന്നറിയിപ്പ് നല്‍കിയത്. പ്രതിഷേധിക്കാന്‍ ചുംബന സമരക്കാരുടെ മാര്‍ഗവും രീതിയും സ്വീകരിച്ചിട്ടുമില്ല.
ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴും ആത്മഹത്യാ നിരക്കിലും വഴിവിട്ട ജീവിത നിലവാരത്തിലും മലപ്പുറം ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചിട്ടില്ലെല്ലോ…വിദ്യാസമ്പന്നരായ നമ്മുടെ കുട്ടികള്‍ പണ്ട് പഴികേട്ടിരുന്ന പോരായ്മകളുടെ പഴുതുകളടച്ച് പഠിച്ച് മുന്നേറുമ്പോ നമുക്ക് അഭിമാനിക്കാം. മൂക്കുകയറിടാതെ സ്വയം നിയന്ത്രിക്കാനുള്ള പക്വതയുടെ പാടവം മലപ്പുറത്തെ പെണ്‍കുട്ടികള്‍ക്കുണ്ട്. അമിതമായ ഉപദേശമല്ല ബഹുസ്വര സമൂഹത്തിലാവശ്യം. ‘നല്ലൊരു നബിദിനമായിട്ടെന്റെ ഭഗവാനേ ഇവരെന്താണീ ചെയ്യുന്നതെന്ന്’ തമ്മില്‍ തല്ലുന്ന വിശ്വാസികളെ നോക്കി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പറയേണ്ടി വന്നതല്ലേ സത്യത്തില്‍ അപമാനമെന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here