ന്യൂയോര്‍ക്ക്:ടോണി മോറിസന്റെ കണ്ടെത്തലാണ് ഇപ്പോള്‍ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയിലെ ചര്‍ച്ചാവിഷയം. അതായത്, അമേരിക്കയിലെ പ്രസിദ്ധമായ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു കാലത്ത് അടിമക്കച്ചവടം ഉണ്ടായിരുന്നുവത്രേ. ടോണി ഇക്കാര്യം വെളിപ്പെടുത്തയതും ഇവിടെ നടത്തിയ ഒരു പ്രസംഗത്തിലായിരുന്നു. ഇനി ടോണി ആരാണെന്ന് സംശയിക്കുന്നവര്‍ക്ക് വേണ്ടി പറയാം, നോവലിസ്റ്റ്, എഡിറ്റര്‍, പ്രൊഫസ്സര്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച അമേരിക്കന്‍ സാഹിത്യകാരിയാണ് ടോണി മോറിസണ്‍. പുലിറ്റ്‌സര്‍ പുരസ്ക്കാരവും സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും നേടിയിട്ടുണ്ട്. മൂര്‍ച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാര്‍ന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസണ്‍ നോവലുകളുടെ സവിശേഷത.

ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമന്‍, ബിലവഡ്, സുല തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകള്‍. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി 2013-ല്‍ ഹോണററി ബിരുദം നല്‍കി ടോണിയെ ആദരിച്ചിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ക്യാമ്പസിലെത്തി പ്രിന്‍സ്റ്റണ്‍ ആന്‍ഡ് സ്ലേവറി എന്ന സിംപോസിയത്തിലെ മുഖ്യപ്രഭാഷകയായി. അതില്‍ അവര്‍ കണ്ടെത്തിയത് ഈ സര്‍വ്വകലാശാല കേന്ദ്രീകരിച്ച് അടികകച്ചവടം പൊടിപൊടിച്ചിരുന്നു എന്നാണ്. ന്യൂ ജേഴ്‌സിയിലെ പ്രിന്‍സ്റ്റണില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ ഐവി ലീഗ് സര്‍വകലാശാലയായ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയ്ക്ക് അമേരിക്കന്‍ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.

1746-ല്‍ ന്യൂ ജേഴ്‌സിയിലെ എലിസബത്ത് നഗരത്തില്‍ കോളേജ് ഒഫ് ന്യൂ ജേഴ്‌സി എന്ന പേരില്‍ സ്ഥാപിക്കപ്പെട്ട ഈ കോളേജ് അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിനു മുന്‍പേ സ്ഥാപിക്കപ്പെട്ട കൊളോണിയല്‍ കോളേജുകളില്‍ ഒന്നും, അമേരിക്കന്‍ ഐക്യനാടുകളിലെ നാലാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമാണ്. 1747-ല്‍ നെവാര്‍ക്കിലേക്കും ഒന്‍പത് വര്‍ഷത്തിനുശേഷം പ്രിന്‍സ്റ്റണിലേക്കും മാറി, 1896-ലാണ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല എന്ന പേര്‍ സ്വീകരിച്ചത്. മോറിസന്റെ അഭിപ്രായപ്രകാരം, പ്രിന്‍സ്റ്റണിലെ ആദ്യത്തെ ഒമ്പത് പ്രസിഡന്റുമാര്‍ക്കും സ്വന്തമായി അടിമകള്‍ ഉണ്ടായിരുന്നുവത്രേ. സര്‍വ്വകലാശാല കേന്ദ്രീകരിച്ച് അടിമവ്യാപാരം നടന്നിരുന്നുവെന്നത് പുതിയ ഒരു അറിവാണ്. ഇത് അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ കാതലായ ഒരു മാറ്റമുണ്ടാക്കുമെന്നുറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here