കോട്ടയം: വര്‍ഷങ്ങളായി അനുഭവിക്കുന്ന ഒറ്റപ്പെടലാണ് ജീവിതമവസാനിപ്പിക്കണമെന്ന ചിന്തയിലേക്ക് തന്നെയെത്തിച്ചതെന്ന് തളിപ്പറമ്പ് കുറ്റിക്കോല്‍ മേലുകുന്നേല്‍ ജോസഫ്. ”അസുഖങ്ങള്‍ വേട്ടയാടുന്നു, ആര്‍ക്കും ഭാരമാകാതെ ജീവിതത്തില്‍ നിന്നു മടങ്ങാമെന്ന് വിചാരിച്ചു”– ജോസഫ് നിസഹായതയോടെ പറഞ്ഞപ്പോള്‍ പൊലീസിന് മറുചോദ്യങ്ങളില്ലായിരുന്നു.

സ്വന്തം മരണവാര്‍ത്തയും പരസ്യവും പത്രങ്ങള്‍ക്കു നല്‍കി നാടുവിട്ട ജോസഫിനെ ഇന്നലെ പുലര്‍ച്ചെ 2.30ന് തിരുനക്കരയിലെ ലോഡ്ജില്‍ നിന്നു വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം പൊലീസ് അറിയിച്ചതനുസരിച്ച് തളിപ്പറമ്പില്‍ നിന്ന് പൊലീസും ബന്ധുക്കളുമെത്തി ജോസഫിനെ കൊണ്ടുപോയി.

ഒറ്റപ്പെടലും കുടുംബത്തില്‍ നിന്ന് ഒഴിവായാല്‍ ചില പ്രശ്‌നങ്ങള്‍ക്കു പരിഹാരവുമാകുമെന്ന ചിന്തയിലാണ് മരിക്കാന്‍ തീരുമാനിച്ചതെന്നും ഇതേ തുടര്‍ന്നാണ് പത്രപരസ്യം നല്‍കിയതെന്നും വ്യക്തമാക്കി. മരിക്കാനായിരുന്നു തീരുമാനമെന്നും പറഞ്ഞു. കടുത്തുരുത്തിയിലെ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്തിരുന്നു.

പരസ്യം നല്‍കിയശേഷം കര്‍ണാടകത്തിലേക്കാണ് പോയത്. തിങ്കളാഴ്ച കോട്ടയത്തേക്ക് വന്നു. തിരുനക്കരയിലുള്ള ലോഡ്ജില്‍ മുറിയെടുത്തു. കാര്‍ഷിക വികസന ബാങ്കിലെത്തി പാസ്ബുക്കും സ്വര്‍ണമാലയും ഭാര്യയുടെ അടുത്തെത്തിക്കാനും ജോസഫ് ശ്രമിച്ചു.

മേരിക്കുട്ടിയുടെ ഭര്‍ത്താവ് മേലുകുന്നേല്‍ ജോസഫ് ഹൃദയാഘാതം മൂലം മരിച്ചെന്നും പാസ്ബുക്കും മാലയും അവരെ ഏല്‍പിക്കണമെന്നും ജോസഫ് ബാങ്ക് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മേല്‍വിലാസം കണ്ട് സംശയം തോന്നി തളിപ്പറമ്പ് ശാഖയിലെ സെക്രട്ടറിയോട് അന്വേഷിച്ചപ്പോഴാണ് ചരമ പരസ്യം നല്‍കിയ ആള്‍ തന്നെയാണ് ബാങ്കിലെത്തിയിരിക്കുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വന്നത്.

ബാങ്ക് ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ ലോഡ്ജിലെത്തിയ പൊലീസ് ജോസഫിനെ സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനുശേഷം ഇന്നലെ ജനറല്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധനയും നടത്തി. തിരിച്ച് നാട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും ജോസഫ് പൊലീസിനോട് പറഞ്ഞു.

നവംബര്‍ 29നാണ് ജോസഫ് പ്രമുഖ പത്രങ്ങളുടെ പയ്യന്നൂരിലെ സബ് ഓഫിസുകളില്‍ നേരിട്ടു ചെന്നു ചരമവാര്‍ത്തയും പരസ്യവും നല്‍കിയത്. സഹോദരന്‍ തിരുവനന്തപുരത്തു വച്ചു നിര്യാതനായെന്നും സംസ്‌കാരം ഡിസംബര്‍ ഒന്നിനു നടക്കുമെന്നുമാണ് ഇദ്ദേഹം അറിയിച്ചത്.

വിദ്യാര്‍ഥി രാഷ്ട്രീയം മുതലുള്ള കാര്യങ്ങളും പുരസ്‌കാരങ്ങളും സ്ഥാനങ്ങളും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും പേരും കുടുംബപ്പേരും സഹിതമുള്ള പരസ്യത്തില്‍ തിരുവനന്തപുരം ജഗതിയിലുള്ള മകന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്നും സംസ്‌കാരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണെന്നുമുണ്ട്.

30നു രാവിലെ ബന്ധുക്കളാണ് ആള്‍ മരിച്ചിട്ടില്ലെന്ന കാര്യം പത്രം ഓഫിസുകളില്‍ അറിയിച്ചത്. അന്നു തന്നെ ഭാര്യ മേരിക്കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങളായി തളിപ്പറമ്പിലുള്ള വീട്ടില്‍ ജോസഫും ഭാര്യ മേരിക്കുട്ടിയും ഒറ്റയ്ക്കാണ് താമസം. നാലുമക്കളാണ് ജോസഫിനുള്ളത്.

ഇവരില്‍ രണ്ടുപേര്‍ വിദേശത്താണ്. ഏതാനും നാളുകള്‍ക്ക് മുന്‍പ് രോഗ ബാധിതനായതോടെ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നെന്നും ജോസഫ് പറഞ്ഞു. വെസ്റ്റ് എസ്‌ഐ എം.ജെ.അരുണ്‍, എഎസ്‌ഐമാരായ പി.ആര്‍.സന്തോഷ്, ബിനുമോന്‍, സിവില്‍ പൊലീസ് ഓഫിസര്‍ എം.ജി.സുനു എന്നിവരടങ്ങിയ സംഘമാണ് ജോസഫിനെ കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here