തിരുവനന്തപുരം∙ പച്ചക്കറികളിലെ വിഷം കഴുകിമാറ്റാൻ കാർഷിക സർവകലാശാല ഒരു പ്രത്യേക ലായനി കണ്ടെത്തി- വെജിവാഷ്. കേരളത്തിലേക്കുള്ള വിഷ പച്ചക്കറി വരവിൽ കുറവില്ലാത്തിതാൽ ലായനിയു‌െട വിൽപ്പന ഹിറ്റായി. ലായനി ഉണ്ടാക്കുന്നത് പഠിക്കാൻ കാർഷിക സർവകലാശാലയിൽ വ്യാപാരികളുടെ നീണ്ടനിരയാണിപ്പോൾ.

കഥ ഇതുകൊണ്ടും തീരുന്നില്ല. ലായനി ഉണ്ടാക്കാൻ സർവകലാശാല പരിശീലനം നൽകിയ 36 ചെറുകി‌ട കമ്പനികൾ ചേർന്ന് അസോസിയേഷനും രൂപം നൽകി- വെജിവാഷ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമായതിനാൽ തങ്ങളു‌െട ഉത്പന്നത്തിന് നികുതി ഇളവ് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് ഉത്പാദകർ.

വിഷത്തിന് സർവകലാശാലയുട‌െ മറുപാര

തമിഴ്നാട്ടിൽ നിന്നും വിഷം കലർന്ന പച്ചക്കറി കയറ്റി അയയ്ക്കുന്നവർ ഓർത്തിട്ടുണ്ടാകില്ല കേരളത്തിൽ ഇങ്ങനെയൊരു മറുപണി ഒരുങ്ങുന്നത്. വിഷത്തെക്കുറിച്ച് പരാതിയുയർന്നപ്പോഴാണ് പച്ചക്കറികളിലേയും പഴങ്ങളിലേയും ഉപരിതലത്തിലെ വിഷം നീക്കാൻ ഒരു ലായനി എന്ന ആശയം കാർഷിക സർവകലാശാലയിൽ രൂപപ്പെടുന്നത്. രാസവസ്തുക്കൾ ഒഴിവാക്കി, വിനാഗിരിയുടേയും ഉപ്പിന്റെയും മിശ്രിതം ചേർത്ത ലായനി രണ്ടുവർഷത്തിനുള്ളിൽ തയ്യാറായി. പരീക്ഷണം വിജയിച്ചതോടെ ആവശ്യക്കാരേറി. വ്യാവാസായികാടിസ്ഥാനത്തിൽ ലായനി ഉണ്ടാക്കുന്നതിന് സഹായം നൽകാൻ ഒരു ലക്ഷം രൂപയാണ് സർവകലാശാല ഈടാക്കുന്നത്. ചില നിബന്ധനകളോ‌ടെയാണിത്. ലായനി ഉണ്ടാക്കാൻ സാധാരണ ജനങ്ങൾക്ക് പരിശീലവും നൽകുന്നുണ്ട്.

സർവകലാശാലയിൽ നിന്നും ലായനിയുടെ ഫോർമുല വാങ്ങിയ 36 വ്യാപാരികളിൽ മിക്കവർക്കും നല്ല കച്ചവടമാണ്. എറണാകുളത്ത് മാത്രം 280 കടകളിലാണ് ലായനി വിൽക്കുന്നത്. മീനിന്റെ‌ പുറത്തുപുരട്ടുന്ന അമോണിയ അടക്കമുള്ള വിഷ വസ്തുക്കൾ കഴുകിമാറ്റാനായി പുളിയും നാരങ്ങയും വിനാഗിരിയും ഉപയോഗിച്ചുള്ള പ്രത്യേക ലായനിക്ക് വ്യാപാരികളുടെ സംഘടന രൂപം നൽകിയിട്ടുണ്ട്.

പച്ചക്കറികളിലെയും പഴങ്ങളിലേയും ഉപരിതലത്തിലെ വിഷം കഴുകി മാറ്റുന്ന ലായനിയുടെ ഒരു കുപ്പിക്ക് 129 രൂപയാണ് വില. ഒരു മാസം ഉപയോഗിക്കാനാകും. മീനിലെ വിഷം മാറ്റുന്നതിനുള്ള ലായനിക്ക് 160 രൂപയാണ് വില.

രാസവസ്തുക്കൾ ചേരാത്തതിനാൽ ലായനിക്ക് ആവശ്യക്കാരേറുകയാണെന്ന് കാർഷിക സർവകലാശാല അധികൃതർ മനോരമ ഓൺലൈനിനോട് പറഞ്ഞു. കേരളത്തിലേക്കെത്തുന്ന പുതിനയില, കറിവേപ്പില, പച്ചമുളക്, പയർ എന്നീ ഇനങ്ങളിലാണ് കൂടുതൽ വിഷം ചേരുന്നതെന്നാണ് കാർഷിക സർവകലാശാലയുടെ പഠനത്തിലെ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here