ന്യൂയോര്‍ക്ക്: ഡിസംബർ 2 ശനിയാഴ്ച ഫ്ലോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വെച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍ ശ്രീമതി മേരി ഫിലിപ്പിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പൊതുയോഗത്തില്‍ 2018 ലെ ഭാരവാഹികളായി പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, വൈസ് പ്രസിഡന്റ് അലക്സ് മുരിക്കനാനി, സെക്രട്ടറി ലിജോ ജോണ്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജുകുട്ടി, ട്രഷറര്‍ പോള്‍ പി ജോസ്, കമ്മറ്റി അംഗങ്ങളായി ഷൈജു കളത്തില്‍, ജോസ് മലയില്‍, ജോര്‍ജ് കൊട്ടാരം, ആന്റോ കണ്ണാടന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേക്ക് മുന്‍ പ്രസിഡന്റ് ജോണ്‍ കെ ജോര്‍ജ് എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.

ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്ക് കമ്മറ്റി റോക്ക്‌ലാന്റ് പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി, മുന്‍ ഫോമാ ജോയിന്റ് ട്രഷറര്‍, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു തന്‍റെ കഴിവു തെളിയിച്ച ജോഫ്രിന്‍ ജോസ് ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ഒരു വ്യവസായി കൂടിയാണ്‌.

ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അംഗം, പ്രവാസി മലയാളി ഫെഡറേഷന്‍ പ്രസിഡന്റ്, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ മുന്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു തന്റെ പ്രാഗത്ഭ്യം തെളിയിച്ച അലക്സ് മുരിക്കനാനിയുടെ സേവനങ്ങള്‍ ഇന്ത്യാ കാത്തലിക് അസോസിയേഷന് ഒരു മുതല്‍കൂട്ടായിരിക്കുമെന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍ മേരി ഫിലിപ്പ് അഭിപ്രായപ്പെട്ടു.

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ ലിജോ ജോണ്‍ ഇതിനോടകം തന്നെ തന്‍റെ കഴിവു തെളിയിച്ച ഒരു വ്യക്തിപ്രഭാവമാണ്.

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ മുന്‍ ജോയിന്റ് സെക്രട്ടറിയും ന്യൂയോര്‍ക്കിലെ പല സാമൂഹിക സാമുദായിക സംഘടനകളിലും നിറസാന്നിധ്യവുമാണ് പോള്‍ പി ജോസ്.

ഈ യുവനിരയുടെ നേതൃത്വത്തില്‍ പല വിഭാഗങ്ങളായി ചിതറിക്കിടക്കുന്ന ഇന്ത്യന്‍ കത്തോലിക്കരെ ഒരേ വേദിയില്‍ ഒറ്റക്കെട്ടായി അണിനിരത്തി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും, തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പ്രകടിപ്പിച്ചും, കാത്തലിക് അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയോടും സത്യസന്ധമായും നിര്‍വഹിക്കുമെന്നും പ്രസിഡന്റ് ജോഫ്രിന്‍ ജോസ് ഉറപ്പു നല്‍കി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

LEAVE A REPLY

Please enter your comment!
Please enter your name here