തിരുവനന്തപുരം: ഓഖി ദുരന്തത്തിന് ഇരയായ തിരുവനന്തപുരത്തെ തീരമേഖല കടുത്ത വറുതിയിലേക്ക്. പത്ത് ദിവസത്തിലേറെയായി മല്‍സ്യബന്ധനത്തിന് പോകാനാവാത്തതാണ് നൂറുകണക്കിന് കുടുംബങ്ങളില്‍ പട്ടിണിക്ക് കാരണമാകുന്നത്. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണത്തെയും സഹായത്തെയും ആശ്രയിച്ചാണ് ഒട്ടേറെ കുടുംബങ്ങള്‍ കഴിയുന്നത്. ഇനി എങ്ങിനെ ജീവിക്കും.ഈ ചോദ്യമാണ് തീരത്താകെ മുഴങ്ങുന്നത്. കടലായിരുന്നു ഇവര്‍ക്കെല്ലാം. പക്ഷെ പത്ത് ദിവസമായി ബോട്ടിറങ്ങിയിട്ടില്ല. വല വീശിയിട്ടില്ല. തീരമാകെ നിശ്ചലം. അതോടെ ദുരന്തത്തില്‍ പെട്ടവര്‍ മാത്രമല്ല, എല്ലാവരും പട്ടിണിയിലാണ്. പള്ളിയും വിവിധ സംഘടനകളും നല്‍കുന്ന ഭക്ഷണമാണ് പലരുടെയും ആശ്രയം.

ദുരന്തത്തില്‍ പെട്ട പലരുടെയും ഉള്ളിലെ ഭീതി മാറാത്തതിനാല്‍ ഇനി കടലിലിറങ്ങുന്നതില്‍ ആശങ്കയും നിറയുന്നു. സുനാമിക്ക് ശേഷമുള്ള ഏറ്റവും വലിയ ദുരന്തം നേരിട്ട തീരം ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ സര്‍ക്കാര്‍ ഇടപെടല്‍ മാത്രമാണ് ആശ്രയം. ബോട്ടുകള്‍ ഇനി എന്ന് കടലിലിറങ്ങുമെന്ന യാതൊരു വ്യക്തതയുമില്ല. അതിനാല്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറം വേഗത്തിലുള്ള നടപടിയാണ് തീരം കാത്തിരിക്കുന്നത്.
അതിനിടെ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ടുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിച്ച് പ്രത്യേക ഫണ്ട് കണ്ടെത്താനാണ് തീരുമാനം.
ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരോടും പാര്‍ട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇതിനായി എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരുദിവസത്തെ വേതനമെങ്കിലും സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇതിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ദുരിതബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മത്സ്യബന്ധനത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വീട് നിര്‍മിക്കാനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
സുനാമി പുനരുദ്ധാരണ പാക്കേജിന്റെ മാതൃകയിലുള്ള സഹായമാണ് ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ്ങുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന സര്‍വകക്ഷിയോഗത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here