ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നല്‍കിയ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും. മറ്റ് സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടും. ഈ മാസം 16നാണ് ഒദ്യോഗിക പ്രഖ്യാപനം. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യും.
19 വര്‍ഷത്തിന് ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം അഘോഷമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്വാതന്ത്രം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17ാമത്തെ നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതോടെ തലമുറമാറ്റത്തിനാണ് പാര്‍ട്ടിയില്‍ വഴിതെളിയുന്നത്.

രാജ്യത്തെ ഒന്‍പതു ലക്ഷത്തോളം ബൂത്തുകള്‍ മുതല്‍ എഐസിസി വരെ തിരഞ്ഞെടുപ്പു നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനും. വിവിധ സംസ്ഥാനങ്ങളില്‍നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നുമായി 89 പത്രികകളാണു രാഹുലിനെ നാമനിര്‍ദേശം ചെയ്തുകൊണ്ടു ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥികളില്ല. ഇന്നു വൈകിട്ടു മൂന്നിനു പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ രാഹുല്‍, കോണ്‍ഗ്രസിന്റെ അധ്യക്ഷനാകും.

മുല്ലപ്പള്ളിക്കാകട്ടെ, ഒന്നു പിഴച്ചാല്‍ മൂന്നല്ല, നാലാണ്. സംഘടനാ തിരഞ്ഞെടുപ്പിനുള്ള സമയക്രമം നാലു വര്‍ഷത്തിനിടെ മൂന്നുവട്ടം മാറ്റിവയ്‌ക്കേണ്ടി വന്നു. നടപ്പായതു കഴിഞ്ഞ മാര്‍ച്ചില്‍ തയാറാക്കിയ നാലാം സമയക്രമം. പാര്‍ട്ടിക്കു രാജ്യത്താകെയുള്ളതു 8,86,858 ബൂത്തുകള്‍. ബ്ലോക്ക് കമ്മിറ്റികള്‍ 9418. ഡിസിസികളും നഗരതല സമിതികളും 930. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പു മാറ്റിവച്ചെങ്കിലും 80 ശതമാനത്തിലേറെ ബൂത്തുകളിലും തിരഞ്ഞെടുപ്പു നടന്നു.

വിഘടിച്ചു നില്‍ക്കുന്ന വിഭാഗങ്ങളെയും വ്യത്യസ്ത ധ്രുവങ്ങളിലുള്ള മുതിര്‍ന്ന നേതാക്കളെയും ഒരു മേശയ്ക്കു ചുറ്റുമിരുത്താന്‍ കഴിഞ്ഞതായിരുന്നു തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ വിജയം. ഒരുഘട്ടത്തിലും സോണിയ ഗാന്ധിയും രാഹുലും ഇടപെട്ടില്ല. ‘തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാകണ’മെന്നു രാഹുലും ‘വനിതകള്‍ക്കും ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണ’മെന്നു സോണിയയും ഇടയ്ക്കിടെ ആവശ്യപ്പെട്ടതല്ലാതെ.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ദിരാഗാന്ധിയുടെ കയ്യൊപ്പുള്ള പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചതു (1980) മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ ഹൃദയസ്പന്ദനങ്ങള്‍ക്കൊപ്പം നിന്നു. ഇന്നു നെഹ്‌റു–ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനെ അധ്യക്ഷപദവി ഏല്‍പിക്കുമ്പോഴും ഇടറാത്ത കൂറും ചുവടും തന്നെ പിന്‍ബലം.

LEAVE A REPLY

Please enter your comment!
Please enter your name here