ലണ്ടന്‍: ലോക സാമ്പത്തിക രംഗത്ത് കടുത്ത ആശങ്കകള്‍ പരത്തി ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ വെള്ളിയാഴ്ച വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ കേവലം 10 മണിക്കൂറിനുള്ളില്‍ ഈ ഇന്റര്‍നെറ്റ് അധിഷ്ഠിത കറന്‍സിയുടെ മൂല്യത്തില്‍ 20 ശതമാനം ഇടിവുണ്ടായി. വ്യാഴാഴ്ച്ച ബിറ്റ്‌കോയിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 19500 ഡോളര്‍ രേഖപ്പെടുത്തിയ ശേഷം ഇന്നലെ 16000 ഡോളറിനു താഴേക്ക് കൂപ്പു കുത്തുകയായിരുന്നു. ഇതോടെ ഈ കറന്‍സിയില്‍ കോടികള്‍ എറിഞ്ഞു വന്‍ തോതില്‍ ഊഹക്കച്ചവടം നടത്തുന്ന ലോകമെമ്പാടുമുള്ള ഇടപാടുകാര്‍ ശക്തമായ ആശങ്കയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മൂല്യം കുതിച്ചുയരുകയായിരുന്നു. ബുധനാഴ്ചയോടെ ഒരു കോയിന്റെ മൂല്യം 15000 ഡോളര്‍ കടന്നു. അമേരിക്കയിലെ ജി ഡി എ എക്‌സ് എക്‌സ്‌ചെഞ്ചിലാണ് മൂല്യത്തില്‍ പ്രകടമായ ചാഞ്ചാട്ടമുണ്ടായത്. ബിറ്റ്‌കോയിന്റെ വ്യാപാരം തകൃതിയായ ലക്‌സമ്പര്‍ഗിലെ ബിറ്റ്സ്റ്റാമ്പില്‍ 15900 ഡോളറാണ് ഇതിന്റെ മൂല്യം. ഇത് ഇടക്ക് 13482 ഡോളര്‍ വരെ താഴ്ന്നതായി വിദഗ്ധര്‍ പറഞ്ഞു. ഞായറാഴ്ച ചിക്കാഗോയിലെ ഗ്ലോബല്‍ മാര്‍ക്കറ്റ് എക്‌സ്‌ചേഞ്ചില്‍ ബിറ്‌കോയിന്റെ അവധി വ്യാപാരം തുടങ്ങും. തുടര്‍ന്ന് സി എം ഇ ഗ്രൂപ് എന്ന സ്ഥാപനവും അവധി വ്യാപാരം ആരംഭിക്കും.
ബിറ്റ്‌കോയിനെ പിന്തുടര്‍ന്ന് ഇത്തരം മറ്റ് ക്രിപ്‌റ്റോ കറന്‍സികളും രംഗത്തെത്തിയിട്ടുണ്ട്. ഇതറിയം എന്നതാണ് വ്യാപാരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത കറന്‍സി. ഇതിന്റെ മൂല്യം വെള്ളിയാഴ്ച 8 ശതമാനം കൂടി.
ഈ വര്‍ഷം ജനുവരിക്കു ശേഷം ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ 1500 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ഒക്ടോബറില്‍ മാത്രം മൂന്ന് ഇരട്ടി വര്‍ധന രേഖപ്പെടുത്തി. ഇതാണ് ഇപ്പോള്‍ വലിയ തോതില്‍ തകര്‍ന്നടിഞ്ഞത്.
ഇന്ത്യയില്‍ ഇത്തരം ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ ഇവിടെയും കോടികള്‍ ഇതില്‍ മുടക്കിയവരുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം നിക്ഷേപകര്‍ക്ക് റിസര്‍വ് ബാങ്ക് ,മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here