കോട്ടയം: കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനം 16ന് സമാപിക്കും. കേരളാ കോണ്‍ഗ്രസ് എം നിലവില്‍ എന്ത് രാഷട്രീയ നിലപാടായിരിക്കും സ്വീകരിക്കുകയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയില്‍ ഏറെ നിര്‍ണയകമാകുന്ന സമ്മേളനത്തിനാണ് ഇന്ന് കോട്ടയത്ത് പതാക ഉയരുന്നത്. അവരുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അതേസമയം, കേരളാ കോണ്‍ഗ്രസിന്റെ സംഘടനാശേഷിയും കരുത്തും തെളിയിക്കുന്ന റാലിക്കാണ് കേരളാ കോണ്‍ഗ്രസ് എം നേതൃത്വം പ്രാധാന്യം നല്‍കുന്നത്. നാളെയാണ് ലക്ഷം പേരുടെ പ്രകടനം.

പൊതുസമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് അധ്യക്ഷത വഹിക്കും. കെ എം മാണി ഉദ്ഘാടനം ചെയ്യും. ചരല്‍കുന്ന് പ്രഖ്യാപനത്തിലൂടെ യുഡിഎഫ് വിട്ടപ്പോള്‍ കേരളാ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരിക്കും സമ്മേളനമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു.

16ന് ഹോട്ടല്‍ ഐഡയില്‍ ചേരുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത് പ്രതിനിധികള്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിലാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും എന്ത് നിലപാട് സ്വീകരിക്കണമെന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുക. ഇതിന്റെ ചുവടുപിടിച്ചായിരിക്കും ഇനി കേരളാ രാഷ്ട്രിയത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here