ന്യൂജെഴ്സി: 2017 ലെ ഗവർണ്ണറുടെ ‘എന്‍‌വയോണ്മെന്റല്‍ എക്സലൻസ്’ പുരസ്കാരം സഞ്ജന കാലോത്തിന്. വിദ്യാർത്ഥികളുടെ വിഭാഗത്തിലാണ് സഞ്ജനക്ക് പുരസ്കാരം ലഭിച്ചത്. ഈ മാസം 11 ന് ട്രെന്റണിലുള്ള ന്യൂജേഴ്സി സ്റ്റേറ്റ് മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ സഞ്ജന അവാർഡ്‌ ഏറ്റുവാങ്ങി.

ഭൗമദിനമായ ഏപ്രിൽ 22 ന് സഞ്ജന ആരും പറയാതെ സ്വന്തം ഇഷ്ടപ്രകാരം തന്റെ വീടിന്റെ പിൻവശത്തെയും താൻ താമസിക്കുന്ന തെരുവിലെയും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് കണ്ട സഞ്ജനയുടെ മാതാവ് അത് വീഡിയോയിൽ പകർത്തുകയായിരുന്നു. തുടർന്ന് ഈ തെരുവിലെ മുഴുവൻ ആളുകളും ഇതുപോലെ ചെയ്താൽ അവിടം എത്രമാത്രം മനോഹരമാകുമെന്ന ആശയം അവൾ പിതാവിനോട് പങ്കുവെച്ചു. തുടർന്ന് ഇരുവരും ചേർന്ന് S.E.E (സേവ് എർത്ത് & എൻവയോൺമെൻറ്) എന്ന പേരിൽ ഒരു മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു. അവർ അംഗങ്ങളായ ഡബ്ല്യൂ.എം.സി. എന്ന സംഘടന വഴിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പരിസ്ഥിതി ദിനമായ ജൂൺ 5 ന് മത്സരത്തിൽ പങ്കെടുക്കാൻ അവർ എല്ലാവരെയും ക്ഷണിച്ചു. ജൂൺ 5 മുതൽ ആ സമ്മർ വെക്കേഷൻ പൂർണമായും പരിസ്ഥിതിയെ സംരക്ഷിക്കാനായി ചെയ്ത പ്രവൃത്തികൾ ഓരോരുത്തരും റെക്കോർഡ് ചെയ്യാനായിരുന്നു മത്സരം.75 പേരോളം പങ്കെടുത്ത ഒരു മത്സരം സംഘടിപ്പിക്കുന്നതിന്‌ പ്രേരണ നല്‍കുക വഴി നിരവധിയാളുകളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും സഞ്ജനക്കായി. ഈ പ്രവർത്തനമാണ് സഞ്ജനയെ ഗവർണറുടെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഈ പുരസ്കാരം തന്നെയാണ് പരിസ്ഥിതി സംബന്ധമായി സംസ്ഥാനത്തെ പ്രധാന അവാർഡും.

ന്യൂജെഴ്സിയില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിലമതിക്കാനാകാത്ത സംഭാവന നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ, കൂട്ടായ്‌മകൾ, യുവാക്കൾ തുടങ്ങിയവർക്കാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്. ന്യൂജെഴ്സി ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ, ദ ന്യൂജേഴ്സി എൻവയോൺമെന്റൽ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ്, ന്യൂജേഴ്സി കോർപറേഷൻ സ്പോൺസർ എന്നിവ ന്യൂജേഴ്സി സ്റ്റേറ്റ് ലീഗ് ഓഫ് മുനിസിപ്പാലിറ്റീസുമായി സഹകരിച്ചാണ് അവാർഡ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here