ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളംകളി പ്രേമികളുടെ കൂട്ടായ്മയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ പൊതുയോഗം ഡിസംബര്‍ 17 ഞായറാഴ്ച 5 മണിക്ക് വെസ്റ്റ് ന്യായക്കിലുള്ള സാഫ്രണ്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച് പ്രസിഡന്റ് ചെറിയാന്‍ ചക്കാലപ്പടിക്കലിന്റെ അധ്യക്ഷതയില്‍ കൂടി. സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള അവതരിപ്പിച്ച കണക്കുകളും പൊതുയോഗം പാസാക്കി.

തുടര്‍ന്ന് പ്രസിഡന്റ് ചെറിയാന്‍ ചക്കാലപ്പടിക്കല്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ടീം മാനേജര്‍ ചെറിയാന്‍ കോശി, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സാജു എബ്രഹാം, വൈസ് ക്യാപ്റ്റന്‍ എബ്രഹാം തോമസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാൻ പ്രൊഫ. ജോസഫ് ചെറുവേലി എന്നിവര്‍ കഴിഞ്ഞ വര്‍ഷത്തെ ക്ലബ്ബിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുകയും ടീമിലേക്ക് കൂടുതല്‍ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ടീം ശക്തമാക്കാനും തീരുമാനിച്ചു. പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം വിജയം കൈവരിക്കുക എന്നതായിരിക്കണം നമ്മുടെ ടീമിന്റെ ലക്ഷ്യമെന്ന് പ്രൊഫ. ചെറുവേലി ആഹ്വാനം ചെയ്തു.

തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള (പ്രസിഡന്റ്), ചെറിയാന്‍ കോശി (വൈസ് പ്രസിഡന്റ്), വിശാല്‍ വിജയന്‍ (സെക്രട്ടറി), ലാല്‍സണ്‍ മത്തായി (ജോ. സെക്രട്ടറി), വിശ്വനാഥന്‍ കുഞ്ഞുപിള്ള (ട്രഷറര്‍), ഡേവിഡ് മോഹന്‍ (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ ചെറിയാന്‍ ചക്കാലപ്പടിക്കല്‍ (ക്യാപ്റ്റന്‍), എബ്രഹാം തോമസ് (വൈസ് ക്യാപ്റ്റന്‍), ജോണ്‍ കുസുമാലയം (ടീം മാനേജര്‍), അലക്സ് തോമസ് (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി പ്രൊഫ. ജോസഫ് ചെറുവേലി തുടരും. ട്രസ്റ്റീ ബോര്‍ഡിലേക്ക് ജയപ്രകാശ് നായരെയും രക്ഷാധികാരികളിലൊരാളായി കൃഷ്ണരാജ് മോഹനനെയും തെരഞ്ഞെടുത്തു.

നിയുക്ത പ്രസിഡന്റ് രാധാകൃഷ്ണൻ കുഞ്ഞുപിള്ളയും സെക്രട്ടറി വിശാല്‍ വിജയനും പുതിയ കമ്മിറ്റിയില്‍ പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും നന്ദി അറിയിക്കുകയും ചെയ്തു.

സെക്രട്ടറി കൃഷ്ണരാജ് മോഹനന്റെ നന്ദിപ്രസംഗത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

LEAVE A REPLY

Please enter your comment!
Please enter your name here