വാഷിംഗ്ടണ്‍: സമ്പന്നര്‍ക്ക് നികുതി ഇളവ് അനുവദിക്കുന്ന പുതിയ ബില്ലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുപ്പതു വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു സാമ്പത്തിക ബില്‍ യുഎസ് സെനറ്റില്‍ പാസാകുന്നത്. ബില്ലിനെതിരെ വിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ഭൂരിപക്ഷമുള്ള യുഎസ് സെനറ്റില്‍ ബില്‍ പാസാക്കാന്‍ ട്രംപിന് കാര്യമായ കടമ്പകളൊന്നും തന്നെ നേരിടേണ്ടി വന്നില്ല. എന്നാല്‍ ‘ധാര്‍മികമായ വൃത്തികേട്’ എന്നാണ് ഈ നടപടിയെ മുഖ്യ എതിര്‍കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി വിശേഷിപ്പിച്ചത്. യുഎസിന്റെ നികുതി സംവിധാനത്തില്‍ ഇത്രയും വലിയ പൊളിച്ചെഴുത്ത് ഇതാദ്യമായാണ്. പുതിയ നിയമമനുസരിച്ച് കമ്പനി നികുതികള്‍ 35 ല്‍ നിന്ന് 21 ശതമാനമായും ആദായ നികുതി 39.6 ല്‍ നിന്ന് 37 ശതമാനമായും കുറയും. അടുത്ത വര്‍ഷം മുതലാണ് പ്രാബല്യം.
സമ്പന്നര്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ഈ നടപടികൊണ്ട് നേട്ടമുണ്ടാകുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വാദം. രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ പണം തിരികെ നല്‍കുന്നു എന്നാണ് ബില്ലിനെ കുറിച്ച് സംസാരിച്ച സര്‍ക്കാര്‍ പ്രതിനിധി പോള്‍ റയാന്‍ പറഞ്ഞത്. എന്നാല്‍ സമ്പന്നര്‍ക്കും കുത്തകമുതലാളിമാര്‍ക്കും പ്രാധാന്യം കൊടുക്കുന്ന ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here