“ഒരു മട്ടത്രികോണത്തിന്റെ കർണ്ണത്തിന്റേയും പാദത്തിന്റേയും.. ” 

ങേ..സ്റ്റാറിലെവിടെയാ മട്ടത്രികോണം.. 

ഞാൻ എഴുതിക്കൊണ്ടിരുന്ന ത്രികോണ സിദ്ധാന്തത്തിൽ നിന്നും, ചെറുതായി ലീക്കായിക്കൊണ്ടിരുന്ന ആ പഴയ, അടപ്പു പൊട്ടിയ ഹീറോപ്പേന വലിച്ചെടുത്തു.’

 അല്ലെങ്കിലും അനേക ത്രികോണങ്ങൾ ചേർന്നതാണല്ലോ ഒരു നക്ഷത്രം.. ക്രിസ്മസ് നക്ഷത്രം.

നാളെ ക്രിസ്മസാണ്.വീട്ടുമറ്റത്തെ വലിയ പ്ലാവിൽ തൂക്കിയിടാനുള്ള നക്ഷത്രം ഇന്നുച്ചകഴിഞ്ഞാണ് ഉണ്ടാക്കേണ്ടത്.

ഇന്നലെത്തന്നെ ഞാനും ചേട്ടൻമാരും ചേർന്ന് ഉണങ്ങിയ ഈറ്റ ശരിയായ അളവിൽ മുറിച്ച്, പിളർത്തി, ചീകിവച്ചിട്ടുണ്ട്.

ഈ പരീക്ഷാഹാളിൽ നിന്നിറങ്ങിയിട്ട് വേണം റോസ് നിറമുള്ള വർണ്ണക്കടലാസുകൾ വാങ്ങാൻ, ഈറ്റ നക്ഷത്രത്തിൽ ഒട്ടിക്കാൻ.

ഒരു വർണ്ണക്കടലാസിന് 15 പൈസയാണത്രേ സ്കൂളിനപ്പുറത്തെ റെഞ്ചിയേട്ടന്റെ കടയിൽ.

അഞ്ച് പേപ്പറെങ്കിലും വേണ്ടിവരുമെന്നാ ഇന്നലെ ചേട്ടൻമാർ പറഞ്ഞത്.

അവര് രണ്ടുപേരും കൂടി ഒരു രൂപാ തന്നുവിട്ടിട്ടുണ്ട്. പരീക്ഷ കഴിഞ്ഞിട്ട് പോകുന്ന വഴിക്കാണ് വർണ്ണക്കടലാസുകൾ വാങ്ങേണ്ടത്.

അല്ലാ.. ആ ഒരു രൂപാ എവിടെ വച്ചു. 

ലീക്കായ മഷിപ്പേന പരീക്ഷപ്പേപ്പറിന്റെ മുകളിൽ വച്ചിട്ട് വലതു കൈയ് ട്രൌസറിന്റെ പോക്കറ്റിലേയ്ക്കിട്ടു.

“എന്താടാ.. കോപ്പിയാണോ പോക്കറ്റിൽ തപ്പുന്നത് .. “

പുറകിൽനിന്ന് അലർച്ചകേട്ട് ഞെട്ടിത്തിരിഞ്ഞുനോക്കി.

മത്തായിസാറിന്റെ മുഖം ചുവന്നിരിയ്ക്കുന്നു.

“അല്ല സാറേ.. ” ഞാൻ പരിഭ്രമിച്ചു.

 ” പിന്നേ ..? വല്ലതും എഴുതാനുണ്ടേൽ എഴുതിയിട്ട് പോടാ .. സമയം കളയാതെ … ” സാർ ചുണ്ടുകോട്ടി.

വീണ്ടും ചോദ്യപ്പേപ്പറിലേയ്ക്ക്..

“ഒരു സിലിണ്ടറിന്റെ വ്യാപ്തമളക്കാനുള്ള…. “

സിലിണ്ടറോ..

ഇന്നലെമുതൽ റോസ്നിറത്തിലുള്ള വർണ്ണക്കടലാസുമാത്രമാണ് മനസ്സിൽ.

 ചേട്ടന്മാർ തന്ന ഒരു രൂപാ കൂടാതെ അമ്മ തന്ന രണ്ടു രൂപയുടെ ഒരു നോട്ടുമുണ്ട്. അതിലവിടവിടെ മഞ്ഞ നിറവും ഉലുവയുടെ മണവുമുണ്ടായിരുന്നു. 

ചേട്ടന്മാർ കാണാതെ അമ്മ തന്നതാണാ നോട്ട്. പഴകിയ രണ്ടു രൂപാ നോട്ട്. 

വർണ്ണക്കടലാസ് വാങ്ങുന്ന കടയിൽ കളിത്തോക്കും പൊട്ടാസും ഉണ്ടത്രേ. 

കൂട്ടുകാരൻ പറഞ്ഞതാണ്. സത്യമാണ്, ഞാനും കണ്ടു – ഇന്നലെ.

തോക്ക് ഒന്നരരൂപയും, കവറിനുള്ളിൽ ചുരുട്ടിച്ചുരുട്ടി വച്ചിരിയ്ക്കുന്ന വള്ളിപ്പൊട്ടാസിന് 10 പൈസയുമാണത്രേ.

ക്രിസ്മസ്കാലമായാൽ മനസിൽ നിറയെ ചുവപ്പും റോസും നിറങ്ങളാണ്.

വീട്ടിലെ ക്രിസ്മസ് ചെടിയുടെ ഇലകളും ചുവപ്പുനിറമായിരിയ്ക്കുന്നു.

എങ്ങനേലും ഇന്നത്തെ പരീക്ഷ കൂടി കഴിഞ്ഞാൽ മതിയാരുന്നു.

“ഒരു കച്ചവടക്കാരൻ 500 രൂപാ മുതല് മുടക്കി….” ദാ അടുത്ത ചോദ്യം.

ഉത്തരപ്പേപ്പർ മടക്കിക്കെട്ടി സാറിന്റെ കൈയിൽ കൊടുത്തിട്ട്, സാറിന്റെ തുറിച്ചുനോട്ടം കണ്ടില്ലെന്ന് നടിച്ച്, ഒരു കൈയ് കൊണ്ട് ഊരി വീഴാറായ മുഷിഞ്ഞ ട്രൌസർ മുകളിലേയ്ക്ക് വലിച്ചു കയറ്റിയിട്ട് ഞാൻ കടയിലേയ്ക്കോടി, വർണ്ണക്കടലാസ് വാങ്ങാൻ.

            *       *        *        *

വീശിയടിച്ച കാറ്റിൽ ജനൽപ്പാളി ആഞ്ഞടയുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽനിന്നും ഞെട്ടിയുണർന്നത്. 

നേരം പാതിരാവോടടുത്തിരിയ്ക്കുന്നു. 

സിറ്റൗട്ടിൽ തൂക്കിയിരിയ്ക്കുന്ന നക്ഷത്രവിളക്ക് വീശിയടിയ്ക്കുന്ന കാറ്റിൽ വല്ലാതുലഞ്ഞാടുന്നു.

അതേ, നാളെ വീണ്ടുമൊരു ക്രിസ്മസ്‌, അനേകവർഷങ്ങൾക്കു ശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here