രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ബെത്ലഹേം എന്ന കൊച്ചു പട്ടണത്തില്‍ സംഭവിച്ച മഹാത്ഭുതം ഇന്നും ലോകത്തിലെ എല്ലാ അള്‍ത്താരകളിലും പൂജ്യമായി സ്മരിക്കപ്പെടുകയും, ആരാധിക്കപ്പെടുകയും ചെയ്യുന്നു. ആകാശവിതാനങ്ങളെ തന്‍റെ കൈയാകുന്ന അളവുകോല്‍കൊണ്ടു അളക്കാന്‍ കഴിവുള്ള ദൈവം ഒരു കൈയുടെ നീളം മാത്രം വലുപ്പം വരുന്ന പുല്‍തൊട്ടിയില്‍ ഭൂജാതനായി. സമുദ്രജലത്തെ മുഴുവന്‍ തന്‍റെ കൈവെള്ളയില്‍ വഹിക്കുവാന്‍ ശക്തിയുള്ള ദൈവം ചെറിയ ഒരു ഗുഹയില്‍ പിറക്കുന്നതിനു തിരുമനസായി. പ്രപഞ്ച സൃഷ്ടാവും, നിയന്താവുമായ ദൈവം സ്വയം ശൂന്യവല്‍ക്കരിച്ച നിമിഷം.

ശാന്തരാത്രിയില്‍ യൂദയായില്‍ ദാവീദിന്‍റെ പട്ടണമായ ബെത്ലഹേമില്‍ നടന്ന തിരുപ്പിറവിയുടെ സദ്വാര്‍ത്ത ആദ്യം ശ്രവിക്കുന്നതു നിഷ്ക്കളങ്കരായ ആട്ടിടയരാണല്ലോ. പ്രഭാതം മുതല്‍ പ്രദോഷം വരെ കാടും മേടും താണ്ടി വെയിലിലും, മഞ്ഞിലും, മഴയിലും, ആടുകളെ മേയിച്ചും, തങ്ങളുടെ ഏക സമ്പാദ്യമായ ആടുകളെ മോഷ്ടാക്കളില്‍നിന്നും രക്ഷിക്കുന്നതിനായി രാത്രികാലങ്ങളില്‍ കൊടുംതണുപ്പത്ത് ആടുകള്‍ക്ക് കാവലിരുന്നും ഉപജീവനം നടത്തിയിരുന്ന നിര്‍ദ്ധനരായ ആട്ടിടയര്‍ക്ക് പൊന്നുണ്ണിയെ ആദ്യമായി കണ്ടുവണങ്ങുന്നതിനുള്ള വിശേഷാല്‍ ദൈവകൃപ ലഭിക്കുന്നു. ബെത്ലഹമിലും, യൂദയായിലെയും, നസ്രത്തിലെയും മറ്റു നഗരങ്ങളിലും ഉന്നതകുലജാതരും, വിദ്യാസമ്പന്നരും, ധനികരുമായ പലജനവിഭാഗങ്ങളും ഉണ്ടായിരുന്നിട്ടും ദിവ്യഉണ്ണിയുടെ ജനനം ആഘോഷിക്കുന്നതിനും, അതു ലോകത്തോടു പ്രഘോഷിക്കുന്നതിനും, ഉണ്ണിയെ കുമ്പിട്ടാരാധിക്കുന്നതിനും ദൈവകൃപലഭിച്ച ബെത്ലഹേമിലെ ആട്ടിടയര്‍ എത്രയോ ഭാഗ്യവാന്മാര്‍.

തൊഴിലിലും, അക്ഷരാഭ്യാസത്തിലും, സമ്പത്തിലും സമൂഹത്തിന്‍റെ ഏറ്റവും താഴത്തെ തട്ടില്‍ നില്‍ക്കുന്ന ഇടയബാലന്മാര്‍ക്ക് ആ ക്രിസ്മസ് രാവില്‍ ലഭിച്ച അനുഗ്രഹത്തെയോര്‍ത്ത് മറ്റു സൃഷ്ടികളെല്ലാം അസൂയപൂണ്ടിട്ടുണ്ടാവണം. ലോകരക്ഷകനെ നേരില്‍ കണ്ട് മനസ് കുളിര്‍പ്പിച്ച ഇടയര്‍ക്ക് ദൈവത്തിന്‍റെ പ്രത്യേക ദൂതന്‍ വഴിയാണു വിളംബരം ലഭിക്കുന്നത്. ദൈവപുത്രന്‍റെ വളര്‍ത്തുപിതാവായ ജോസഫിനുപോലും സ്വപ്നത്തില്‍ ദൈവത്തിന്‍റെ അറിയിപ്പുകള്‍ ലഭിച്ചപ്പോള്‍ വെറും നിസാരരായ ഇടയബാലര്‍ക്ക് മാലാഖ നേരില്‍ പ്രത്യക്ഷപ്പെട്ടാണു ലോകരക്ഷകന്‍ പിറന്ന വാര്‍ത്ത അറിയിക്കുന്നത്.
ലോകരക്ഷകന്‍ എവിടെയാണു അവതരിക്കുന്നത് എന്നുള്ള കുഞ്ഞാടുകളുടെ സ്ഥിരം ചോദ്യത്തിനു അതുവരെ മുകളിലേക്കു കൈചൂണ്ടി ‘ദേ അങ്ങാകാശത്തിലാണുچ എന്നു മറുപടി കൊടുത്തുകൊണ്ടിരുന്ന ഇടയമാതാവിനു അന്നു, ആ ക്രിസ്മസ് രാവില്‍ മുകളിലേക്കല്ല, ഇങ്ങു താഴെ ഭൂമിയിലേക്കു കൈചൂണ്ടി പറയാന്‍ സാധിച്ചു, ഇതാ ഇവിടെ ഈ ഭൂമിയില്‍ തന്നെ, വേറെങ്ങും രക്ഷകനെ തേടി നാം അലഞ്ഞു തിരിഞ്ഞു നടക്കേണ്ടതില്ല. അവന്‍ നമ്മോടുകൂടി തന്നെ. അതെ ദൈവം ഇമ്മാനുവേലായി അന്നുമുതല്‍ ഈ ഭൂമിയില്‍ നമ്മോടൊപ്പം ജീവിക്കുന്നു. നാം അതു തിരിച്ചറിയണമെന്നു മാത്രം.

ലോകരക്ഷകന്‍റെ പിറവി ലോകത്തെ വിളിച്ചറിയിക്കുന്നതിനുള്ള ദൗത്യവും ആട്ടിടയരെ ആണു ദൈവം ദൂതന്‍ വഴി ചുമതലപ്പെടുത്തുന്നത്. ദൈവരാജ്യം ആദ്യം പ്രഘോഷിച്ചത് ആട്ടിടയന്മാരായിരുന്നു. അവരോടു പറയപ്പെട്ടതും, അവര്‍ നേരില്‍ കണ്ടതുമായ കാര്യങ്ങളെല്ലാം അവര്‍ പട്ടണത്തിലെത്തി എല്ലാവരെയും അറിയിക്കുന്നു. ന്യൂസ് മീഡിയാ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ആ സദ്വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി ആട്ടിടയര്‍ ലോകത്തിനു നല്‍കി.

കിഴക്കുനിന്നെത്തിയ ഞ്ജാനികള്‍ക്ക് നക്ഷത്രം വഴികാട്ടിയായപ്പോല്‍ ഇടയക്കുട്ടികള്‍ക്ക് മാലാഖതന്നെ ദര്‍ശനവും, നിര്‍ദേശങ്ങളും നല്‍കുന്നു. നിഷ്കളങ്കരായ ഇടയസമൂഹത്തെ അവിശ്വസിക്കേണ്ടതില്ലല്ലോ. څപിള്ളക്കച്ചയില്‍ പൊതിഞ്ഞ ഒരു ശിശുവിനെ നിങ്ങള്‍ കാണും, അവനെ വണങ്ങി നമിക്കുകچ എന്ന അറിയിപ്പു ദൈവത്തിന്‍റെ ഏറ്റവും അടുത്ത ദൂതനില്‍നിന്നു തന്നെ ലഭിച്ചപ്പോള്‍ പരിഭ്രാന്തരായ ഇടയന്മാര്‍ ആദ്യം ഒന്നു പകച്ചു എങ്കിലും ഉടന്‍ ദൂതന്‍ പറഞ്ഞ പ്രകാരം കാലിത്തൊഴുത്തുകണ്ടെത്തി ദിവ്യഉണ്ണിയ വണങ്ങുന്നു.

ഉണ്ണിക്കു കാഴ്ച്ചവക്കാനായി അവരുടെ കൈവശം അചഞ്ചലമായ ദൈവവിശ്വാസമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. കാഴ്ച്ചകള്‍ അര്‍പ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത് കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ക്കാണു. പക്ഷേ അവര്‍ക്ക് തല കുമ്പിട്ടു വേണമായിരുന്നു ചെറിയ ഗുഹയില്‍ പുല്‍ക്കുടിലില്‍ ശയിച്ചിരുന്ന ഉണ്ണിയെ ആരാധിക്കാനും, കാഴ്ച്ചകള്‍ സമര്‍പ്പിക്കാനും. സമൂഹത്തിന്‍റെ ഉന്നതെ ശ്രേണിയില്‍നില്‍ക്കുന്ന രാജാക്കന്മാര്‍ക്കു പോലും രാജാധിരാജനായ ആ ശിശുവിന്‍റെ മുന്‍പില്‍ മുട്ടു മടക്കേണ്ടി വന്നു.

നിഷ്ക്കളങ്കരായ ആട്ടിടയരെപ്പോലെ നമുക്കും നമ്മുടെ മനസിലെ മാലിന്യങ്ങള്‍ വെടിഞ്ഞ് നിര്‍മ്മല മാനസരാകാം. അങ്ങനെ ലോകരക്ഷകനായ ഉണ്ണിയേശു നല്‍കുന്ന സ്നേഹവും, സമാധാനവും, ശാന്തിയും എന്നും നമ്മുടെ ഹൃദയങ്ങളില്‍ നിറയട്ടെ. ക്രിസ്മസ്രാവില്‍ കിഴക്കുദിച്ച നക്ഷത്രം പൂജ്യരാജാക്കന്മാര്‍ക്കു വഴികാട്ടിയായതുപോലെ നമുക്കും നക്ഷത്രവിളക്കുകളായി മറ്റുള്ളവര്‍ക്കു മാര്‍ഗദര്‍ശികളാകാം. ഹൃദയകവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടാനും, ഈ ഹൃസ്വജീവിതം പങ്കുവക്കലിന്‍റെയും പരസ്പരസ്നേഹത്തിന്‍റെയും വിളനിലമാക്കാനും, ലോകത്തിന്‍റെ അന്ധകാരമകറ്റാനും, കാരുണ്യത്തിന്‍റെ കൈത്തിരിനാളം അണയാതെ ഉള്ളില്‍ സൂക്ഷിക്കാനും നമുക്കെന്നും കഴിയട്ടെ. മനുഷ്യബന്ധങ്ങളില്‍ വിദ്വേഷത്തിന്‍റെ മതില്‍തീര്‍ക്കുന്നതിനുപകരം സ്നേഹത്തിന്‍റെ പാലം പണിയുന്നവരായി നമുക്കു മാറാം.

LEAVE A REPLY

Please enter your comment!
Please enter your name here