യുനൈറ്റഡ് നേഷന്‍സ്: യു.എന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട ഈ ദിവസം ഒരിക്കലും മറക്കാനാവില്ലെന്ന് യു.എസ് സ്ഥാനപതി നിക്കി ഹാലെ. എന്നാല്‍ എത്രയോക്കെ എതിര്‍ത്താലും അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ജറൂസലമിലേക്ക് മാറ്റുക തന്നെ ചെയ്യുമെന്നും അവര്‍ ആവര്‍ത്തിച്ചു.

ഐക്യരാഷ്ട്രസഭയുടെ പ്രമേയം അമേരിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തില്ല. എന്നാല്‍ ഐക്യരാഷ്ട്രസഭയെപ്പറ്റിയുള്ള അമേരിക്കയുടെ കാഴ്ചപ്പാടില്‍ പ്രമേയം മാറ്റം വരുത്തും. പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ കാഴ്ചപ്പാടിലും മാറ്റം വരുമെന്ന് ഹാലെ വ്യക്തമാക്കി.

ഇസ്രാഈലിന്റെ തലസ്ഥാനമായി ജെറുസലമിനെ അംഗീകരിച്ച യു.എസ് തീരുമാനത്തെ കഴിഞ്ഞ ദിവസം യു.എന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി തള്ളിയിരുന്നു. അമേരിക്കക്കെതിരേ അറബ് രാജ്യങ്ങളും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയം പൊതുസഭയില്‍ പാസായി. ഒന്‍പതിനെതിരേ 128 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

അറബ് രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് യു.എന്‍ പൊതുസഭ വ്യാഴാഴ്ച അടിയന്തരമായി ചേര്‍ന്നത്. അറബ്, മുസ്‌ലിം രാജ്യങ്ങള്‍ക്കുവേണ്ടി യമനും തുര്‍ക്കിയും ചേര്‍ന്ന് പ്രമേയം കൊണ്ടുവന്നു. ട്രംപിന്റെ നടപടിയെ നിരാകരിക്കുക.ജറൂസലമിന്റെ കാര്യത്തില്‍ ഇസ്രാഈലും ഫലസ്തീനും ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുക എന്ന നിലപാട് ഊന്നിപ്പറയുക, ജറൂസലമിന്റെ പദവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ക്ക് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കുക എന്നിവയായിരുന്നു യു.എന്‍ പ്രമേയത്തിന്റെ ഉള്ളടക്കം.

അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്താണ് ഇന്ത്യയും വോട്ട് ചെയ്തത്. അമേരിക്കയുടെയും ഇസ്‌റഈലിന്റെയും കടുത്ത എതിര്‍പ്പുകളും ഭീഷണിയും മറികടന്നാണ് യു.എന്‍ പൊതുസഭയില്‍ പ്രമേയം പാസാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here