ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവുമായി അമ്മയും ഭാര്യയും കൂടിക്കാഴ്ച നടത്തി. പാക്ക് വിദേശകാര്യമന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച. 22 മാസമായി പാക്കിസഥാനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് കനത്ത സുരക്ഷയുടെ നടുവിലാണ് അമ്മയും ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയത്. കുറ്റവാളികളെ ചോദ്യം ചെയ്യുന്ന മുറിയില്‍ ഗ്ലാസ് ചുമരിന് രണ്ടുവശത്തായിട്ടിരുത്തിയായിരുന്നു കൂടിക്കാഴ്ച.

നിരവധി സിസിടിവി ക്യാമാറകളും സജ്ജീകരിച്ച മുറിയില്‍ ടെലിഫോണ്‍ റിസീവറുകള്‍ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച അവസ്ഥയിലാണ്. 22 മാസമായി തടവില്‍ കഴിഞ്ഞ കുല്‍ഭൂഷണ്‍ ജാദവിനെ കണ്ട അമ്മയ്ക്കും ഭാര്യക്കും നടുക്കം മാറിയിട്ടില്ല. ജാദവ് വളരെയധികം പ്രായം തോന്നിക്കുകയും ക്ഷീണിതനും അതോടൊപ്പം തന്നെ കടുത്ത മാനസിക പരിമുറുക്കം അനുഭവിക്കുന്നതുമായാണ് കാണപ്പെട്ടത്. തലക്ക് പുറകില്‍ പരിക്കേറ്റതിന്റെ പാടുകളും. 30മിനിട്ട് മാത്രം അനുവദിച്ച കൂടിക്കാഴ്ച 40 മിനിട്ട് നീണ്ടു.

അമ്മയും ഭാര്യയും വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും പോയതിന് പിന്നാലെ പാക്ക് വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനം നടത്തി. കുല്‍ഭൂണ്‍ ജാദവ് ഭീകരവാദിയാണെന്നും, അദ്ദേഹം കുറ്റം ഏറ്റുപറഞ്ഞെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്നുമാണ് പാക്കിസ്ഥാന്റെ വാദം, എന്നാല്‍ പാക്കിസ്ഥാന്‍ വാദത്തെ പൂര്‍ണമായും തള്ളിക്കളയുന്നതാണ് ഇന്നത്തെ കൂടിക്കാഴ്ചുടെ ചിത്രങ്ങള്‍.

അമ്മയും ഭാര്യയുമായി കൂടിക്കാഴ്ചക്ക് അവസരം നല്‍കിയതിന് കുല്‍ഭൂഷണ്‍ ജാദവ് പാക്കിസ്ഥാന് നന്ദി പറയുന്ന വീഡിയോയും പാക്കിസ്ഥാന്‍ പുറത്ത് വിട്ടു. എന്നാല്‍ ഇത് നേരത്തെ റെക്കോര്‍ഡ് ചെയ്തതാണെന്ന വാദം ശക്തമായതോടെ പാക്കിസ്ഥാന്റെ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here