തിരുവനന്തപുരം:കേരളത്തിലെ ക്രിസ്മസ് കേക്കുവിപണിയില്‍ വന്‍ കുതിപ്പ്. ഇക്കുറി നൂറു കോടിയിലേറെ രൂപയുടെ കച്ചവടം കേക്കുവിപണിയില്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഫ്രഷ് ക്രീം കേക്കുകള്‍ക്കായിരുന്നു ഇത്തവണയും പ്രിയം. ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് തലശേരിയിലെ മാമ്പള്ളി ബാപ്പു അച്ചില്‍ ചുട്ട് ഫ്രാന്‍സിസ് കാര്‍നാക് ബ്രൗണ്‍ സായ്പിന് കൈമാറിയതാണ് മലയാള മണ്ണില്‍ പിറവിയെടുത്ത ആദ്യ കേക്ക്. കാലം പോകപ്പോകെ ഡ്രൈ ഫ്രൂട്ട് കേക്കുകളില്‍ നിന്നും പ്ലം കേക്കുകളിലേക്കും ക്രീം വെറൈറ്റികളിലേക്കും വിപണി മാറി. 25 മുതല്‍ മുപ്പത് വെറ്റൈറ്റികള്‍ വരെയുണ്ടായിരുന്നു ഇക്കുറി ഓരോ ബേക്ക് ഹൗസുകള്‍ക്കും.
ഏറെയും വിറ്റു പോയത് ക്രീം വെറൈറ്റികളായിരുന്നു. പൈനാപ്പിള്‍ ഫ്രഷ് ക്രീമും സ്‌ട്രോബറിയും ബട്ടര്‍ സ്‌കോച്ചും കാരമലും ചോക്ലേറ്റ് ട്രഫിളും പിങ്ക് ഗുവയും ഗ്രീന്‍ ആപ്പിളും ഓറഞ്ച് വെല്‍വെറ്റും ബ്ലാക്ക് ഫോറസ്റ്റും വൈറ്റ് ഫോറസ്റ്റും വൈറ്റ് വെല്‍വെറ്റുമായിരുന്നു ഈ നിരയിലെ താരങ്ങള്‍. 350 മുതല്‍ 1000 രൂപവരെയായിരുന്നു വില. പ്ലം കേക്കുകളില്‍ റിച്ച് പ്ലമ്മിനായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. മുന്നൂറ്റി അമ്പത് മുതല്‍ അറുനൂറുവരെയായിരുന്നു പ്ലം കേക്കുകളുടെ നിരക്ക്.
ഡിസംബര്‍ ആദ്യം മുതല്‍ തുടങ്ങിയ വില്‍പന പതിനഞ്ചാം തിയതി കടന്നപ്പോഴേക്കും കുതിച്ചു കയറി. പ്രതിദിനം മുന്നൂറിനും അഞ്ഞൂറിനും അടയില്‍ കേക്കുകളാണ് തിരക്കുള്ള ബേക്കറികളില്‍ വിറ്റു പോയത്. ജിഎസ്ടി കാരണം ഇക്കുറി വിലയല്പം കയറിയിരുന്നു. എങ്കിലും അവസാന ആഴ്ച കേക്ക് കച്ചവടം കുതിച്ച് കയറി. നൂറു കോടിയിലധികം രൂപയുടെ വില്‍പന നടന്നതായാണ് ബേക്കേഴ്‌സിന്റെ കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here