അരിസോണ: ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഫീനിക്‌സ് 2017 ക്രിസ്തുമസ് പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. ഭക്തിസാന്ദ്രമായ പാതിരാ കുര്‍ബാനയും, പ്രദക്ഷിണവും, ഉണ്ണീശോയുടെ “തീയുഴിയല്‍’ നേര്‍ച്ചയും വിശ്വാസികള്‍ക്ക് ആരാധനയുടെ നിമിഷങ്ങളായിരുന്നു. ഗായകസംഘത്തിന്റെ ശ്രുതിമധുര കരോള്‍ ഗാനങ്ങളോടെ ആരംഭിച്ച ദിവ്യബലിയില്‍ ഇടവകാംഗങ്ങള്‍ ഒന്നടങ്കം പങ്കുചേര്‍ന്നു.

ക്രിസ്തുമസ് വെറുമൊരു ആഘോഷമാക്കിത്തീര്‍ക്കുവാനുള്ളതല്ല, മറിച്ച് “ദൈവം നമ്മോടുകൂടെ’ എന്നര്‍ത്ഥമുള്ള “ഇമ്മാനുവേല്‍’ ആയി ദൈവപുത്രന്‍ ഭൂമിയില്‍ മനുഷ്യാവതാരം ചെയ്തതിന്റെ ഓര്‍മ്മപുതുക്കലാണ്. അത്. ഈ അവസരത്തില്‍ നാം ഇന്ന് ദൈവത്തോട് കൂടെയാണോ എന്നു ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതാണെന്മ് ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ തന്റെ പ്രഭാഷണത്തില്‍ വിശ്വാസികളെ അനുസ്മരിപ്പിച്ചു.

ഈവര്‍ഷത്തെ ആഘോഷങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് യുവജനങ്ങളായിരുന്നു. ദീപാലംകൃതമായ ദേവാലയാങ്കണവും ദീപാലംകൃതമായ ദേവാലയാങ്കണവും അരിസോണ തീം -മില്‍ നിര്‍മ്മിച്ച നേറ്റിവിറ്റി സീനറിയും ക്രിസ്തുമസ് കേക്ക് വിതരണവും, 2018 ലിറ്റര്‍ജിക്കല്‍ കലണ്ടര്‍ നിര്‍മാണവും യുവജന പങ്കാളിത്തം വിളിച്ചോതി. പുതിയ കലണ്ടര്‍ ഇടവകയുടെ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ചിട്ടയായ ക്രമീകരണമാണ്. ദൈനംദിന ആരാധനാക്രമങ്ങള്‍ക്കൊപ്പം പ്രത്യേക ദിവസങ്ങള്‍, തിരുനാളുകള്‍, പൊതുപരിപാടികള്‍, വിവിധ സംഘടനകളുടേയും, സണ്‍ഡേ സ്കൂളിന്റേയും പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭയിലെ എല്ലാ വിശുദ്ധരുടേയും വാഴ്ത്തപ്പെട്ടവരുടേയും, ദൈവദാസന്മാരും രക്തസാക്ഷികളുമായ സകല പുണ്യാത്മാക്കളുടേയും ചിത്രങ്ങളോടുകൂടിയ കലണ്ടര്‍ മാതൃസഭയുടെ ആദ്ധ്യാത്മിക സമ്പത്തും പാരമ്പര്യവും ഇളംതലമുറയ്ക്ക് സുപരിചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ആഗോള കത്തോലിക്കാസഭ യുവജനവര്‍ഷമായി ആചരിക്കുന്ന 2017-ല്‍ യുവജനങ്ങളുടെ ഇടവക പങ്കാളിത്തം എടുത്തുപറയത്തക്കതും സഭയ്ക്ക് ഏറെ കരുത്ത് പകരുന്നതുമാണെന്നു ഫാ. ജോര്‍ജ് അഭിപ്രായപ്പെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കരോള്‍ ഗാനങ്ങള്‍ ക്രിസ്തുമസ് രാവിനു മാറ്റുകൂട്ടി. ക്രിസ്തുമസ് ദിനത്തില്‍ ഇടവകാംഗങ്ങള്‍ക്കു ഒന്നിച്ചു സ്‌നേഹവിരുന്നും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം ഗെയിമുകളും ഉണ്ടായിരുന്നു. കേരളത്തനിമ വിടാതെയുള്ള എല്ലാ ക്രമീകരണങ്ങള്‍ക്കും പാരീഷ് കൗണ്‍സിലിന്റെ പിന്തുണയുണ്ടായിരുന്നു.

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ ശാന്തിയും സമാധാനവും സന്തോഷവും എല്ലാവരുടേയും ഹൃദയങ്ങളില്‍ നിറയട്ടെ എന്നും പുതുവത്സരത്തിന്റെ ഓരോ ചുവടുവെയ്പിലും ആ സംരക്ഷണം ഉണ്ടാവട്ടെ എന്നും ഫാ. ജോര്‍ജ് എട്ടുപറയില്‍ ആശംസിച്ചു. സുഷാ സെബി അറിയിച്ചതാണിത്. ഫോട്ടോ: ഷിബു തെക്കേക്കര.

LEAVE A REPLY

Please enter your comment!
Please enter your name here