പ്രവാസിമലയാളികളെ ലക്ഷ്യമിട്ടുകൊണ്ട് ലോക കേരള സഭ എന്ന ആശയം മുന്നോട്ടുവച്ച സര്‍ക്കാരിന് അത് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ ഒരു ധാരണയുമില്ലെന്നാണ് മനസിലാക്കുന്നത്. ഇന്ത്യയുടെ നാലിരട്ടി വലിപ്പം വരുന്ന അമേരിക്കയില്‍ നിന്ന് ഇതുവരെ പുറത്തുവന്ന പേരുകള്‍ കാണുമ്പോള്‍ അതാണ് നമ്മുക്ക് മനസിലാകുന്നത്. ഇപ്പോള്‍ പുറത്തുവന്ന അഞ്ചുപേരുകള്‍ ഈ രാജ്യത്തെ ഒരു പഞ്ചായത്തിന്റെ വലിപ്പമുള്ള ഒരു പ്രദേശത്തുനിന്നു മാത്രമുള്ളവരാണ്. അമേരിക്കന്‍ മലയാളികളോടുളള അവരുടെ സാമൂഹിക സാംസ്‌കാരിക പ്രതിബദ്ധതയൊന്നും ചോദ്യം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഇവരാണോ ആറുലക്ഷത്തോളം മലയാളികളെ പ്രതിനിധീകരിച്ച് ഇങ്ങനെ ഒരു സഭയില്‍ പങ്കെടുക്കേണ്ടതെന്ന ചോദ്യം പലകോണുകളില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. 
ആറുലക്ഷത്തോളം വരുന്ന ഈ മലയാളി സമൂഹത്തില്‍ ഒരു ലക്ഷത്തോളം മലയാളികള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്ന ആളുകളാണ്. അറുപത് വര്‍ഷത്തോളമായുള്ള അമേരിക്കയിലെ കുടിയേറ്റ സമൂഹത്തിന് നിരവധി മേഖലകളില്‍ സംഭവാനകള്‍ നല്‍കിയ വ്യക്തികള്‍ ഈ സമൂഹത്തില്‍ ജീവിച്ചിരിപ്പുണ്ട്. അവരെയൊന്നും പരിഗണിക്കാതെ എന്തു മാനദണ്ഡം അനുസരിച്ചാണ് ഞങ്ങളുടെ പ്രതിനിധികളായി ചിലരെ തെരഞ്ഞെടുക്കുവാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കണം. അത് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. 
പല നല്ല ആശയങ്ങളേയും ഇടതുപക്ഷ സര്‍ക്കാരുകള്‍ അവരുടെ അറിവില്ലായ്മയും വിവരക്കേടുകൊണ്ടും നാശമാക്കിയത് നമ്മുക്ക് ഇതിനു മുമ്പ് പരിചയമുണ്ടല്ലോ. ഏതൊക്കയോ ഇടനിലക്കാര്‍ ഇതില്‍നിന്നും വ്യക്തിപരമായി സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതായി പറഞ്ഞു കേള്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഉപദേശകരുടെയും സാമ്പത്തിക സ്രോതസുകള്‍ അന്വേഷണ വിധേയമാക്കേണ്ടതാണ്. 
പാര്‍ട്ടി പ്രവര്‍ത്തകരോട് മുണ്ട് മുറുക്കി ഉടുക്കണമെന്നും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രി കോടിക്കണക്കിന് രൂപ ഈ പൊറോട്ട നാടകത്തിനു വേണ്ടി ചെലവഴിക്കുന്നതുകൊണ്ട് നമ്മള്‍ ഈ പ്രവാസി സമൂഹത്തിന് എന്താണ് ലഭിക്കാനുള്ളത്. കുറെ തട്ടിപ്പ് പ്രഖ്യാപനങ്ങളും പദ്ധതികളുമായി ഈ നാടകം അവസാനിക്കുമ്പോള്‍ ചിലരുടെയെങ്കിലും കീശവീര്‍ത്ത് വികസിച്ചിട്ടുണ്ടാകും. 

കേരളം കണ്ട ഏറ്റവും വലിയ ഓഖി ദുരന്ത ബാധിതര്‍ക്കുപോലും പ്രഖ്യാപനങ്ങള്‍ അല്ലാതെ പ്രയോജനകരമായ പദ്ധതികളൊന്നും നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്നതിനെതിരെ പ്രതികരിച്ചേ മതിയാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here