Kochi: Solar Panel Scam accused, Saritha Nair arrives to appear at Solar Commission office in Kochi on Wednesday. PTI Photo (PTI1_27_2016_000255B)

തിരുവനന്തപുരം:സരിത എസ്.നായര്‍ സോളര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തതു കെ.ബി.ഗണേശ്കുമാറിന്റെ നിര്‍ദേശപ്രകാരമെന്നു സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. മുന്‍മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പേരുകള്‍ അടങ്ങിയ നാലു പേജുകളും ഗണേഷിന്റെ നിര്‍ദേശപ്രകാരമാണ് തയ്യാറാക്കിയതെന്ന് ഫെനി പറഞ്ഞു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഫെനിയുടെ വെളിപ്പെടുത്തല്‍.

ഗണേശിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായിരുന്നു കത്തിലെ കൃത്രിമത്വം. 2015 മേയ് 13നു കൊട്ടാരക്കരയിലാണ് കത്തില്‍ കൃത്രിമം കാണിക്കുന്നതിനുള്ള ഗൂഢാലോചന നടന്നതെന്നും ഫെനി വെളിപ്പെടുത്തി. ഗണേശിന്റെ പിഎ പ്രദീപ്കുമാറും ബന്ധു ശരണ്യ മനോജും ഇതില്‍ പങ്കാളികളാണ്. സോളര്‍ കമ്മിഷനില്‍ ഹാജരാക്കിയ കത്തിന് 25 പേജുണ്ട്. എന്നാല്‍ സരിതയുടെ കത്ത് പത്തനംതിട്ട ജില്ലാ ജയിലില്‍ താന്‍ കൈപ്പറ്റുമ്പോള്‍ 21 പേജുകളേ ഉണ്ടായിരുന്നുള്ളൂ. പിന്നീടു കത്ത് ശരണ്യയെ ഏല്‍പ്പിക്കുകയായിരുന്നു. ഗണേശിന്റെ നിര്‍ദേശപ്രകാരം മനോജും പ്രദീപ്കുമാറും ചേര്‍ന്നു കത്തിന്റെ കരടുരൂപം തയാറാക്കി സരിതയെ ഏല്‍പ്പിച്ചു. സരിത അന്നേദിവസം തന്നെ നാലു പേജുകള്‍ കൂടി എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്ന് ഫെനി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കേസില്‍ ഉള്‍പ്പെടുത്താന്‍ സരിതയും ഗണേശ്കുമാറും ശ്രമിച്ചെന്നും ഫെനി ആരോപിച്ചു. കോടതിയില്‍ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെനി. കത്തില്‍ കൃത്രിമം കാണിക്കുന്നതിനുള്ള നീക്കത്തെ താന്‍ തുടക്കം മുതലേ എതിര്‍ത്തിരുന്നു. സരിത അതിന് തയ്യാറായില്ല. ഇതാണ് താനുമായുള്ള ബന്ധം വഷളാക്കിയതെന്നും ഫെനി പറഞ്ഞു. ഏതായാലും നമ്മള്‍ മുങ്ങി; മറ്റുള്ളവരെയും മുക്കണമെന്നു കേരള കോണ്‍ഗ്രസ് (ബി) നേതാവ് തന്നോടു പറഞ്ഞു. കത്തിന്റെ പേരില്‍ സരിതയും കൂട്ടരും ആദ്യംമുതല്‍ വിലപേശല്‍ നടത്തുകയാണെന്നും ഫെനി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here