ന്യൂയോര്‍ക്ക്: പ്രഫഷണല്‍ നഴ്‌സുമാരുടെ ന്യൂയോര്‍ക്ക് സംസ്ഥാന സംഘടനയായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INA-NY) ക്യൂന്‍സിലെ കേരളാ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ക്രിസ്തമസും- നവവത്സരവും ആഘോഷിച്ചു. അസ്ഥികള്‍ പോലും മരവിക്കുന്ന ശൈത്യവും, പറക്കുന്ന മഞ്ഞും കടന്ന് അനേകം നഴ്‌സുമാരും കുടുംബാംഗങ്ങളും ആഘോഷത്തിനെത്തി.

ലോംഗ്‌ഐലന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറം ക്രിസ്തുമസ് സന്ദേശം നേര്‍ന്നു. ആരോഗ്യസംരക്ഷണ മേഖലയില്‍ പ്രശംസനീയമായ സേവനം നല്‍കുന്ന നഴ്‌സുമാര്‍ തങ്ങളുടെ അനുകമ്പയും വൈദഗ്ധ്യവും വിശിഷ്ടവുമായ നഴ്‌സിംഗ് ഇടപെടലുകള്‍ നടത്തുമ്പോള്‍ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയും ഉള്‍പ്പെടുത്തണമെന്നു ആശംസയ്ക്കിടയില്‍ ഫാ. മേലേപ്പുറം ഉപദേശിച്ചു.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഒരു സംഘടനയെന്ന നിലയില്‍ ചെയ്ത കാര്യങ്ങളെ അവലോകനം ചെയ്യുന്നതായിരുന്നു പ്രസിഡന്റ് മേരി ഫിലിപ്പിന്റെ അദ്ധ്യക്ഷ പ്രസംഗം. സാമൂഹികാരോഗ്യ പരിപാലനത്തിനുള്ള ഹെല്‍ത്ത് ഫെയര്‍, നഴ്‌സുമാരുടെ ഉന്നത വിദ്യാഭ്യാസത്തിനു ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നുള്ള ട്യൂഷന്‍ ഇളവുകള്‍, നഴ്‌സിംഗ് പ്രയോഗത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന നിയമപരമായ ഉത്തരവാദിത്വത്തേയും അപായങ്ങളെയും കുറിച്ചുള്ള പ്രഫഷണല്‍ കോണ്‍ഫറന്‍സ്, ഗവേഷണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളുടെ പ്രചരണം, ലീഡര്‍ഷിപ്പ് പരിശീലനം, എലക്‌ട്രോ കാര്‍ഡിയോഗ്രാമിനെക്കുറിച്ചുള്ള ശിക്ഷണം, നിര്‍ധനരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം എന്നിവ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ 2017-ല്‍ ചെയ്ത കാര്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നു മേരി ഫിലിപ്പ് അഭിമാനപൂര്‍വ്വം പറഞ്ഞു.

ടിന ജോര്‍ജ്, ജെസിക്ക ടോം ജോഡികളുടെ ഡാന്‍സ്, നീന കുറുപ്പ്, ലിസി കൊച്ചുപുരയ്ക്കല്‍, തെയ്യാമ്മ ജോബ്, ജയ സിറിള്‍, ജെസി ജയിംസ്, ഡോ. ആന്‍ ജോര്‍ജ് എന്നിവര്‍ അവതരിപ്പിച്ച മാര്‍ഗംകളി, സോമി മാത്യു, റേച്ചല്‍ ഡേവിഡ്, റിയ അലക്‌സാണ്ടര്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ എന്നിവ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഉല്ലാസം വര്‍ദ്ധിപ്പിച്ചു.

പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ കോശി ഉമ്മന്‍, വിന്‍സെന്റ് സിറിയക് എന്നിവര്‍ ക്രിസ്തുമസ്- നവവത്സരാശംസകള്‍ നേര്‍ന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കാന്‍ ചിന്തിക്കുന്നവര്‍ക്ക് വളരെയധികം ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു വിവരാവതരണം നടത്തുകയുണ്ടായി സമ്പത്തികോപദേഷ്ടകനായ സാബു ലൂക്കോസ്. അമേരിക്കയില്‍ സോഷ്യല്‍ സെക്യൂരിറ്റി മുതല്‍ ടാക്‌സേഷന്‍, റിട്ടയര്‍മെന്റ് പദ്ധതികള്‍ എന്നിവയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

അസോസിയേഷന്‍ വൈസ് പ്രസിഡന്റ് താരാ ഷാജന്‍ പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here