ചെന്നൈ: തമിഴ്‌നാട് രാഷ് ട്രീയത്തെ ഇളക്കിമറിക്കാന്‍ പടയപ്പ ഇറങ്ങുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി വെള്ള മുണ്ടും വെള്ള ഷര്‍ട്ടും അണിഞ്ഞ് രജനി പുറത്തിറങ്ങിയപ്പോള്‍ ഒന്നാംതരം രാഷ്ട്രീയക്കാരനായി. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാരുടെ വേഷപ്പകര്‍ച്ചയിലെത്തിയ രജനിയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലടക്കം പൊടുന്നനെ തരംഗവുമായി. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറ്റേന്നുള്ള താരത്തിന്റെ രൂപഭാവമാറ്റത്തിന് ദേശീയ മാധ്യമങ്ങളടക്കം പല രാഷ്ട്രീയമാനങ്ങള്‍ നല്‍കിയതും കൗതുകമായി.

ഇന്നലെ പോയസ് ഗാര്‍ഡനിലെ വീട്ടിനുപുറത്തുവന്ന ആരാധകരെ കാണാനാണ് സ്‌റ്റൈല്‍മന്നന്‍ പുതിയ സ്‌റ്റൈലില്‍ എത്തിയത്. പുതുവല്‍സരാശംസകളുമായി നിരവധി ആരാധകരാണ് രജനിയെ കാണാനെത്തിയത്. കഴിഞ്ഞ ഇരുപത്തിയാറുമുതല്‍ മുപ്പത്തിയൊന്നുവരെ ചെന്നൈ കോടമ്പാക്കം രാഘവേന്ദ്ര കല്ല്യാണ മണ്ഡപത്തില്‍ നടന്ന ആരാധക സംഗമത്തില്‍ പാന്റും ടി ഷര്‍ട്ടും, പാന്റും കുര്‍ത്തയും ആയിരുന്നു വേഷം. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ഈ വേഷപ്പകര്‍ച്ച ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

അതേ സമയം പുതിയ വെബ്‌സൈറ്റിം രജനികാന്ത് പുറത്തിറക്കി. www.rajinimandram.org എന്ന വെബ്‌സൈറ്റാണ് തുറന്നിരിക്കുന്നത്. ആളുകള്‍ക്ക് പേരും വോട്ടര്‍ ഐ.ഡി നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ട്വിറ്ററിലൂടെയാണ് വെബ്‌സൈറ്റ് വാര്‍ത്ത രജനി പുറത്തുവിട്ടത്. പേരും വോട്ടര്‍ ഐ.ഡി. നമ്പറും നല്‍കിയാണ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. മാറ്റം ആഗ്രഹിക്കുന്നവര്‍ കൂടെനില്‍ക്കണമെന്നും രജനി ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here