അരിസോണ: ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ജനുവരി 7 മുതല്‍ 14 വരെ ഇടവക മധ്യസ്ഥരായ തിരുകുടുംബത്തിന്റേയും, വി. സെബസ്‌ത്യോനോസിന്റേയും തിരുനാള്‍ സംയുക്തമായി ആചരിക്കും.

ജനുവരി ഏഴാംതീയതി ഞായറാഴ്ച രാവിലെ 10.30-നു ഫാ. മധു ജോര്‍ജ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ തിരുനാളിനു കൊടിയേറും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് ദിവ്യബലിയും തിരുകുടുംബ നൊവേനയും ഉണ്ടായിരിക്കും.

ജനുവരി 12-നു വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സീറോ മലങ്കര ആരാധന പ്രകാരമുള്ള ദിവ്യബലിക്ക് ഫാ. കുര്യാക്കോസ് മാമ്പ്രക്കാട്ട് കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ഭക്തിസാന്ദ്രമായ പരിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്.

ജനുവരി 13-നു ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫീനിക്‌സ് രൂപതാ മെത്രാന്‍ റവ. തോമസ് ഓംസ്റ്റെഡ് നേതൃത്വം നല്‍കും. ലാറ്റിന്‍ ആരാധന പ്രകാരമുള്ള ദിവ്യബലിക്കുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഇടവകാംഗങ്ങള്‍ ഒരുക്കുന്ന നൃത്തനിശയും ഒരുക്കിയിട്ടുണ്ട്.

ജനുവരി 14-നു ഞായറാഴ്ചത്തെ പ്രധാന തിരുനാള്‍ തിരുകര്‍മ്മത്തിന്റെ മുഖ്യ കാര്‍മികന്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയാണ്. മുഖ്യ തിരുനാള്‍ പ്രഭാഷണം മുന്‍ ഇടവക വികാരി ഫാ. മാത്യു മുഞ്ഞനാട്ട് നിര്‍വഹിക്കും. അതിനുശേഷം ലദീഞ്ഞും, പ്രദക്ഷിണവും ക്രമീകരിച്ചിട്ടുണ്ട്. ഭക്തിസാന്ദ്രമായ തിരുനാള്‍ സമാപനം ആഘോഷകരമാക്കുവാന്‍ വൈകിട്ട് 5 മണി വരെ ഔട്ട്‌ഡോര്‍ ആക്ടിവിറ്റീസും ഉണ്ടായിരിക്കും. കേരളത്തിന്റേയും അമേരിക്കയുടേയും തനത് കലാപാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങള്‍ക്കു സണ്‍ഡേ സ്കൂള്‍ കുട്ടികളും, യുവജനങ്ങളും ദൃശ്യാവിഷ്കാരം നല്‍കും.

ഇടവകയുടെ പത്താം തിരുനാള്‍ അതിവിപുലമായി കൊണ്ടാടാനാണ് തീരുമാനം. അതിനായി പാരീഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. തിരുനാള്‍ ആഘോഷത്തിന്റെ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി കണ്‍വീനര്‍ സാജന്‍ മാത്യു അറിയിച്ചു.

ശുഭപ്രതീക്ഷയോടെ പുതുവര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന ഏവര്‍ക്കും ആത്മീയ ഉണര്‍വ്വും കരുത്തുമാകാന്‍ ഈ തിരുനാള്‍ ആചരണം ഉപകരിക്കട്ടെ എന്നു ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ആശംസിച്ചു. കുടുംബബന്ധങ്ങള്‍ക്ക് മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, നസ്രേത്തിലെ തിരുകുടുംബത്തിന്റെ മാതൃകയില്‍ തങ്ങളുടെ കുടുംബം രൂപപ്പെടുത്തുവാന്‍ മാതാപിതാക്കളും മക്കളും ഒന്നുചേര്‍ന്നു പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ തിരുനാള്‍ പ്രസുദേന്തി റിന്‍സണ്‍ ജോണ്‍ തേക്കനാല്‍ ആണ്. ഇടവക രൂപീകരണത്തിന്റെ ആദ്യനാളുകള്‍ മുതല്‍ ഇങ്ങോട്ട് ഇടവകയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യം പുലര്‍ത്തുന്ന റിന്‍സണ്‍ ഇപ്പോള്‍ സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയാണ്. കഴിഞ്ഞ പത്തുവര്‍ഷമായി മതാധ്യാപക രംഗത്തും, അള്‍ത്താര ശുശ്രൂഷയിലും സജീവമാണ് റിന്‍സണ്‍ ജോണ്‍ തേക്കനാല്‍.

ഇടവകയുടെ കൂട്ടായ്മയോടു ചേര്‍ന്നു തിരുകര്‍മ്മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കാനും, ആഘോഷങ്ങള്‍ ആനന്ദവേളകളാക്കി മാറ്റുവാനും ഏവരേയും ഭാരവാഹികള്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. സുഷാ സെബി അറിയിച്ചതാണിത്. ഫോട്ടോ: ഷിബു തെക്കേക്കര.

LEAVE A REPLY

Please enter your comment!
Please enter your name here