ഒറ്റമരം

ഞാനിന്ന് പൂത്തുനിൽക്കുന്നു…

എന്റെ ഒരു പിടി സങ്കടം

കുഴിച്ചിട്ട മണ്ണിൽ!….

തളരാതെ, താഴാതെ

നീന്തിക്കരേറി –

ഇരുകര കാണാക്കടലാഴങ്ങളിൽ നിന്ന്….!

നീരാളി,

ജലകേളിയാടി

കണ്ഠത്തിലൊരു മാലയായ് ചുറ്റി വരിഞ്ഞു –

പൊട്ടിച്ചെറിഞ്ഞെന്റെ

ലക്ഷ്യക്കുതിപ്പിലതു – ഞാൻ

ജീവിക്കുവാനുള്ള കൊതിയാണെനിക്ക്!

ഉള്ളിലുണർന്നൊരാ –

ഊർജ്ജത്തിനുറവയെ

പുഴയാക്കി,മഴയാക്കി വേരിൽ പടർത്തി.

ഉരുകും കരളിലെ

പിത്തരസങ്ങളിൽ

ചത്ത കോശങ്ങളെ

വീണ്ടും പിറക്കാൻ പഠിപ്പിച്ചു ചിറകു നൽകി!

സ്നേഹം കരിഞ്ഞ

ചിതാഭസ്മധൂളിയിൽ

മൃതമായ് കിടന്നൊരെൻ

ആത്മാവിനുയിരേകി

വീണ്ടും ഉയർത്തി..

ജീവിക്കുന്നു ,ഞാനിന്ന്

ഉയർത്തെഴുന്നേറ്റൊരുൺമയോടെ

ഉപമിക്കേണ്ട !ഇനിയൊരിക്കലും ഒരു പാഴ്ച്ചെടിയോടുമെന്നെ …

പൂവാടി തീർക്കുമീ  ഒറ്റമരം

ഋതുഭേദമറിയാതെ പൂത്തു നിൽക്കും…

തൊടരുത് ! നിങ്ങളെന്റെ പൂങ്കുലകളെ ,

ആവില്ല കുലുക്കിക്കൊഴിക്കുവാനെന്റെ സൗരഭ്യ ദലങ്ങളെ !

ജീവിക്കണം എനിക്കു ഞാനായി,

നിങ്ങളുഴുതു,മറിച്ചിട്ട

ജീവിതത്തിന്റെ

അതിരകളിൽ

ഞാനായി,ഞാനായി, ഞാനായിത്തന്നെ!

ഷീലമോൻസ് മുരിക്കൻ

LEAVE A REPLY

Please enter your comment!
Please enter your name here