ഫ്‌ളോറിഡ: ഒര്‍ലാന്റോ ദൈവസഭാ വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെയും പ്രയത്‌നത്തിന്റെയും ഫലമായി നിര്‍മ്മിക്കപ്പെട്ട, മനോഹരവും വിശാലവുമായ പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഡിസംബര്‍ 23 ശനിയാഴ്ച സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യു നിര്‍വ്വഹിച്ചു.

രാവിലെ 9.45 ന് സഭാങ്കണത്തില്‍ നടത്തപ്പെട്ട ശുശ്രൂഷയില്‍ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ആരാധനാലയം ഉത്ഘാടനം ചെയ്തു. ഐ.പി.സി മുന്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ. വല്‍സന്‍ ഏബ്രഹാം ആത്മീയ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ലോക സഞ്ചാരികളുടെ അവധിക്കാല തലസ്ഥാന നഗരമായ ഒര്‍ലാന്റോ പട്ടണത്തില്‍, ആത്മീയതയുടെ പ്രകാശ ഗോപുരമായി പെന്തക്കോസ്തിന്റെ വിശുദ്ധിയും വേര്‍പാടും അടിസ്ഥാനമാക്കി, വചനാടിസ്ഥാനത്തിലുള്ള ആരാധനയുടെ സൗന്ദര്യം അനേകര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ സാക്ഷ്യം വഹിച്ചു.

ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഭാ സെക്രട്ടറി രാജു പൊന്നോലില്‍, ട്രഷറാര്‍ മനോജ് ഡേവിഡ്, എം.എ ജോര്‍ജ്, എ.വി. ജോസ്, ബെന്നി ജോര്‍ജ്, തോമസ് ചാക്കോ, സാം ജോര്‍ജ്, സിസ്റ്റര്‍ രമണി മാത്യു, സിസ്റ്റര്‍ ലീലാമ്മ ജോര്‍ജ്, ബോബി അമ്പനാട്ട്, റിജോ രാജു എന്നിവരെ കൂടാതെ സഭയുടെ മുന്‍ ശുശ്രൂഷകന്മരായ പാസ്റ്റര്‍ മാത്യൂസ് ഇട്ടി, തോമസ് ജോര്‍ജ്, വി.പി ജോസ്, ജെയിംസ് പൊന്നോലില്‍, സിസ്റ്റര്‍ കുഞ്ഞമ്മ ദാനിയേല്‍ എന്നിവരും വിവിധ സഭകളെ പ്രതിനിധികരിച്ച് പാസ്റ്റര്‍മാരായ കെ.സി ജോണ്‍, മാത്യൂ ജോസഫ്, റോയി വാകത്താനം, ഫിലിപ്പ് ജോസഫ്, ജോണ്‍ സാമുവേല്‍, ആന്‍റണി റോക്കി, ബ്രദര്‍ ജോര്‍ജ് പാപ്പച്ചന്‍, സണ്ണി കൈതമറ്റം തുടങ്ങിയവരും പ്രസംഗിച്ചു.

കഴിഞ്ഞ 10 വര്‍ഷക്കാലത്തിലധികമായി സഭയുടെ സീനിയര്‍ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച് വരുന്ന പാസ്റ്റര്‍ ജേക്കബ് മാത്യുവിനെയും കുടുംബത്തെയും, സഭയുടെ സ്ഥാപക കുടുംബങ്ങളായ ബ്രദര്‍ വര്‍ക്കി ചാക്കോ, ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, സിസ്റ്റര്‍ ആലീസ് ഏബ്രഹാം തുടങ്ങിയവര്‍ക്കും ബില്‍ഡിംഗ് കമ്മറ്റി, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കും പ്രത്യേക ഫലകം നല്‍കി പൊതുസഭ ആദരിച്ചു.

പാസ്റ്റര്‍ ഏബ്രഹാം കുറിയാക്കോസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ വൈസ് പ്രസിഡന്‍റ് ബ്രദര്‍ സാം ഫിലിപ്പ് സ്വാഗതവും ബോര്‍ഡംഗം ബ്രദര്‍ സ്റ്റീഫന്‍ ദാനിയേല്‍ നന്ദിയും പറഞ്ഞു.

3.5 മില്യണില്‍ അധികം ഡോളര്‍ ചിലവാക്കി പതിനാലായിരം ചതുരശ്ര അടിയില്‍ മനോഹരമായ ആരാധനാലയ കെട്ടിട സമുച്ചയമാണ് നിര്‍മ്മിക്കപ്പെട്ടത് ദൈവീക പരിപാലനത്തിന്റെയും കരുതലിന്റെയും പ്രതിഫലനമാണ്. 600 ലധികം ആളുകളെ ഉള്‍ക്കൊള്ളാവുന്ന കെട്ടിടത്തില്‍ കോണ്‍ഫ്രന്‍സ് റൂമും, കുഞ്ഞുങ്ങള്‍ക്കായുള്ള റൂമും മറ്റ് അനുബദ്ധ മുറികളും ചുറ്റുപാടും മനോഹരമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുമാണുള്ളത്.

സമര്‍പ്പണ ശുശ്രുഷകളിലും ഉത്ഘാടന പൊതു സമ്മേളനത്തിലും പങ്കെടുത്ത് ആശംസകള്‍ അറിയിച്ച ഏവര്‍ക്കും സെക്രട്ടറി രാജു ഏബ്രഹാം പൊന്നോലില്‍ നന്ദി അറിയിച്ചു. സഭയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് :www.ipcorlando.org സന്ദര്‍ശിക്കുക.

വാര്‍ത്ത: നിബു വെള്ളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here