ന്യൂയോര്‍ക്ക്: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളവികസനത്തില്‍ അവരെ പങ്കാളികളാക്കുന്നതിനും രൂപീകരിച്ച ലോക കേരളസഭയില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന് ക്ഷണം. ലോക കേരളസഭയിലേക്ക് അമേരിക്കയില്‍നിന്നു ക്ഷണമുള്ള ചുരുക്കം ആളുകളില്‍ ഒരാളാണ് ഡോ. ബാബു സ്റ്റീഫന്‍. അദ്ദേഹത്തിന് ലഭിച്ച അംഗീകാരത്തില്‍ ഐഎപിസിക്ക് അഭിമാനമുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
ഐഎപിസി ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഡോ. ബാബു സ്റ്റീഫന്‍ അമേരിക്കയിലെ പ്രമുഖവ്യവസായിയും മാധ്യമസംരംഭകന്‍കൂടിയാണ്. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിര്‍ണായക സ്ഥാനം ചലുത്തുന്നവയാണ്. കൈരളി ടിവിയില്‍ 68 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മന്‍ ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്നു.
വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസറുകൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച് മലയാളികള്‍ക്ക് അഭിമാനമായ ബാബു സ്റ്റീഫനെ വാഷിംഗ്ടണ്‍ ഡിസി മേയര്‍ ആദരിച്ചിരുന്നു. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍നടത്തിയ ചൈനായാത്രസംഘത്തില്‍ അമേരിക്കയിലെ പ്രമുഖ ബിസിനസ് ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഇടംപിടിച്ചു. അമേരിക്കയില്‍ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്‌കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടന്‍ ഡിസിയില്‍ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്‌റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 
ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്താണ് ലോക കേരള സഭ സമ്മേളനം നടക്കുന്നത്. സംസ്ഥാനത്തുനിന്നുള്ള എംപിമാരും എംഎല്‍എമാരും മറ്റുരാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികള്‍ ഉള്‍പ്പടെ 351 പേരാണ് സഭയില്‍ ഉണ്ടാകുക. 

LEAVE A REPLY

Please enter your comment!
Please enter your name here