ഷിക്കാഗോ: അമേരിക്കയിലെ നഴ്‌സിംഗ് രംഗത്ത് ഇന്ത്യന്‍ വംശജര്‍ മുന്നേറുന്ന ഈ കാലയളവില്‍ നൈന എന്നറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക കാലോചിതമായ കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചുകൊണ്ട് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫഷണല്‍ സംഘടനകള്‍ക്ക് മാതൃകയാകുന്നു.

അഡ്വാന്‍സ്ഡ് പ്രാക്ടീസ് രംഗത്തുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രാതിനിധ്യം വര്‍ദ്ധിച്ചപ്പോള്‍ അവരെ പുതിയ കര്‍മ്മരംഗത്ത് ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മപരിപാടികള്‍ നൈന ആസൂത്രണം ചെയ്തു. 2016-ല്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്റെ മാതൃകയില്‍ എ.പി.എന്‍ ഫോറം രൂപീകരിച്ച് നഴ്‌സ് പ്രാക്ടീഷണര്‍, സര്‍ട്ടിഫൈഡ് നഴ്‌സ്, മിഡ് വൈഫ്, നഴ്‌സ് അനസ്തീഷ്യോളജിസ്റ്റ്, ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷലിസ്റ്റ് ഇങ്ങനെ എല്ലാ രംഗത്തുമുള്ള അഡ്വാന്‍സ് പ്രാക്ടീസ് നഴ്‌സുമാരെ ആഴത്തില്‍ വേരൂന്നിയ നൈനയെന്ന വടവൃക്ഷത്തിന്റെ തണലില്‍ ഒരുമിപ്പിച്ച് അവരുടെ ഔദ്യോഗിക അഭിവൃദ്ധിക്കുള്ള പരിശീലനവേദി ഒരുക്കി വിവിധ പരിപാടികള്‍ ആവിഷ്കരിക്കുന്നു.

ഇക്കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 190-ഓളം പേര്‍ പങ്കെടുത്ത ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് അത്തരമൊരു ഉദ്യമമായിരുന്നു. വിദഗ്ധരായ പ്രഭാഷകരുടെ സാന്നിധ്യത്താലും, വൈവിധ്യ ആനുകാലിക വിഷയങ്ങളാലും ശ്രദ്ധേയമായ ഈ സംരംഭം വലിയൊരു വിജയമായിരുന്നു. ഈ വിജയത്തിന്റെ പ്രതിഫലനം എന്നവണ്ണം നൈനയുടെ അഡ്വാന്‍സ് പ്രാക്ടീസ് ഫോറം മറ്റൊരു ദൗത്യം ഏറ്റെടുത്തു കഴിഞ്ഞു. ആരോഗ്യ രംഗത്തെ നൈപുണ്യവും അതോടൊപ്പം സേവന സന്നദ്ധതയും കൈകോര്‍ക്കുന്ന ഒരു ഉദ്യമം!. ഹെയ്തില്‍ ഒരു ഹെല്‍ത്ത് സെന്റര്‍.

അമേരിക്കയില്‍ പ്രായോഗികമായ ദൂരത്തിലുള്ള ഒരു പ്രദേശം, ചുവപ്പുനാടയില്‍ കുരങ്ങാതെ പദ്ധതികള്‍ പ്രായോഗികമാക്കാനുള്ള അവസരം, കാരുണ്യവും സഹായവും അര്‍ഹിക്കുന്ന ഒരു ജനത, ഈ ഉദ്യമത്തില്‍ കൈകോര്‍ക്കുവാന്‍ മറ്റു സന്നദ്ധ സംഘടനകള്‍ ഇവയെല്ലാം ഹെയ്തിയെ കേന്ദ്രീകരിച്ച് ഇങ്ങനെയൊരു സംരംഭം ആവിഷ്കരിക്കുവാന്‍ നൈനയ്ക്ക് പ്രചോദനമായി. നൈനയുടെ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അതിവേഗം പ്രവര്‍ത്തിച്ചതിന്റെ ഫലമായി യുണൈറ്റഡ് ലൈറ്റ് ഓഫ് ഹോപ് എന്ന ജീവകാരുണ്യ സംഘടനയുമായി കൈകോര്‍ത്ത് ഈ മെഡിക്കല്‍ മിഷന്‍ സങ്കല്‍പ്പത്തിന് ജീവന്‍ നല്‍കി. ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന ലക്ഷ്യത്തോടെ ഹെയ്തിയിലെ കാനന്‍ എന്ന സ്ഥലത്ത് ക്ലിനിക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.

ഈ പദ്ധതിയെപ്പറ്റി കൂടുതല്‍ അറിയുവാന്‍ നൈനയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.nainausa.com

ലത എം. ജോസഫ് DNP, NP-BC അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here