ന്യൂഡല്‍ഹി: ഗുരുത്വാകര്‍ഷണനിയമം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടനല്ല, ഇന്ത്യക്കാരനായ ബ്രഹ്മപുത്ര രണ്ടാമനാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി. ഇക്കാര്യം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും വസുദേവ് ദേവ്്‌നാനി പറഞ്ഞു. രാജസ്ഥാന്‍ സര്‍വകലാശാലയുടെഎഴുപത്തിരണ്ടാമത് വാര്‍ഷികാഘോഷത്തിനിടെയാണ് വിദ്യാഭ്യാസമന്ത്രിയുടെ വിവാദപ്രസ്താവന.

ഐസക് ന്യൂട്ടന്‍ ജനിക്കുന്നതിനും ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ബ്രഹ്മപുത്ര രണ്ടാമനാണ് ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌കരിച്ചതെന്നും വിശദമായി അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കുറഞ്ഞപക്ഷം രാജസ്ഥാനിലെ പാഠപുസ്തകങ്ങളിലെങ്കിലും ഇത് ഉള്‍പ്പെടുത്തണമെന്നും വസുദേവ് ദേവ്്‌നാനി വ്യക്തമാക്കി.

അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെട്ട സദസിനെ അഭിസംബോധന ചെയ്തായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പരമാര്‍ശം. അക്ബര്‍ ചക്രവര്‍ത്തിയാണ് മഹാനായ ഭരണാധികാരിയെന്നായിരുന്നു നേരത്തെ പഠിപ്പിച്ചിരുന്നത്. എന്നാല്‍ രാജസ്ഥാനിലെ സ്‌കൂളുകളില്‍ അക്ബറിനു പകരം മഹാറാണ പ്രതാപിനെക്കുറിച്ചാണ് ഇപ്പോള്‍ പഠിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഡല്‍ഹി ജെ.എന്‍.യുവിലെ സമരങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ദേവ്്‌നാനി, രാജസ്ഥാനില്‍ ഒരു കനയ്യ കുമാര്‍ ജനിക്കരുതെന്നും വിദ്യാര്‍ഥികളോടായി പറഞ്ഞു. ഇത് ആദ്യമായല്ല, ശാസ്ത്രത്തേയും ചരിത്രത്തേയും തിരുത്തി ബി.ജെ.പി നേതാവ് കൂടിയായ ദേവ്്‌നാനി രംഗത്തുവരുന്നത്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്നും പനിയുള്ളവര്‍ പശുവിന്റെ അടുത്തുനിന്നാല്‍ രോഗം മാറുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here