തിരുവനന്തപുരം:ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവില്‍ വന്നു. നിയമസഭാ മന്ദിരത്തില്‍ ഇന്ന് പ്രഥമ സമ്മേളനം ദേശീയഗാനാലാപനത്തോടെ 9.30 ന് ആരംഭിച്ചു.  സഭാ സെക്രട്ടറി ജനറല്‍ പോള്‍ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് അദ്ദേഹം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഉപനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ പ്രസീഡിയത്തിന്റെ നേതൃത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭാനടത്തിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി. സഭാനേതാവ്, ഉപനേതാവ് എന്നിവരോട് കൂടിയാലോചന നടത്തി പ്രസീഡിയത്തിലേക്ക് തിരഞ്ഞെടുത്ത ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, ആന്റോ ആന്റണി എം.പി, എം.എ യൂസഫലി, എം.അനിരുദ്ധന്‍, സി.പി ഹരിദാസ്, രേവതി എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചതോടെ സഭ നടപടിക്രമത്തിലേക്ക് പ്രവേശിച്ചു. കേരളം ലോകത്തിന് നല്‍കിയ പലമാതൃകല്‍ ഏറെ സവിശേഷമാണ് ലോക കേരള സഭാ രൂപീകരണം എന്ന് സ്പീക്കര്‍ പറഞ്ഞു. ഇത്തരമൊരു നൂതനമായ പരിശ്രമത്തിന് സര്‍ക്കാരിനെയും അതിനോട് സഹകരിച്ച പ്രതിപക്ഷത്തെയും സ്പീക്കര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു ലോക കേരള സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ മുഖ്യമന്ത്രി സഭ മുമ്പാകെ അവതരിപ്പിച്ചു. ഇതിനുശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. തുടര്‍ന്ന് ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍, മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, എം.എ യൂസഫലി, രവി പിള്ള, സി.കെ മേനോന്‍, ആസാദ് മൂപ്പന്‍, കെ.പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ ഏറ്റവും പുതിയ അധ്യായമായി ലോക കേരളസഭ ശ്രദ്ധിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസിക്ഷേമ-സംരക്ഷണ കാര്യങ്ങളില്‍ മുതല്‍ കേരളത്തിന്റെ പൊതുവികസന കാര്യങ്ങളില്‍ വരെ ക്രിയാത്മകമായ അഭിപ്രായങ്ങളവതരിപ്പിച്ച് ഇടപെടാന്‍ പ്രവാസിസമൂഹത്തിനും അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിനും ലോക കേരള സഭ പൊതുവേദിയൊരുക്കമെന്ന് അദ്ദേഹം പറഞ്ഞു.

 കേരളത്തിന്റെ ഭാവിഭാഗധേയം എങ്ങനെയാവണം എന്നു അഭിപ്രായം പറയാനും ജനാധിപത്യത്തിന്റെ പരിധിക്കുള്ളില്‍ അതു ആവുന്നത്ര വിലപ്പോവുന്നു എന്നുറപ്പാക്കാനുമുള്ള ഒരു ജനാധിപത്യവേദിയാവും ലോക കേരളസഭ.  കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായകമായി ഇടപെടാന്‍ കഴിയുന്ന  സഭ എന്ന നിലയിലാണ് ഇതിനെ വിഭാവനം ചെയ്തിട്ടുള്ളത്.

ഒരു കൊടുക്കല്‍ വാങ്ങലിന്റെ പാലം കേരളത്തില്‍ കഴിയുന്ന സമൂഹത്തിനും കേരളത്തിനു പുറത്തുള്ള കേരളീയ പ്രവാസി സമൂഹത്തിനും ഇടയില്‍ ഉണ്ടാവണം. 

അത് ഇരുകൂട്ടര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. കേരളത്തിലുള്ള കേരളീയര്‍ എന്നും കേരളത്തിനു പുറത്തുള്ള കേരളീയര്‍ എന്നുമുള്ള വേര്‍തിരിവു ഇല്ലാതാവുകയും  ലോക കേരളസമൂഹം പിറവിയെടുക്കുകയും ചെയ്യും. അത്തരമൊരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോക കേരളസഭ രൂപീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ സഹായത്തോടെ അക്കാദമിക് നവീകരണം സാധ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രവാസികളുടെ സഹായത്തോടെ അക്കാദമിക് നവീകരണം സാധ്യമാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള സാധ്യതകള്‍ ലോക കേരള സഭ ഒരുക്കുന്ന വേദിയിലൂടെ ആരായും.  

പ്രവാസിയുടെ പണമുപയോഗിക്കാമെന്നല്ലാതെ, വിജ്ഞാനവും നൈപുണ്യവും അനുഭവജ്ഞാനവും ഉപയോഗിക്കാം എന്ന് ഇതുവരെ ആരും കാര്യമായി ചിന്തിച്ചില്ല. അക്കാര്യം ലോക കേരളസഭ മുഖ്യലക്ഷ്യങ്ങളിലൊന്നാക്കുകയാണ്.

പ്രവാസം മസ്തിഷ്‌ക ചോര്‍ച്ച (യൃമശി റൃമശി) യ്ക്കു വഴിവെക്കുന്നു എന്നൊരു വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍, ഈ ചോര്‍ച്ചയെ നേട്ടമാക്കാം. ലോക വൈജ്ഞാനിക മേഖലകളിലേക്ക് എത്തുന്ന പ്രവാസി മലയാളി അവിടത്തെ അനുഭവങ്ങള്‍ കൂടി സ്വാംശീകരിച്ചുകൊണ്ട് ബൗദ്ധികമായി വളരുമ്പോള്‍ ആ ബൗദ്ധികത കേരളത്തിനുകൂടി പ്രയോജനപ്പെടുത്തണം.  അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊണ്ട് യൃമശി റൃമശിനെ യൃമശി ഴമശി ആക്കി മാറ്റാന്‍ ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും.

മലയാളികളായ പ്രവാസി ശാസ്ത്രജ്ഞരുടെയും വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും സേവനം അവരുടെ കേരള സന്ദര്‍ശന വേളകളില്‍ നമ്മുടെ സര്‍വകലാശാലകളിലും കോളേജുകളിലും പ്രയോജനപ്പെടുത്താവുന്നതാണ്.   അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാനഘടനയെ വിളക്കിച്ചേര്‍ക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് കഴിയും.

അങ്ങനെ  കൂടുതല്‍ നൈപുണ്യവും പ്രാവീണ്യവുമുള്ള പ്രതിഭകളെ നമുക്ക് വാര്‍ത്തെടുത്ത് ലോകത്തിനു നല്‍കാനുമാവും. പുതുകാലത്തെ തൊഴില്‍കമ്പോളങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പ്രാപ്തരായി  പുതുതലമുറയെ വാര്‍ത്തെടുക്കണം. ഇതിനുള്ള സാധ്യതാന്വേഷണ-സമ്പര്‍ക്ക വേദിയായി ലോക കേരളസഭയ്ക്കു പ്രവര്‍ത്തിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

പ്രവാസി നിക്ഷേപത്തില്‍ നാടിന്റെ വികസനം സാധ്യമാകുന്ന പദ്ധതികള്‍ക്കുള്ള സാധ്യത ആരായുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏറ്റവും ഉയര്‍ന്നതോതില്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യമാണ് നമ്മുടേത്. 2015ല്‍ ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം 68910 (അറുപത്തിയെണ്ണായിരത്തി തൊള്ളായിരത്തി പത്ത്) മില്ല്യന്‍ ഡോളറായിരുന്നു. ഇത് ആഗോള പ്രവാസി പണത്തിന്റെ 12.75 ശതമാനമാണ്.  ഇത്ര വലിയതോതില്‍ പണം വരുമ്പോഴും ഭാവനാപൂര്‍ണമായി, പ്രത്യുല്‍പാദനപരമായി അത് നിക്ഷേപിക്കാനും ആ നിക്ഷേപത്തിന്മേല്‍ നാടിന്റെ വികസനം സാധ്യമാക്കാനുമുള്ള പദ്ധതികള്‍ നമുക്കില്ല. ഈ പോരായ്മ പരിഹരിക്കും.  മാത്രമല്ല, തുകയുടെ വിനിയോഗത്തില്‍  നിക്ഷേപകരുടെ അഭിപ്രായത്തിന് വിലകല്‍പിക്കുക കൂടി ചെയ്യുന്ന സംവിധാനം രൂപപ്പെടുത്തിയെടുക്കും. 

വന്‍ പലിശയ്ക്കെടുക്കുന്ന വിദേശ കടത്തേക്കാള്‍ എത്രയോ അധികം പ്രയോജനം ചെയ്യുന്നതാണ് പ്രവാസിസമൂഹത്തിന്റെ നിക്ഷേപം. ഇതിലേക്ക് കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധ ക്ഷണിക്കും.

ചിന്നിച്ചിതറി കിടക്കുന്ന പ്രവാസികളുടെ നിക്ഷേപങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനും അതിനെ പ്രത്യുല്‍പാദനപരമായ മേഖലകളില്‍ മൂലധനമാക്കി മാറ്റുന്നതിനും  ശ്രദ്ധ ചെലുത്തണം. നിക്ഷേപങ്ങളുടെ ഏകോപനവും സാധ്യമാക്കണം. ഇക്കാര്യങ്ങളും ലോക കേരള സഭ ചര്‍ച്ച  ചെയ്യും. 

പശ്ചാത്തല മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പ്രവാസികള്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിത്തന്നെ നിക്ഷേപം നടത്താന്‍ കഴിയുന്ന ഒരു സംവിധാനം ഇപ്പോള്‍ കേരളത്തിലുണ്ട്. കിഫ്ബി പോലുള്ള  പുതിയ സമ്പ്രദായം അതിനവസരം ഒരുക്കുന്നു. മാന്യമായ ലാഭവിഹിതം ഉറപ്പുനല്‍കിക്കൊണ്ട് ക്രൗഡ് ഫണ്ടിങ് മാതൃകയില്‍ എങ്ങനെ പ്രവാസി നിക്ഷേപം സമാഹരിക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് ലോക കേരളസഭ രൂപം നല്‍കണം.

ജലസമ്പത്തിന്റെ സംരക്ഷണം, ശുദ്ധീകരണം, മാലിന്യനശീകരണം, വിദ്യാഭ്യാസത്തിന്റെ നവീകരണം, ആരോഗ്യ ചികിത്സാരംഗത്തിന്റെ കാര്യക്ഷമതാവല്‍ക്കരണം, സമഗ്ര പാര്‍പ്പിട-ഉപജീവന സൗകര്യമൊരുക്കല്‍ എന്നി സര്‍ക്കാരിന്റെ നാലു മിഷനുകളില്‍  പ്രവാസി സഹകരണം ഉറപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ലോക കേരളസഭയ്ക്ക് ആരായും.

നെഹ്‌റുവും എകെജിയും പാലാനാരായണന്‍ നായരും  വള്ളത്തോളും കടന്നുവന്ന ദീര്‍ഘമായ പ്രസംഗമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക കേരള സഭയില്‍ നടത്തിയത്. പാലാ നാരായണന്‍ നായരുടെ ‘കേരളം വളരുന്നു; പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാംദേശങ്ങളില്‍’ എന്ന വരികളോടെയാണ് മുഖ്യമന്ത്രി ആരംഭിച്ചത്. കേരളം വിശ്വചക്രവാളങ്ങളോളം വളരുന്ന കാലമാണു കടന്നുപോയതെന്ന് കവിയെ ഉദ്ധരിച്ച്  അദ്ദേഹം പറഞ്ഞു

ജനാധിപത്യമെന്നത് ദൂരെനിന്ന് ആരാധനാപൂര്‍വം നോക്കിത്തൊഴാനുള്ള ശ്രീകോവിലല്ല. മറിച്ച് അകമേ കടന്നുചെന്ന് സാമൂഹ്യമാറ്റത്തിനുവേണ്ടി ഇടപെടേണ്ട പ്രവൃത്തിമണ്ഡലമാണെന്ന് ചൂണ്ടിക്കാട്ടിയ മഹാനാണ് എ കെ ജി യെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

എ കെ ജിയെ സംബന്ധിച്ചിടത്തോളം, പുറത്ത് ജീവിക്കാന്‍ വേണ്ടി പോരാടുന്നവരുടെ മനോവികാരം അലയടിക്കേണ്ട സ്ഥലമായിരുന്നു പാര്‍ലമെന്റ്. മന്ത്രങ്ങളോ കീര്‍ത്തനങ്ങളോ അപദാനങ്ങളോ മുഴക്കേണ്ട ഇടമല്ലായിരുന്നു. എ കെ ജി കാട്ടിയ വഴിയേ തന്നെയാണ് പാര്‍ലമെന്റ് പിന്നീട് സഞ്ചരിച്ചത്. ജനവികാരം അവിടെ അലയടിച്ചു. ലോക കേരളസഭയിലും അതുതന്നെയാണുണ്ടാവേണ്ടത്. ലോകത്തെമ്പാടുമുള്ള മലയാളിയുടെ ആശയാഭിലാഷങ്ങളും മാറ്റത്തിനുവേണ്ടിയുള്ള വാഞ്ഛകളുമാവണം ഇവിടെ പ്രതിഫലിക്കേണ്ടത്.

ലോകമേ തറവാട് എന്നു പറഞ്ഞ് ശീലിച്ച ഒരു സംസ്‌കാരമാണ് നമ്മുടേത്. ‘വസുധൈവ കുടുംബകം’ എന്നും ‘യെത്ര വിശ്വം ഭവത്യേക നീഡം’ എന്നും ഒക്കെ പണ്ടേ പറഞ്ഞിട്ടുള്ള ഒരു ജനതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

‘ഏതു വിദേശത്തുപോയി വസിച്ചാലും

ഏകാംബ പുത്രരാം കേരളീയര്‍’ എന്ന മഹാകവി വള്ളത്തോളിന്റെ വരികളും മുഖ്യമന്ത്രി ഉദ്ധരിച്ചു. മലയാളിസമൂഹമാകെ ഒരമ്മയുടെ മക്കളാണ് എന്ന് വള്ളത്തോള്‍ മുന്നോട്ടു വച്ച ചിന്തയാണ് ലോക കേരള സഭ രൂപീകരണത്തില്‍ പ്രതിഫലിച്ചത്  

മാനവികതാവാദിയാവാന്‍ ആദ്യം സാര്‍വദേശീയ വാദിയാവണമെന്നും സാര്‍വദേശീയതാവാദിയാവാന്‍ ആദ്യം സ്വന്തം നാടിനെക്കുറിച്ച് സ്‌നേഹമുള്ളവരാകണമെന്ന ചൊല്ലും മുഖ്യമന്ത്രി പ്രസംഗത്തിലുള്‍പ്പെടുത്തിയിരുന്നു.  പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 

‘Democracy and Socialism are means to an end, not the end itself’ പ്രസ്താവനയോടെയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here