തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം സാമൂഹ്യമാധ്യമ കൂട്ടായ്മ പ്രതിനിധികളും റിലേ നിരാഹാരം ആരംഭിക്കും. ഒപ്പം സി.ബി.ഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് രാത്രിയും നിരവധി പേരാണ് സമരപ്പന്തലിലേക്ക് എത്തിയത്. ചാനല്‍ ചര്‍ച്ചകളുടെ തിരക്കായിരുന്നു രാത്രി ശ്രീജിത്തിനും സമരസമിതി നേതാക്കള്‍ക്കും. വൈകിയും സമരമുഖത്തേക്ക് ആളുകള്‍ എത്തിക്കൊണ്ടിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ ഒപ്പിട്ടായിരുന്നു എല്ലാവരുടേയും മടക്കം. ഇന്നു മുതല്‍ റിലേ നിരാഹാരസമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് സാമൂഹ്യമാധ്യമ കൂട്ടായ്മ. ഒപ്പം കോടതിയെ സമീപിക്കാനും ധാരണയായിട്ടുണ്ട്.

ലോക്കപ്പില്‍ മരിച്ച അനുജന് നീതി ലഭിക്കമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം കൂടുതല്‍ ശക്തമാവുകയാണ്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ നിരവധി പേര്‍ അനുഭാവവുമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ശ്രീജിത്തിനുവേണ്ടി ഇന്നലെ നടന്‍ പ്രഥ്വിരാജും രംഗത്തെത്തി.ഇന്നത്തെക്കാലത്ത് ഒറ്റയ്ക്ക് നിശ്ബ്ദമായി നീതിയ്ക്കുവേണ്ടി പോരാടിയ താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ നീതിലഭിക്കുന്നതുവരെ പോരാടാനുള്ള താങ്കളുടെ മനസിന് പിന്തുണ നല്‍കുന്നു. ഇന്നത്തെ തലമുറയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന നിശബ്ദ പ്രതിഷേധമാണ് താങ്കള്‍ സ്വീകരിച്ചത്. നിങ്ങള്‍ക്കറിയാം നിങ്ങള്‍ക്ക് വേണ്ട സത്യമെന്താണെന്ന്. അത് കണ്ടെത്താനായി ഈ ലോകം നിങ്ങളോടൊപ്പമുണ്ടാകും, സമൂഹമന:സാക്ഷിയെ സ്പര്‍ശിച്ച വേറിട്ട പ്രതിഷേധത്തിന് നന്ദി. പൃഥ്വിരാജ് കുറിച്ചു.

ഇന്നലെ നടന്‍ ടൊവീനോയും, നടി പ്രിയങ്കയും ശ്രീജിത്തിനെ കാണാന്‍ സമരപ്പന്തലില്‍ എത്തിയിരുന്നു. സമൂഹമാധ്യമത്തിലൂടെ വീണ്ടും ജീവന്‍വച്ച ഒറ്റയാള്‍ സമരത്തിന് കൂടുതല്‍ പിന്തുണ കൈവരുകയാണ്. സംഭവത്തില്‍ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ഉറപ്പുവരുത്തണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ശ്രീജിത്തിന്റ സമരം 766ാം ദിവസത്തിലേക്ക് കടന്നു.

ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവ് 2014 മെയ് 19ന് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിക്കുന്നത്. മര്‍ദിച്ചും വിഷം കൊടുത്തും പൊലീസുകാര്‍ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റസ് അതോറിറ്റി കണ്ടെത്തി. ഇവര്‍ക്കെതിരെ വകുപ്പ് തലനടപടിക്കൊപ്പം ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിച്ച് കുറ്റപത്രം നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചിരിന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് അനുജന് നീതി ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം തുടങ്ങിയത്. നിവിന്‍ പോളി, പാര്‍വതി തുടങ്ങിയവരും ശ്രീജിത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here