ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസും നവവത്സരവും ആഘോഷിച്ചു. ജനുവരി 13 ശനിയാഴ്ച വൈകിട്ട് 6നു ക്വീന്‍സിലെ രാജധാനി റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തിലും കലാപരിപാടികളിലും വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ ഉള്‍പ്പെടെ അനേകര്‍ പങ്കെടുത്തു.

സമാജം പ്രസിഡന്റ് ഷാജു സാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സിറോ മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കാ- കാനഡ ഭദ്രാസന ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍ സ്ഥേപ്പാനോസ് ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി. ഈ പുതുവത്സരത്തില്‍ നമ്മള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ ചിന്തയും പദ്ധതികളും പരസ്പരം സ്‌നേഹത്തില്‍ അധിഷ്ടിതമായതും പൊതുനന്മയെ ലാക്കാക്കിയുള്ള പ്രായോഗികത നിറഞ്ഞതുമായിരിക്കണമെന്ന് അഭിവന്ദ്യ തിരുമേനി തന്റെ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന് കേരള സമാജത്തിന്റെ 2017ലെ ഭാരവാഹികളോടൊപ്പം നിലവിളക്ക് തെളിയിച്ചുകൊണ്ട് മാര്‍ സ്ഥേപ്പാനോസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

സമാജം പ്രസിഡന്റ് പ്രസ്ഥാനത്തിന്റെ ഒരു വര്‍ഷം പിന്നിട്ട പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. 2017ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോണ്‍ പോള്‍ ആശംസാ പ്രസംഗം നടത്തി. കാലാവധി പൂര്‍ത്തിയാക്കിയ ചെയര്‍മാന്‍ ജോണ്‍ പോളിന് സമാജം എക്‌സിക്യൂട്ടിവിന്റെ വകയായി പ്രസിഡന്റും ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ വകയായി കുഞ്ഞു മാലിയിലും ഉപഹാരങ്ങള്‍ നല്‍കി.

സമാജത്തിന്റെ 1972 ലെ തുടക്കം മുതല്‍ ഇന്നു വരെ സജീവമായി പ്രവര്‍ത്തിച്ചു പോരുന്ന ആദ്യ പ്രസിഡന്റ് പ്രൊഫസര്‍ ചെറുവേലി , ലില്ലിക്കുട്ടി ഇല്ലിക്കല്‍, ഈ വര്‍ഷത്തെ സജീവ പ്രവര്‍ത്തനത്തിന് കമ്മിറ്റി അംഗങ്ങളായ വര്‍ഗീസ് തെക്കേക്കര, ചാക്കോ കോയിക്കലേത്ത് എന്നിവര്‍ക്ക് മൊമന്റോകള്‍ നല്‍കി ആദരിച്ചു. 2017 ലെ പ്രസിഡന്റ് ഷാജു സാമിന്റെ സ്തുത്യര്‍ഹമായ സേവനത്തെ പരിഗണിച്ച് അദ്ദേഹത്തിന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വകയായി പ്രത്യേക ഉപഹാരം നല്‍കി.

കേരള സമാജത്തിന്റെ 45 -ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ( കേരള സന്ദേശം) സുവനീറിന്റെ പ്രകാശനം സെന്റ് വിന്‍സന്റ് ഡി പോള്‍ പള്ളി വികാരി ഫാ. നോബി അയ്യനേത്തിന് ആദ്യ പ്രതി നല്‍കിക്കൊണ്ട് മാര്‍ സ്ഥേപ്പാനോസ് നിര്‍വ്വഹിച്ചു. ലീലാ മാരേട് ചീഫ് എഡിറ്ററായിട്ടുള്ള ഒരു എഡിറ്റോറിയല്‍ ബോര്‍ഡാണ് പ്രസിദ്ധീകരണത്തിന് മുന്‍ കൈ എടുത്ത് പ്രവര്‍ത്തിച്ചത്.

2017 സമ്മര്‍ പിക്‌നിക്കില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മാനങ്ങള്‍ നല്‍കി. ജോസ് ചുമ്മാര്‍ ആയിരുന്നു പിക്‌നിക്ക് കോ ഓര്‍ഡിനേറ്റര്‍. തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ റിയ അലക്‌സാണ്ടര്‍, ലാലു വര്‍ഗീസ്, ജോജോ തോമസ്, ഷെര്‍ളി സെബാസ്റ്റ്യന്‍, സൂസന്‍ വര്‍ഗീസ്, സിബി ഡേവിഡ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

സോണിയ ജോസഫിന്റെ നൃത്തവും ഏമി തോമസ്, ആഷ് ലി മറ്റം, ജ്യോതി തോമസ്, ജീവന്‍ തോമസ്, ലിയാ ഷാജി , മാഡിലില്‍ കുരുവിള എന്നിവരുടെ വൈവിധ്യമാര്‍ന്ന സമൂഹ നൃത്തങ്ങളും അവതരിപ്പിച്ചു. സമാജം സെക്രട്ടറി വിന്‍സന്റ് സിറിയക്ക് ആയിരുന്നു എംസി. വൈസ് പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട് സ്വാഗതവും ട്രഷറര്‍ വിനോദ് കെയാര്‍കെ നന്ദി പ്രകടനവും നടത്തി. മെലനി ജോണ്‍ അമേരിക്കന്‍ ദേശീയ ഗാനവും സൂസന്‍ വര്‍ഗീസും ഗ്രേസ് ജോണും ചേര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

കലാപരിപാടികള്‍ക്കുശേഷം സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here