കോതമംഗലം: അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഫൊക്കാന കേരളത്തിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ജനങ്ങളുടെ കുടിയിലേക്ക് രോഗനിര്‍ണ്ണയ ഉപകരണങ്ങളും, അത്യാഹിത രക്ഷാ സജ്ജീകരണങ്ങളും എത്തിക്കുന്നു. ഇതിലൂടെ കുട്ടമ്പുഴയെ രോഗവിമുക്ത ഗ്രാമമാക്കി മാറ്റുകയാണ് ഫൊക്കനയുടെ ലക്ഷ്യം.

കേരളത്തിലെ വിദൂര ഗ്രാമങ്ങളിലൊന്നാണ് കുട്ടമ്പുഴ. 2011-ലെ കണക്ക് പ്രകാരം അവിടുത്തെ ജനസംഖ്യ 24,791 ആണ്. കുട്ടമ്പുഴ പഞ്ചായത്തില്‍ നിന്നും 15 കിലോമീറ്റര്‍ വനത്തിലൂടെ നടന്നുവേണം ആദിവാസികളുടെ കുടിയിലെത്താന്‍. അതുകൊണ്ടുതന്നെ ഇവര്‍ക്ക് പുറംലോകവുമായി ആശയവിനിമയം സാധ്യമല്ല. അതിനാല്‍ അപകടങ്ങള്‍ നടന്നാല്‍ പോലും 15 കിലോമീറ്റര്‍ മറികടന്നുവേണം കുട്ടമ്പുഴ പഞ്ചായത്തിലെ ജീപ്പ് പോലുള്ള വാഹനങ്ങളെ ആശ്രയിക്കാന്‍. ഇതിമൂലം അപകടങ്ങള്‍ സംഭവിച്ചാല്‍ വിദഗ്ധ ചികിത്സ കിട്ടാതെയുള്ള മരണം ഇവിടെ പതിവാണ്. ഓരോ വര്‍ഷവും നൂറിലേറെ ആദിവാസി ജനങ്ങള്‍ക്ക് പാമ്പുകടിയേല്‍ക്കുകയും, മരത്തില്‍ നിന്നു വീഴുകയും, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുകയും ചെയ്യുന്നു. അത്യാഹിത സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകളേയും തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ മരണപ്പെടുന്നു.

ഈ പ്രതിസന്ധിക്ക് പരിഹാരമായും, കുട്ടമ്പുഴയിലെ ആദിവാസികളുടെ മരണനിരക്ക് കുറയ്ക്കാനും, ഫൊക്കാനയുടെ പ്രതിനിധികളായ പോള്‍ കറുകപ്പള്ളി, ജോയ് ഇട്ടന്‍, ഫിലിപ്പോസ് ഫിലിപ്പ് എന്നിവരും , അമേരിക്കന്‍ സംഘടനയായ എന്‍.എ.ഐ.ഐ.പി ഭാരവാഹികളും, കൂടാതെ അമൃത ഹോസ്പിറ്റല്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവരും ഈ സംരംഭത്തില്‍ അണിചേരുന്നു.

ഇതിലൂടെ കുട്ടമ്പുഴയിലെ 14 കുടികളില്‍ ആരോഗ്യ നിരീക്ഷണ ഉപകരണങ്ങള്‍ നല്‍കുകയും, അത്യാഹിതം സംഭവിച്ചാല്‍ ആശുപത്രികളേയും ജീപ്പ്, ആംബുലന്‍സ് തുടങ്ങിയ വാഹനങ്ങളേയും വിവരം അറിയിക്കാനും ഇവയുടെ സാന്നിധ്യം ജനങ്ങളെ അറിയിക്കാനുമായി വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാ ജീപ്പ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും എത്തിക്കുന്നു.

ഇതിനു മുന്നോടിയായി 2018 ജനുവരി 28-നു കുട്ടമ്പുഴയിലെ സ്‌പെഷാലിറ്റി ക്ലിനിക്കല്‍ ലബോറട്ടറി അംഗമായ ബിനോയ്, പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ സുഗുണന്‍, വാര്‍ഡ് മെമ്പര്‍ നിബി എബി, ഫൊക്കാനയെ പ്രതിനിധീകരിച്ച് ജോയ് ഇട്ടന്‍, ഉരുളന്തണ്ണി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ ഉരുളന്തണ്ണി സരസ്വതി ശിശുമന്ദിരം സ്കൂളില്‍ വച്ച് ഈ ദൗത്യത്തിനു തുടക്കംകുറിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യു.എസ്.എ 847 562 1051, ഇന്ത്യ 9496 955 379.

LEAVE A REPLY

Please enter your comment!
Please enter your name here