ന്യൂജഴ്സി ∙ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയും നാമവും ചേർന്ന് ഓഗസ്റ്റ് ഏഴിന് സംഘടിപ്പിച്ച ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ജോൺ പി. ജോണിനെയും ബോർഡ് ഓഫ് ട്രസ്റ്റി ചെയർ പോൾ കറുകപ്പിളളിലിനെയും ആദരിച്ചു. കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി പ്രസിഡന്റ് ജെ. പി. കുളമ്പിൽ, നാമം പ്രസിഡന്റ് ജിതേഷ് തമ്പി, മഞ്ച് പ്രസിഡന്റ് ഷാജി വർഗീസ്, നാമം ബോർഡ് ഓഫ് ട്രസ്റ്റി ചെയർ മാധവൻ ബി. നായർ എന്നിവർ സന്നിഹിതരായിരുന്നു.

fokana-leaders-newjercy1

ന്യൂജഴ്സിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള അസോസിയേഷൻ പ്രസിഡന്റുമാരെ കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ജോൺ പി. ജോൺ പറഞ്ഞു. അസോസിയേഷനുകളുടെ പിന്തുണയില്ലാതെ ഫൊക്കാനയ്ക്ക് പ്രസക്തിയില്ലെന്നു പറഞ്ഞ പ്രസിഡന്റ് 2016 ൽ എല്ലാ പ്രസിഡന്റുമാരെയും ആദരിക്കുമെന്നും കൂട്ടിച്ചേർത്തു. ഐക്യത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും അനുരഞ്ജന നീക്കങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 12 ന് കേരളപ്പിറവി സുവർണ ജൂബിലിയോടനുബന്ധിച്ച് കേരള യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് ഹാളിൽ നടക്കുന്ന ഭാഷയ്ക്കൊരു ഡോളർ പുരസ്കാരദാന പരിപാടിയെക്കുറിച്ച് ജോൺ പി. ജോൺ സംസാരിച്ചു. മികച്ച പിഎച്ച്ഡി പ്രബന്ധത്തിന് കാഷ് അവാർഡ് തദവസരത്തിൽ സമ്മാനിക്കും.

ടൊറന്റോയിൽ 2016 ജൂലൈ 2, 3, 4 തീയതികളിൽ നടക്കുന്ന ഫൊക്കാന കൺവൻഷനിലേക്ക് പ്രസിഡന്റ് എല്ലാവരേയും സ്വാഗതം ചെയ്തു.

ഐക്യത്തിനുവേണ്ടി നേതാക്കൾ നടത്തുന്ന ശ്രമങ്ങൾ ഏറെ താൽപര്യത്തോടെയാണ് കാണുന്നതെന്ന് പോൾ കറുകപ്പിളളിൽ പറഞ്ഞു. ഐക്യശ്രമങ്ങൾ നല്ലതാണെന്നു പറഞ്ഞ അദ്ദേഹം ആദ്യ മലയാളി അസോസിയേഷനായ ഫൊക്കാനയുടെ പേര് നിലനിർത്തിക്കൊണ്ടുളള ഏത് ഐക്യശ്രമത്തെയും പിന്തുണക്കുമെന്ന് കൂട്ടിച്ചേർത്തു. 2006 മുതൽ ഫൊക്കാനയിൽ അംഗത്വമെടുത്തിരുന്ന 96 % അസോസിയേഷനുകളും ഫൊക്കാനയിൽ തിരിച്ചെത്തിക്കഴിഞ്ഞെന്നും മഞ്ച് തുടങ്ങിയ സംഘടനകൾക്ക് പിന്നാലെ കൂടുതൽ സംഘടനകളെ കാത്ത് ഫൊക്കാന ഇനിയും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ആളുകളെ ചേർക്കുന്നതിന് കൂട്ടായ ശ്രമം നടത്തേണ്ടതിന്റെ ആവശ്യകത നാമം ബി ഒഡി ചെയർ മാധവൻ നായർ എടുത്തു പറഞ്ഞു. മഞ്ചുമായി ചേർന്ന് ഇക്കാര്യത്തിനായി കൂടുതൽ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാനയിൽ ചേരുന്നതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ മാധവൻ നായർ ഫൊക്കാനയുടെ 2016 കൺവൻഷനിലേക്ക് നാമത്തിൽ നിന്നും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

നാമി അവാർഡ് നേടിയ ഫൊക്കാന പ്രസിഡന്റിനെ മഞ്ച് പ്രസിഡന്റ് ഷാജി വർഗീസ് അഭിനന്ദിച്ചു. മറ്റ് സംഘടനകൾക്ക് മാതൃകയായും പരസ്പര ഐക്യത്തിലും ന്യൂജഴ്സിയിൽ പ്രവർത്തിക്കുന്ന രണ്ട് സംഘടനകളാണ് മഞ്ചും നാമവുമെന്ന് ഷാജി വർഗീസ് പറഞ്ഞു. അസോസിയേഷനുകളിൽ ഐക്യത്തിന്റെ പുതു സന്ദേശം നൽകി ഇത്തവണ നാമവും മഞ്ചും യോജിച്ച് ഓണം ആഘോഷിക്കുമെന്ന് ഷാജി അറിയിച്ചു.

ഫൊക്കാനയുടെ ദേശീയ നേതാക്കൾക്കൊപ്പമായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കേരള അസോസിയേഷൻ ന്യൂജഴ്സി പ്രസിഡന്റ് ജോ പി കുളമ്പിൽ പറഞ്ഞു. ന്യൂജഴ്സിയിലെ എല്ലാ അസോസിയേഷനുകളുടെയും പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി 2016 ഏപ്രിലിൽ ഒരു പരിപാടിക്കു പ്ലാനിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാമവും മഞ്ചും സംയുക്തമായി നടത്തുന്ന ഇത്തവണത്തെ ഓണം ആഘോഷങ്ങൾ വൻ വിജയമാക്കുവാൻ ന്യൂജഴ്സി മലയാളി സമൂഹത്തെ നാമം പ്രസിഡന്റ് ജിതേഷ് തമ്പി സ്വാഗതം ചെയ്തു. മഞ്ച് വൈസ് പ്രസിഡന്റ് സജി മോൻ ആന്റണി സ്വാഗതവും സഞ്ജീവ് നായർ കൃതജ്ഞതയും പറഞ്ഞു. സുധാകർ മേനോൻ, സജിത് ഗോപിനാഥ്, സജിത് പരമേശ്വരൻ, മഞ്ച് സെക്രട്ടറി ഉമ്മൻ കെ. ചാക്കോ തുടങ്ങിയവരും പരിപാടികളിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here