തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ. ശശീന്ദ്രന്റെ മന്ത്രിസഭ പുനപ്രവേശം നിയമസഭാ സമ്മേളനത്തിന് ശേഷം നടപ്പാവും. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തത്വത്തില്‍ ധാരണയായി. ഇക്കാര്യം അറിയിക്കാന്‍ എന്‍.സി.പി നേതാക്കള്‍ ഇന്ന് ദേശീയനേതൃത്വത്തെ കാണും.

എ.കെ. ശശീന്ദ്രന് പിന്നാലെ തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ അടുത്ത മന്ത്രിയാരാകും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമായിരുന്നു എന്‍.സി.പിയിലുണ്ടായിരുന്നത്. ആരാദ്യം കുറ്റവിമുക്തനാവുന്നോ അയാള്‍ മന്ത്രിയാകും. അതുകൊണ്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാതിരിക്കാന്‍ പാര്‍ട്ടിയിലെ എതിര്‍പക്ഷം പോലും ന്യായങ്ങള്‍ നിരത്തുന്നില്ല. കൂടാതെ കോടതി വിധിയെത്തിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ.ശശീന്ദ്രനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത് സി.പി.എമ്മിന്റെ പച്ചക്കൊടിയായി വിലയിരുത്തുന്നു.

എ.കെ.ശശീന്ദ്രന് മന്ത്രിയാകുന്നതില്‍ ധാര്‍മികമായി പോലും തടസമില്ലെന്ന് പറഞ്ഞ് സി.പി.ഐയും നിലപാട് വ്യക്തമാക്കി. ഇനി ഇക്കാര്യം എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയെന്ന നടപടിമാത്രമാണ് അവശേഷിക്കുന്നത്. അതിന് മുന്നോടിയായാണ് എന്‍.സി.പി സംസ്ഥാന നേതാക്കള്‍ ദേശിയ അധ്യക്ഷന്‍ ശരത് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന ശുപാര്‍ശ മുന്നോട്ട് വയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തെ അനുകൂല സാഹചര്യവും ബോധ്യപ്പെടുത്തും. ബജറ്റിന് മുന്നോടിയായുള്ള നിയമസഭ സമ്മേളനവും സി.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളും നടക്കുന്നതിനാല്‍ അതിന് ശേഷമാവും മന്ത്രിയാക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക

LEAVE A REPLY

Please enter your comment!
Please enter your name here