ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആദ്യദിനം തന്നെ ഇരുസഭകളിലും സമര്‍പ്പിക്കും. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷനേതാക്കള്‍ രാവിലെ യോഗം ചേരും.

രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇത്തവണത്തേത്. ഇരുസഭകളുടെയും സംയുക്തയോഗത്തെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 നാണ് രാഷ്ട്രപതി അഭിസംബോധന ചെയ്യുക. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിനെ ഉറ്റുനോക്കുന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം. റയില്‍വേയ്ക്കുള്ള നീക്കിയിരിപ്പും പൊതുബജറ്റില്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സമ്പൂര്‍ണ ബജറ്റ്. ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള ആദ്യ ബജറ്റ്. മുത്തലാഖ് നിരോധന ബില്‍, പിന്നാക്ക വിഭാഗ കമ്മിഷന്‍ ബില്‍ തുടങ്ങിയ നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളനകാലയളില്‍ പരിഗണനയ്ക്ക് വരും.

സുപ്രീംകോടതിയിലെ പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കും. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാറും ഇന്നലെ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 9 ന് അവസാനിക്കും. മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 6വരെയാണ് രണ്ടാംഘട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here