ഫിലഡല്‍ഫിയ:  ഇസ്രയേല്‍ തലസ്ഥാനം ടെല്‍അവീവില്‍നിന്നും ജറുസലേമിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്ന പ്രഖ്യാപനം ശ്വാസിത ലോകസമാധാനത്തിന്റെ അന്തിമമായിരിക്കും. ഈസ്റ്റ് ജറുസലേം പലസ്തീന്‍കാരുടെ ഭാവി തലസ്ഥാനമായി കരുതപ്പെടുന്നു. 1967 ല്‍ അയല്‍രാജ്യങ്ങളായ സിറിയ, ഈജിപ്റ്റ്, ജോര്‍ദ്ദാന്‍ രാജ്യങ്ങളോട് യുദ്ധം ചെയ്ത് ഇസ്രയേല്‍ കീഴടക്കിയതാണ് ഈസ്റ്റ് ജറുസലം. വിശുദ്ധ നഗരമായ ജറുസലമിന്റെ പടിഞ്ഞാറുഭാഗം 1948 ലെ അറബ് ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ തന്നെ ബലമായി പിടിച്ചെടുത്തു. ഇസ്രയേലിന് ജറുസലേമിന്റെ മേലുള്ള മേല്‍ക്കോയ്മയും ഉടമസ്ഥതയും നീതിന്യായ പരിപാലനവും അമേരിക്ക അടക്കം അന്തര്‍ദേശീയ സമൂഹം അംഗീകരിച്ചിട്ടില്ല.

സകല രാഷ്ട്രീയ നയങ്ങളും കാര്യക്രമതയും കാറ്റില്‍ പറപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ഡ്രംപ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ അമേരിക്കന്‍ എംബസിയും ജറുസലമിലേക്ക് മാറ്റി സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ യുഎന്‍ ജനറല്‍ അസംബ്ലി റെസലൂഷനില്‍ 151 രാജ്യങ്ങള്‍ ഇസ്രായേല്‍ നീക്കത്തെ നിഷേധിച്ചും, അമേരിക്ക അടക്കം വെറും 6 രാജ്യങ്ങള്‍ അംഗീകരിച്ചും വോട്ട് രേഖപ്പെടുത്തി.

ക്രിസ്ത്യാനികളും യഹൂദമതസ്ഥരും ഇസ്ലാമികളും അതിവിശുദ്ധസ്ഥലമായി അംഗീകരിക്കുന്ന ജെറുസലേമിനെ പൂര്‍വ്വസ്ഥിതിയില്‍ തന്നെ നിലനിര്‍ത്തണമെന്നും ഒരു രാജ്യത്തിന്റേയും അപ്രമാധിത്യം അംഗീകരിയ്ക്കരുതെന്നും ബഹുഭൂരിപക്ഷത്തോടുകൂടി പാസാക്കിയ യു. എന്‍. റെസലൂഷനെ നിശേഷം നിരാകരിച്ചുകൊണ്ടുള്ള നിലപാടാണു അമേരിയ്ക്ക സ്വീകരിച്ചത്. അമേരിയ്ക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് യിസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിയ്ക്കു സമീപം കൂടിയ സമ്മേളനത്തില്‍ നിന്നും ഇസ്രയേലിലുള്ള അറബ് നേതാക്കള്‍ വാക്കൗട്ട് നടത്തി. ‘‘ജറുസലേം പാലസ്തീന്‍കാരുടെ തലസ്ഥാനം’’ ആണെന്നുള്ള ഇംഗ്ലീഷിലും അറബിയിലുമുള്ള ബോര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. പാലസ്തീനിയന്‍ അതോറിറ്റി പ്രസിഡന്റായ മഹ്മൂദ്ദ് അബ്വാസ് തന്റെ ബ്രസീല്‍ സന്ദര്‍ശന വേളയില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളോട് പലസ്തീനിയനെ ഒരു ഏകീകൃത രാജ്യമായി അംഗീകരിക്കണമെന്നും, 1967 ഇസ്രായേല്‍ ബലമായി വെട്ടിപ്പിടിച്ച പ്രദേശങ്ങള്‍ വിട്ടു തരണമെന്നും ആവശ്യപ്പെട്ടു.

അനേകം ആണ്ടുകളായി അനുദിനം യുദ്ധവും യുദ്ധഭീഷണിയും അതോടൊപ്പം ചാവേര്‍ ആക്രമണങ്ങളും മിഡില്‍ ഈസ്റ്റ് ഏരിയായില്‍ നിലനില്‍ക്കുകയാണ്. സമാധാനന്തരീക്ഷം കൈവരിയ്ക്കുവാനുള്ള ഉദ്യമങ്ങള്‍ ഉപേക്ഷിച്ചു സമാധാന കാംഷികളായ ലോകരാഷ്ട്രങ്ങളെ പ്രകോപിപ്പിക്കുന്ന നിലയിലേയ്ക്കാണു നെതന്യാഹുവിന്റെയും ഡ്രംപിന്റെയും നീക്കം. 1948 മെയ് മാസം 14ാം തീയതി ജ്യൂവിഷ് ഏജന്‍സി നേതാവായ ഡേവിഡ് ബെന്‍ ഗുരിയോണ്‍ സ്ഥാപിച്ച സ്‌റ്റേറ്റ് ഓഫ് യിസ്രായേലിന്റെ തുടക്കം മുതല്‍ അമേരിക്കന്‍ സഹായത്തിലും സംരക്ഷണത്തിലുമാണ് ലോകശക്തിയായി മാറിയ യിസ്രായേല്‍ നിലനില്‍ക്കുന്നത്. മിഡില്‍ ഈസ്റ്റ് ഏരിയയില്‍ സമാധാനം പുനഃസ്ഥാപിയ്ക്കുവാന്‍ അമേരിയ്ക്ക എന്ന മഹാലോകശക്തിക്കു മാത്രമേ സാധിക്കൂ. സൗദി അറേബ്യ അടക്കം സാമ്പത്തിക ശക്തിയുള്ള ഇറാന്‍ ഒഴികെ, എല്ലാ അറബ് രാജ്യങ്ങളുമായി ഉറ്റ ചങ്ങാതിത്വം അമേരിക്ക പ്രശ്‌നരഹിതമായി പുലര്‍ത്തുന്നു.

1992 നുശേഷം ഇസ്രായേലും ഇന്ത്യയുമായുള്ള ഇരുപക്ഷ ബന്ധം ശക്തമാണ്. ഇരു രാജ്യങ്ങളുമായി സാമ്പത്തികമായും, സൈനിക സംബന്ധമായും തന്ത്രപ്രധാനമായും വളരെ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്വുന്ന മിലിട്ടറി എക്യുപ്‌മെന്റ്, റഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യിസ്രായേലില്‍ നിന്നുമാണ്. ഏതാനും സംവത്സരങ്ങളായി പതിനായിര കണക്കിനു ഇന്‍ഡ്യക്കാര്‍ യിസ്രായേലില്‍ ഉദ്യോഗാര്‍ത്ഥം എത്തിച്ചേര്‍ന്നിട്ടുണ്ട്. മലയാളികളില്‍ അധികവും ആതുരസേവനരംഗത്തു ജോലി ചെയ്യുന്നവരാണ്. ഇസ്രായേലിന്റെ തലസ്ഥാനമാറ്റത്തിലും അമേരിക്ക ഇസ്രയേല്‍ ബന്ധ വിഷയത്തിലും ഇന്ത്യയുടെ മൗന നയമായിരിയ്ക്കും ഏവര്‍ക്കും അംഗീകൃതം. ഇന്‍ഡ്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും തുടര്‍ന്നുള്ള രാഷ്ട്രീയ ഗുരുക്കളായ നേതാക്കളുടെയും ‘ചേരിചേരാനയം’ ഈ നവയുഗത്തില്‍ സത്യമായും സംതൃപ്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here