കോട്ടയം:കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ കേരളകോണ്‍ഗ്രസ് നേതൃത്വം രണ്ടുതട്ടില്‍. കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധപാര്‍ട്ടിയല്ലെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു. കര്‍ഷകര്‍ക്ക് ഗുണവും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കര്‍ഷകരെ ഏറ്റവുമധികം വഞ്ചിച്ചത് കോണ്‍ഗ്രസാണെന്ന പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിമുഖപത്രത്തിലൂടെ കെ.എം.മാണി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ പ്രതിരോധിച്ച് പി.ജെ.ജോസഫിന്റെ പ്രതികരണം. കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധപാര്‍ട്ടിയാണോ എന്ന ചോദ്യത്തോട് ജോസഫിന്റെ മറുപടി ഇങ്ങനെ.

മലയോരകര്‍ഷകരുടെ പട്ടയപ്രശ്‌നത്തില്‍ കേരളകോണ്‍ഗ്രസ് സ്വീകരിച്ച അനുകൂലനിലപാടിന് എതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും കെ.എം.മാണി ആരോപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും പട്ടയം നല്‍കിയിട്ടുണ്ടല്ലോയെന്ന് പി.ജെ.ജോസഫ് ചൂണ്ടിക്കാണിക്കുന്നു.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചര്‍ച്ചചെയ്തതിനുശേഷം നിലപാട് സ്വീകരിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. മാണിയെ യു.ഡി.എഫിലേക്ക് എത്തിക്കുന്നതിന് കോണ്‍ഗ്രസ് ശ്രമം തുടങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിച്ഛായയിലെ അഭിമുഖത്തില്‍ മാണി ഇടത് ആഭിമുഖ്യത്തിന്റെ സൂചനകള്‍ നല്‍കിയത്. എന്നാല്‍ ഇടതുമുന്നണിയുമായി അടുക്കാനുള്ള മാണിയുടെ നീക്കത്തോട് താല്‍പര്യമില്ലെന്ന് പി.ജെ.ജോസഫിന്റെ പ്രതികരണം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here