ന്യൂഡല്‍ഹി: കൃഷി, ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, അടിസ്ഥാനസൗകര്യം എന്നീ മേഖലകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ മാറ്റുമെന്ന് ഗവണ്‍മെന്റ് കരുതുന്നു. ഘടനാപരമായ പരിഷ്‌കാരങ്ങളോടു പൊരുത്തപ്പെടുന്നതില്‍ രാജ്യം മികവു കാട്ടിയെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. ഉല്‍പാദന, സേവന, കയറ്റുമതി രംഗങ്ങള്‍ വളര്‍ച്ചയുടെ പാതയിലായ സാഹചര്യത്തില്‍ രാജ്യം ക്രമേണ എട്ടു ശതമാനത്തിലേറെ വളര്‍ച്ച നേടുമെന്നാണു പ്രതീക്ഷ.

മിക്ക റാബി വിളകളുടേതുമെന്നപോലെ എല്ലാ അപ്രഖ്യാപിത ഖാരിഫ് വിളകളുടെയും കുറഞ്ഞ തറവില അവയുടെ ഉല്‍പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായിരിക്കും. 2018-19ലെ സുസ്ഥാപിത കാര്‍ഷിക വായ്പ 11 ലക്ഷം കോടിയിലേറെ രൂപയായി ഉയര്‍ത്തി. 2014-15ല്‍ ഇത് 8.5 ലക്ഷം കോടി രൂപയായിരുന്നു.

86% ചെറുകിട കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി 22,000 തുറന്ന ഗ്രാമീണ വിപണികള്‍ സ്ഥാപിച്ച് അവ ഗ്രാമീണ കാര്‍ഷിക വിപണികളായി വികസിപ്പിക്കും

ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി എന്നിവയുടെ വിലവ്യതിയാനം നിയന്ത്രിക്കുക വഴി കര്‍ഷകരെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനായി ‘ഓപ്പറേഷന്‍ ഗ്രീന്‍സ്’ പ്രഖ്യാപിച്ചു.

മല്‍സ്യബന്ധന, മൃഗപരിപാലന രംഗങ്ങള്‍ക്കായി പതിനായിരം കോടി രൂപയുടെ രണ്ടു പുതിയ ഫണ്ടുകള്‍ പ്രഖ്യാപിച്ചു. പുനഃസംഘടിപ്പിക്കപ്പെട്ട ദേശീയ ബാംബൂ മിഷന് 1290 കോടി രൂപ പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം 42,500 കോടി രൂപയുടെ വായ്പയാണു വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കു നല്‍കിയിരുന്നതെങ്കില്‍ 2019ല്‍ ഇത് 75,000 കോടി രൂപയായി ഉയര്‍ത്തും.
ദരിദ്രര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും സൗജന്യ പാചകവാതക കണക്ഷനുകളും വൈദ്യുതിയും ശൗചാലയങ്ങളും ലഭ്യമാക്കുന്നതിനുള്ള ഉജ്ജ്വല, സൗഭാഗ്യ, സ്വച്ഛ് മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയ്ക്കായുള്ള വിഹിതം 1.38 ലക്ഷം കോടി രൂപയായിരിക്കും. 2022 ആകുമ്പോഴേക്കും എല്ലാ ഗോത്രവര്‍ഗ ബ്ലോക്കുകളിലും താമസിച്ചു പഠിക്കാന്‍ സൗകര്യമുള്ളതും നവോദയ വിദ്യാലയങ്ങള്‍ക്കു സമാനവുമായ ഏകലവ്യ സ്‌കൂളുകള്‍ ആരംഭിക്കും. പിന്നാക്ക ജാതിക്കാര്‍ക്കായുള്ള ക്ഷേമഫണ്ട് വര്‍ധിപ്പിക്കും. ആരോഗ്യരംഗത്ത് ഉള്‍പ്പെടെയുള്ള മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണം, അടിസ്ഥാനസൗകര്യം എന്നീ രംഗങ്ങളില്‍ നിക്ഷേപം ലഭ്യമാക്കുന്നതിനായി ‘റീവൈറ്റലൈസിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് സിസ്റ്റംസ് ഇന്‍ എജ്യുക്കേഷന്‍ ബൈ 2022 (റൈസ്) എന്ന ബൃഹദ്പദ്ധതി പ്രഖ്യാപിച്ചു. നാലു വര്‍ഷത്തിനകം 1,00,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യംവെക്കുന്നത്.

അധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 20 ലക്ഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ സര്‍വേ നടത്തി. അധ്യാപകരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഇന്റഗ്രേറ്റഡ് ബി.എഡ്. കോഴ്‌സുകള്‍ ആരംഭിക്കും. പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെല്ലോസ് (പി.എം.ആര്‍.എഫ്.) പദ്ധതിക്കും ഈ വര്‍ഷം തുടക്കമിടും. 1,000 ബി.ടെക് വിദ്യാര്‍ഥികള്‍ക്കു ഫെലോഷിപ്പ് നല്‍കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെയും ഗ്രാമീണ കുടുംബങ്ങളിലെയും അംഗങ്ങളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി വ്യക്തിഗത ആദായ നികുതിയില്‍ നിന്നും കമ്പനി നികുതിയില്‍നിന്നും നാലു ശതമാനം ‘ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ്’ ഈടാക്കും. ഇതുവഴി 11,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ചരക്കുസേവന നികുതി നടപ്പാക്കിയതിന് ശേഷം അവതരിപ്പിക്കപ്പെടുന്ന ആദ്യ ബജറ്റില്‍ പരോക്ഷനികുതികളില്‍ കസ്റ്റംസ് നികുതി സംബന്ധിച്ചാണു നിര്‍ദേശങ്ങള്‍ കൂടുതലും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കസ്റ്റംസ് തീരുവ പരിഷ്‌കരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍നിന്ന് 20 ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കശുവണ്ടി സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കശുവണ്ടിക്കു മേലുള്ള കസ്റ്റംസ് തീരുവ നിലവിലുള്ള അഞ്ചു ശതമാനത്തില്‍നിന്ന് 2.5 ശതമാനമായി കുറച്ചു.

ചരക്കുസേവന നികുതി പ്രാബല്യത്തിലായ സാഹചര്യത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ പേര് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് എന്നാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.

രണ്ടാം ഘട്ട, മൂന്നാം ഘട്ട ചികില്‍സകള്‍ക്ക് ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയെന്ന പരിധിയോടെ പത്തു കോടിയിലേറെ ദരിദ്ര കുടുംബങ്ങള്‍ക്കായി ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കും. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതിയായിരിക്കും ഇത്.

ധനക്കമ്മി 3.5 ശതമാനത്തില്‍ നിര്‍ത്താന്‍ സാധിച്ചു. 2018-19ല്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.3 ശതമാനമാണ്. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായി 5.97 ലക്ഷം കോടി അനുവദിച്ചു. പത്തു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കും.

കൃത്രിമ ബുദ്ധി സംബന്ധിച്ച ദേശീയതലപദ്ധതിക്കു നിതി ആയോഗ് മുന്‍കയ്യെടുക്കും.റൊബോട്ടിക്‌സ്, കൃത്രിമ ബുദ്ധി, ഇന്‍ര്‍നെറ്റ് തുടങ്ങിയ മേഖലകള്‍ക്കായി മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

2017-18ല്‍ ഓഹരി വിറ്റഴിക്കല്‍ വഴി ലക്ഷ്യമിട്ട 72,5000 കോടി രൂപ പിന്നിട്ട സാഹചര്യത്തില്‍ 2018-19ല്‍ ലക്ഷ്യം വെക്കുന്നത് 80,000 കോടി രൂപയാണ്. 2017-18ലെ വരുമാനം ഒരു ലക്ഷം കോടി കടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, യുനൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്റല്‍ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവ ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കും.

സ്വര്‍ണം സ്വത്തിനമായി കാണുന്നതിനുള്ള സമഗ്ര സ്വര്‍ണ നയം തയ്യാറായിവരുന്നു. നിയന്ത്രണങ്ങളോടു കൂടിയ സ്വര്‍ണ എക്‌സ്‌ചേഞ്ചുകള്‍ ആരംഭിക്കും. സ്വര്‍ണനിക്ഷേപ പദ്ധതി തലവേദനകള്‍ ഇല്ലാത്തതാക്കി മാറ്റുകയും ചെയ്യും.

രാഷ്ട്രപതിയുടെ പ്രതിമാസ പ്രതിഫലം അഞ്ചു ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേത് നാലു ലക്ഷം രൂപയും ഗവര്‍ണറുടേത് 3.5 ലക്ഷം രൂപയുമാക്കാന്‍ തീരുമാനിച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം 2018 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരുംവിധം പുതുക്കും. ഇത് പണപ്പെരുപ്പത്തിനനുസരിച്ച് അഞ്ചു വര്‍ഷ ഇടവേളകളില്‍ സ്വയം പുതുക്കപ്പെടുന്ന സംവിധാനവും ഏര്‍പ്പെടുത്തും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാമതു ജന്‍മ വാര്‍ഷികം ആഘോഷിക്കുന്നതിനായി 150 കോടി രൂപ നീക്കിവെച്ചു.
നൂറു കോടിയിലേറെ വാര്‍ഷിക വിറ്റുവരവുള്ള കാര്‍ഷികോല്‍പന്ന കമ്പനികളുടെ ലാഭത്തിന് 2018-19 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നൂറു ശതമാനം ഇളവു നല്‍കും.

ആദായ നികുതി നിയമത്തിലെ 80-ജെ.ജെ.എ.എ. വകുപ്പു പ്രകാരം പുതിയ ജീവനക്കാര്‍ക്കു നല്‍കുന്ന ആനുകൂല്യത്തില്‍ 30 ശതമാനം കുറവു വരുത്തുന്നത് ചെരുപ്പ്, തുകല്‍ വ്യവസായത്തില്‍ 150 ദിവസത്തേക്കായി പരിമിതപ്പെടുത്തും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഇത്.

സര്‍ക്കിള്‍ റേറ്റ് മൂല്യം പരിഗണിക്കപ്പെടുന്നതിന്റെ അഞ്ചു ശതമാനത്തിലേറെ അല്ലാത്തപക്ഷം സ്ഥാവരവസ്തുക്കള്‍ സംബന്ധിച്ച ഇടപാടില്‍ ഇളവുണ്ടായിരിക്കില്ല.

50 കോടിയില്‍ താഴെ മാത്രം വിറ്റുവരവുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ നല്‍കിവരുന്ന 25 ശതമാനമെന്ന നിരക്കിളവ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്കു ലഭ്യമാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചു. ഇതു സുക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു ഗുണകരമാകും.

പലവക ചികില്‍സാച്ചെലവുകള്‍ നല്‍കുകയും ഗതാഗത അലവന്‍സ് കുറയ്ക്കുകയും ചെയ്യുന്ന നിലവിലുള്ള സംവിധാനത്തിനു പകരം 40,000 രൂപയുടെ അംഗീകൃത ഇളവ് എര്‍പ്പെടുത്തും. ഇത് ശമ്പളക്കാരായ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ രണ്ടര കോടിയിലേറെ പേര്‍ക്കു ഗുണകരമാകും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമുള്ള നിക്ഷേപങ്ങളുടെ നികുതിവരുമാനത്തിനുള്ള ഇളവ് 10,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തി. 194എ വ്യവസ്ഥ പ്രകാരം സ്രോതസ്സില്‍ ഈടാക്കുന്ന നികുതി ബാധകമല്ല. എല്ലാ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും റിക്കറിങ് ഡെപ്പോസിറ്റുകള്‍ക്കും പലിശയ്ക്കും ഈ ആനുകൂല്യം ബാധകമാണ്.

ആദായ നികുതി നിയമത്തിലെ 80 ഡിഡിബി വകുപ്പ് പ്രകാരം ഗുരുതരമായ രോഗങ്ങള്‍കക്ക് അനുവദിച്ചിരുന്ന ചികില്‍സാച്ചെലവ് നേരത്തേ, മുതിര്‍ന്ന പൗരന്‍മാര്‍ക്കു 60,000 രൂപയും വളരെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 80,000 രൂപയും ആയിരുന്നത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.

പ്രധാനമന്ത്രി വയവന്ദന യോജന 2020 മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചു. ഒരു മുതിര്‍ന്ന പൗരന് 7.5 ലക്ഷം രൂപയെന്ന നിലവിലുള്ള പരിധി 15 ലക്ഷം രൂപയായി ഉയര്‍ത്താന്‍ നിര്‍ദേശിക്കും.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു ബജറ്റില്‍ വലിയ പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. വായ്പാ പിന്‍ബലം, മുടക്കുമുതല്‍, വായ്പാ സബ്‌സിഡി, പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തല്‍ എന്നവയ്ക്കായി 3794 കോടി രൂപ മാറ്റിവെച്ചു. 2015 ഏപ്രിലില്‍ ആരംഭിച്ച മുദ്രാ യോജന പ്രകാരം 10.38 കോടി വായ്പകളായി 4.6 ലക്ഷം കോടി രൂപ അനുവദിച്ചു. 76 ശതമാനത്തിലേറെ വായ്പ നേടിയത് സ്ത്രീകളും 50 ശതമാനത്തിലേറെ വായ്പ നേടിയത് പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, മറ്റു പിന്നോക്ക ജാതിക്കാര്‍ എന്നിവരുമാണ്. 2018-19ല്‍ മൂന്നു ലക്ഷം രൂപയുടെ മുദ്ര വായ്പകള്‍ നല്‍കാനാണു പദ്ധതി.

ഈ വര്‍ഷം മുറപ്രകാരമുള്ള 70 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണു സ്വതന്ത്രപഠനത്തില്‍ വെളിവായിട്ടുള്ളതെന്നു ധനമന്ത്രി വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനായി ഇ.പി.എഫിനു കീഴിലുള്ള പുതിയ ജീവനക്കാരുടെ കൂലിയുടെ 12 ശതമാനം അടുത്ത മൂന്നു വര്‍ഷത്തേക്കു ഗവണ്‍മെന്റ് വഹിക്കുമെന്ന് ശ്രീ. ജെയ്റ്റ്‌ലി വ്യക്തമാക്കി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആന്‍ഡ് മിസല്ലേനിയസ് പ്രൊവിഷന്‍സ് ആക്റ്റ്, 1952ല്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്നത് അടിസ്ഥാനസൗകര്യ മേഖലയാണെന്നു ചൂണ്ടിക്കാട്ടിയ ധനമന്ത്രി, മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ച ഉയര്‍ത്താനും റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയുടെ ശൃംഖല തീര്‍ക്കാനും 50 ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി. 2017-18ല്‍ അടിസ്ഥാന സൗകര്യമേഖലയ്ക്ക് 4.94 ലക്ഷം കോടി രൂപ അനുവദിച്ച സ്ഥാനത്ത് 2018-19ല്‍ 5.97 ലക്ഷം കോടി രൂപ അനുവദിക്കുമെന്നു പ്രഖ്യാപിച്ചു. ഭാരത് മാല പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ 35,000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിനായി 5,35,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി.

2018-19ല്‍ റെയില്‍വേയ്ക്കു പ്രതീക്ഷിക്കുന്ന ചെലവ് 1,48,528 കോടി രൂപയാണ്. 2017-18ല്‍ 4000 കിലോമീറ്റര്‍ വൈദ്യുതീകരിക്കപ്പെട്ട റയില്‍പ്പാത പൂര്‍ത്തിയാക്കാനാണു പദ്ധതി. കിഴക്ക്, പടിഞ്ഞാറ് ചരക്ക് ഇടനാഴികളുടെ നിര്‍മാണം അതിവേഗം പൂരോഗമിച്ചുവരികയാണ്.

എന്‍.എ.ബി.എച്ച്. നിര്‍മാണ്‍ പദ്ധതിയില്‍പ്പെടുത്തി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനശേഷി അഞ്ചു മടങ്ങിലേറെ വര്‍ധിപ്പിക്കാനുള്ള പദ്ധതി ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഉഡാന്‍ പദ്ധതി പ്രകാരം യാത്രാവിമാനങ്ങള്‍ എത്താത്ത 56 വിമാനത്താവളങ്ങളില്‍നിന്നും വിമാനങ്ങളും ഹെലികോപ്റ്ററുകള്‍ എത്താത്ത 31 ഹെലിപ്പാഡുകളില്‍നിന്നു ഹെലികോപ്റ്ററുകളും പറന്നുയരും.

കടപ്പത്ര വിപണിയില്‍നിന്നു പണം സമാഹരിക്കുന്നതിനായി നിക്ഷേപ യോഗ്യത റേറ്റിങ് ‘എ.എ.’യില്‍നിന്ന് ‘എ.’യിലേക്ക് മാറ്റാന്‍ നിയന്ത്രണ ഏജന്‍സികളോടു ധനമന്ത്രി അഭ്യര്‍ഥിച്ചു. രാജ്യത്തെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സര്‍വീസ് കേന്ദ്രങ്ങളിലെ എല്ലാ സാമ്പത്തിക സേവനങ്ങളും നിയന്ത്രിക്കുന്നതിനായി ഏകീകൃത സംവിധാനം രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതില്‍ സൈന്യം അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളെ അനുസ്മരിച്ച ധനമന്ത്രി, രണ്ടു പ്രതിരോധ വ്യാവസായിക ഉല്‍പാദന ഇടനാഴികള്‍ ആരംഭിക്കുമെന്ന് അറിയിച്ചു. ആധാറിനു സമാനമായി ഓരോ സംരംഭത്തിനും സവിശേഷ നമ്പര്‍ നല്‍കുന്നതിനുള്ള പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

2018 ജനുവരി 15 വരെയുള്ള കണക്കുപ്രകാരം 2017-18 സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി 18.7 ശതമാനം വര്‍ധിച്ചു. 2017-17ല്‍ 12.6 ശതമാനമായിരുന്നു വര്‍ധന. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നതായി ധനമന്ത്രി വെളിപ്പെടുത്തി. 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 6.47 കോടി നികുതിദായകരാണ് ഉണ്ടായിരുന്നതെങ്കില്‍ 2016-17ന്റെ അന്ത്യനാളുകളാകുമ്പോഴേക്കും ആകെ നികുതിദായകരുടെ എണ്ണം 8.27 കോടി ആയി ഉയര്‍ന്നു

LEAVE A REPLY

Please enter your comment!
Please enter your name here