ഹണ്ട്‌സ് വില്ല (ടെക്‌സസ്): 2001 ല്‍ ഒമ്പതും ആറും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിച്ചിരുന്ന പിതാവ് ജോണ്‍ ബാട്ടാഗ്ലിയാ (62) യുടെ  ശിക്ഷ ഫെബ്രുവരി 2 രാത്രി 9.30 ന് ടെക്‌സസ് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. അവസാന നിമിഷം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പെറ്റീഷന്‍ തീരുമാനം ലഭിക്കാന്‍ വൈകിയതിനാല്‍ വൈകിട്ട് 6 മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന ശിക്ഷ 9 വരെ നീട്ടിവെക്കേണ്ടി വന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

അമേരിക്കയില്‍ ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തേതും ഡാലസില്‍ നിന്നുള്ള രണ്ടാമത്തേതുമായ വധശിക്ഷയായിരുന്നു ഇത്. ഈ ചൊവ്വാഴ്ചയായിരുന്നു മറ്റൊരു പ്രതിയുടെ ശിക്ഷ നടപ്പാക്കിയത്. മൂന്നു വധശിക്ഷയും ടെക്‌സസില്‍ തന്നെയായിരുന്നു.

മുന്‍ ഭാര്യയെ മര്‍ദിച്ച കേസില്‍ പ്രൊബേഷനിലായിരുന്ന ജോണിനെ വീണ്ടും അറസ്റ്റു ചെയ്യുന്നതിന് മുന്‍ ഭാര്യ ശ്രമിച്ചതിന്റെ പ്രതികാരമായാണ് കുട്ടികളെ ക്രൂരമായി വെടിവെച്ചു കൊന്നത്. ഡാഡിയെ എന്തിനാണ് മമ്മി അറസ്റ്റ് ചെയ്യിക്കുന്നത്. അത് ചെയ്യരുത് എന്ന് ഫോണിലൂടെ മമ്മിക്കു സന്ദേശം നല്‍കുന്നതിനും ഡാഡിയോട് ഞങ്ങളെ കൊല്ലരുതെന്നുള്ള അപേക്ഷയും മമ്മി കേള്‍ക്കുന്നതിനിടെയാണ് കുട്ടികള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്.

2002 ല്‍ 20 മിനിട്ടുകൊണ്ടാണ് ജൂറി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കാലാവധി കഴിഞ്ഞ വിഷമിശ്രിതമാണ് വധശിക്ഷ നടപ്പാക്കാന്‍ ഉപയോഗിക്കുന്നതെന്നും പ്രതിയുടെ മാനസികനില തകരാറാണെന്നും പ്രതിക്കുവേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചുവെങ്കിലും സ്വീകരിച്ചില്ല. വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു പത്തുമിനിട്ടിനകം (9.40 രാത്രി) മരണം സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here