ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)ക്ക് പുതിയ നേതൃത്വം. പ്രമുഖ സാമൂഹിക സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകയായ ഡോ. സുജ. കെ. ജോസ് ആണ്പുതിയ പ്രസിഡന്റ്. രഞ്ജിത്ത് പിള്ളയെ സെക്രട്ടറിയായും ഐകകണ്‌ഠേന തെരഞ്ഞെടുത്തു. നിലവിലുള്ള ട്രഷറര്‍ പിന്റോ ചാക്കോയെ തല്‍സ്ഥാനത്ത് നിലനിര്‍ത്തി.

ഉമ്മന്‍ ചാക്കോ (അനില്‍)- വൈസ് പ്രസിഡന്റ്, ആന്റണി കല്ലുക്കാവുങ്കല്‍ -ജോയിന്റ് സെക്രട്ടറി, ഗാരി നായര്‍-ജോയിന്റ് ട്രഷറര്‍, എന്നിവരെയും തെരഞ്ഞെടുത്തു. മീഡിയാ കോര്‍ഡിനേറ്റര്‍ ആയി ഫ്രാന്‍സിസ് തടത്തിലിനെയും യൂത്ത് കോര്‍ഡിനേറ്റര്‍ ആയി ടോണി കല്ലുക്കാവുങ്കലിനെയും നിലനിര്‍ത്തി. എല്ലാ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഐക കണ്‌ഠേനയായിരുന്നുവെന്ന് തെരഞ്ഞെടുപ്പു പ്രക്രികയകള്‍ നിയന്ത്രിച്ച രാജു ജോയി അറിയിച്ചു. എക്‌സിക്യൂട്ടീവ് പുനഃസംഘടനയും പോഷക സംഘടനകളുടെ വിപുലീകരണവും പിന്നീട് നടത്തുന്നതാണെന്നും മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഷാജി വര്‍ഗീസ് അറിയിച്ചു.

ജനുവരി 28-ന് ന്യൂജേഴ്‌സിയില്‍ ഐസ്‌നോവര്‍ പാര്‍ക്ക് വേയിലുള്ള നൈറ്റ്‌സ് ഓഫ് ഹാളില്‍ നടന്ന മഞ്ച് വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തത്. 2018-2020 ഭരണസമിതി ഔദ്യോഗികമായി പിന്നീട് ചുമതലയേല്‍ക്കും.

ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സജിമോന്‍ ആന്റണി അധ്യക്ഷത വഹിച്ചു. 2016-2018 വര്‍ഷത്തില്‍ സജിമോന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെ ജനറല്‍ ബോഡി മുക്തകണ്ഠം പ്രശംസിച്ചു. ഡോ.സുജ.കെ.ജോസിന്റെ നേതൃത്വത്തിനുള്ള പൂര്‍ണ്ണ പിന്തുണയും ജനറല്‍ ബോഡി കരഘോഷത്തോടെ പ്രഖ്യാപിച്ചു.

മഞ്ചിന്റെ സ്ഥാപക അംഗവും കഴിഞ്ഞ ഭരണസമിതിയില്‍ സെക്രട്ടറിയായി മികച്ച സേവനം ചെയ്തതിനുള്ള അംഗീകാരമാണ് ഡോ.സുജയെ മഞ്ച് പ്രസിഡന്റ് പദവിയിലേക്ക് എത്തിച്ചത്. ഫിസിയോ തെറാപ്പിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ.സുജ സെന്റ് ബര്‍ണബാസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തില്‍ ഫിസിയോ തെറാപ്പിസ്റ്റായി സേവനം ആരംഭിച്ചു. തുടര്‍ന്ന് കരിയറിലെ പടവുകള്‍ ഓരോന്നായി ദൃതവേഗം ചവിട്ടിക്കയറിയ സുജ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോള്‍ ഹെല്‍ത്ത് ഫസ്റ്റ് റീഹാബിലിറ്റി സെന്റര്‍ ന്യൂജേഴ്‌സിയുടെ ഡയറക്ടര്‍ പദവി അലങ്കരിക്കുന്നു.

മഞ്ചിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം കൂടിയായ സുജ അഞ്ച് വര്‍ഷം മുമ്പ് മഞ്ച് എന്ന സംഘടന ആരംഭിക്കുമ്പോള്‍ ആദ്യ സംഘടനയിലെ ട്രഷറര്‍ ആയിരുന്നു. പിന്നീട് സെക്രട്ടറിയും ഇപ്പോള്‍ പ്രസിഡന്റുമായി.

ഫൊക്കാനയുടെ വിമന്‍സ് ഫോറം ന്യൂജേഴ്‌സി ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍, ഫൊക്കാന ന്യൂജേഴ്‌സി വനിതാവിഭാഗം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

അറിയപ്പെടുന്ന കലാകാരിയും സംഘടനാ പ്രവര്‍ത്തകയുമായ സുജ, നോര്‍ത്ത് അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് സഭ സണ്ടേ സ്്ക്കൂള്‍ പ്രിന്‍സിപ്പല്‍, വനിതാ സമാജം സെക്രട്ടറി, വനിതാസമാജം കോര്‍ഡിനേറ്റര്‍, ചര്‍ച്ച് ബോര്‍്ഡ് ഓഫ് ട്രസ്റ്റി എന്നീ സ്ഥാനങ്ങളില്‍ ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്. ന്യൂജേഴ്‌സിയില്‍ ലിവിംഗ്സ്റ്റണില്‍ സ്ഥിരതാമസമാക്കിയ സുജയുടെ ഭര്‍ത്താവ് ജോസ് ജോയി ആണ്. മൂന്ന് മക്കള്‍.

മികച്ച സംഘാടകനും സാമൂഹിക പ്രവര്‍ത്തകനുമായ രജ്ഞിത്ത് പിള്ള ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ്. മാവിലേക്കര സ്വദേശിയായ രഞ്ജിത്ത് 1999 ലാണ് അമേരിക്കയില്‍ കുടിയേറിയത്. ഐടി പ്രഫഷണലായ അദ്ദേഹം ഫിനാന്‍സില്‍ എംബി.എ. ബിരുദദ്ധാരിയാണ്. ന്യൂജേഴ്‌സിയിലെ റഥര്‍ഫോര്‍ഡ്സ്വദേശിയായ രഞ്ജിത്ത് 2015-ല്‍ റഥര്‍ഫോര്‍ഡ് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി.

നിലവില്‍ മഞ്ചിന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനം അലങ്കരിച്ച മികവാണ് അദ്ദേഹത്തിന് സെക്രട്ടറി പദവിക്ക് അര്‍ഹനാക്കിയത്. 2017 മുതല്‍ ന്യൂജേഴ്‌സി നായര്‍ മണ്ഡലം സെക്രട്ടറി, അതേ വര്‍ഷം മുതല്‍ റഥര്‍ഫോര്‍ഡ് മള്‍ട്ടികള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. മഞ്ചിന്റെ ഏറ്റവും മികച്ച സംഘാടകരിലൊരാളായ രഞ്ജിത്ത് ഫൊക്കാനയില്‍ മഞ്ചിനെ പ്രതിനിധീകരിച്ച് ഡെലിഗേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: രേഷ്മ, മകള്‍: അപര്‍ണ.

മഞ്ച് ട്രഷറര്‍ സ്ഥാനം വീണ്ടും അലങ്കരിക്കുന്ന പിന്റോ ചാക്കോ കണ്ണമ്പള്ളി മികച്ച സംഘാടകനും വിവിധ സംഘടനകളുടെ നേതൃസ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തിയുമാണ്. പ്രമുഖ ഐടി സ്ഥാപനമായ കോഗ്നിസന്റ് ടെക്‌നോളജിയില്‍ സീനിയര്‍ പ്രോജക്ട് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന പിന്റോ, ന്യൂജേഴ്‌സിയിലെ മോണ്ട് ക്ലെയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ്ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ബിരുദാനന്ദരബിരുദം നേടിയിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിസ് സെക്രട്ടറി നോര്‍ത്ത് അമേരിക്കന്‍ റീജിയന്‍ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള പിന്റോ മഞ്ചിനെ പ്രതിനിധീകരിച്ച് ഫൊക്കാനയില്‍ ഡലിഗേറ്റ് ആയും സംബന്ധിച്ചിട്ടുണ്ട്. റോയല്‍ ഇന്ത്യ ബിസിനസ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ പിന്റോ അമേരിക്കന്‍ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയാണ്.

 ഭാര്യ: മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ രാജശ്രീപിന്റോ. മക്കള്‍ ദേവ്, സാമീ.

മഞ്ച് വൈസ് പ്രസിഡന്റായി വീണ്ടും നിയമിതനായ ഉമ്മന്‍ ചാക്കോ (അനില്‍) മഞ്ചിന്റെ സ്ഥാപക നേതാവും ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമാണ്. ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു പാരമ്പര്യമുള്ള ഉമ്മന്‍ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി സേവനം അനുഷ്ഠിച്ചു വരവേ 1992 ലാണ് അമേരിക്കയില്‍ കുടിയേറിയത്. ഇപ്പോള്‍ വാള്‍സ്ട്രീറ്റില്‍ മെറിള്‍ ലിഞ്ചില്‍ ഐ.ടി.ഓപ്പറേഷന്‍ ഡയറക്ടര്‍. ന്യൂജേഴ്‌സിയിലെ റാന്‍ഡോള്‍ഫില്‍ താമസിക്കുന്ന ഉമ്മന്‍ ഒരു മികച്ച സംഘാടകനും സാംസ്‌കാരിക കാരുണ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഭാര്യ മഞ്ജുചാക്കോ: മൂന്നു മക്കള്‍.

ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി കല്ലുങ്കാവുങ്കല്‍ മഞ്ചിന്റെ ഏറ്റവും മികച്ച സംഘാടകരിലൊരാളാണ്. സംഘടനയെ പ്രതിനിധീകരിച്ച ഫൊക്കാന സമ്മേളനങ്ങളില്‍ പങ്കെടുത്തുള്ള അദ്ദേഹം നല്‍കിയ മികച്ച സേവനത്തിനുള്ള അംഗീകാരമാണ് ജോയിന്റ് സെക്രട്ടറി പദവി. ഭാര്യ: ലിസി ആന്റണി . മക്കള്‍: ടോണി , ടീന.

ജോയിന്റ്ട്രഷറര്‍ ആയി നിയമിതനായ ഗാരിനായര്‍ മഞ്ചിന്റെ സ്ഥാപക നേതാവും ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗവും ആണ്. ന്യൂ ജേഴ്‌സിയിലെ ഒരു പ്രമുഖ സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍ സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയ അദ്ദേഹം കമ്പനിയുടെ അമേരിക്കന്‍ പ്രൊജക്റ്റ് മാനേജ്‌മെന്റിന് നേതൃത്വം നല്‍കുന്നു.

കമ്പനിയുടെ വിവിധ തലങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി നേതൃത്വം നല്‍കി വരുന്ന മികച്ച ഒരു സംഘടാകാനും നേതാവുമാണ്. 

സൗത്ത് ജേഴ്‌സി ക്രിക്കറ്റ് ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ അദ്ദേഹം എംബിഎ ബിരുദധാരിയാണ്. കൂടാതെ 6 സിഗ്മ ഗ്രീന്‍ ബെല്‍റ്റ് , പ്രൊജക്റ്റ് മാനേജ്‌മെന്റിലും സര്‍ട്ടിഫിക്കറ്റകള്‍ നേടിയിട്ടുണ്ട്.

യൂത്ത് കോര്‍ഡിനേറ്റര്‍ ആയി നിയമിതനായ ടോണി മഞ്ച് നേതാവ് ആന്റണികല്ലങ്കാവുങ്കലിന്റെ മകനാണ്. മഞ്ചിലെ യുവരക്തത്തിലെ ഏറ്റവും ശക്തനായ സംഘടകന്‍ കൂടിയായ ടോണി മഞ്ചിനെ പ്രതിനിധികരിച്ചു ഫൊക്കാനയിലും പങ്കെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here