ഇര്‍വിംഗ് (ഡാലസ് ): ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ ഇന്ത്യന്‍ പൗരാവലി മഹാത്മാ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.

എഴുപതാമത് രക്തസാക്ഷിത്വ ദിനത്തില്‍ ഇര്‍വിംഗ് മഹാത്മാഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എ.പി.നഗ്രിത്ത് ‘ രഘുപതി രാഘവ രാജാറാം’ എന്ന കീര്‍ത്തനം ആലപിച്ചു.

ആയുധം എടുക്കാതെ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ നിരന്തരം സമരം നടത്തി ഇന്ത്യന്‍ സ്വാതന്ത്ര്യം ഒരു യാഥാര്‍ത്ഥ്യമാക്കിയ മഹാത്മാ ഗാന്ധിയുടെ മാതൃക ഇന്നത്തെ കാലഘട്ടത്തിലും അനുകരണീയമാണെന്ന് മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടക്കൂറ പറഞ്ഞു.

ആധുനിക യുഗത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു സന്ദേശം കൈമാറുക എന്നത് വളരെ എളുപ്പമാണെങ്കില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ് മഹാത്മജിയുടെ സന്ദേശം ലക്ഷകണക്കിന് ജനങ്ങളില്‍ (ഇന്ത്യയിലും വിദേശത്തും) എങ്ങനെ എത്തിക്കാന്‍ കഴിഞ്ഞു എന്നത് മഹാത്മജിയെ ലോകജനത എത്രമാത്രം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നുവെന്നതിന് തെളിവാണെന്നും ഡോ.പ്രസാദ് പറഞ്ഞു.

എഴുപതാം വയസ്സില്‍ മഹാത്മജി  ലോകത്തോട് വിട പറഞ്ഞുവെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നുവെന്ന് എം.ജി.എം.എന്‍.ടി ബോര്‍ഡ് ഡയറക്ടര്‍ കമാല്‍ പറഞ്ഞു. ശബ്‌നം, റാവു കല്‍വാല തുടങ്ങിയവരും അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here